നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും!; 360 ദിവസത്തെ 'ഒറ്റപ്പെടുത്തൽ പരീക്ഷണം'
Mail This Article
ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ എങ്ങനെ മനുഷ്യനെ ബാധിക്കും? ഇന്നും മനുഷ്യന് അനുഭവിച്ചറിയാത്ത ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്ന റഷ്യന്‍ പരീക്ഷണമാണ് SIRIUS പ്രൊജക്ട്. ഒരു വര്‍ഷം നീളുന്ന പരീക്ഷണമാണ് ആറു റഷ്യക്കാര്‍ സിരിയസ് 23 എന്നതിലൂടെ നടത്തുന്നത്. മോസ്കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ മെഡിക്കല്‍ പ്രോബ്ലംസില്‍(IBMS) നവംബര്‍ 14 മുതല്‍ ഈ അപൂര്‍വ്വ പരീക്ഷണം ആരംഭിച്ചു.
ദീര്‍ഘദൂര ബഹിരാകാശ യാത്രക്ക് സമാനമായ അനുഭവമായിരിക്കും ഒരു വര്‍ഷത്തേക്ക് പരീക്ഷണത്തിന് വിധേയരാവുന്ന റഷ്യന്‍ സംഘം അനുഭവിക്കുക. കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി മനുഷ്യരില്‍ ബഹിരാകാശ യാത്രകള്‍ എങ്ങനെ ബാധിക്കുന്നുവെന്ന വിഷയത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള റഷ്യന്‍ സ്ഥാപനമാണ് IBMP. IBMP ക്കൊപ്പം നാസയുടെ ഹ്യൂമന്‍ റിസര്‍ച്ച് പ്രോഗ്രാമും SIRIUS പ്രൊജക്ടിന്റെ ഭാഗമാവുന്നുണ്ട്. എങ്കിലും സാമ്പത്തികമായി നാസ സിരിയസ്-23 ദൗത്യത്തിന്റെ ഭാഗമാവുന്നില്ല.
നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്നതാണ് റഷ്യന്‍ സംഘം. ഇവര്‍ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള യാത്ര പോവുന്നതും ചന്ദ്രനു ചുറ്റും ഓര്‍ബിറ്ററില്‍ കറങ്ങുന്നതും പേടകത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതും തിരിച്ചു വരുന്നതിനുമായാണ് 360 ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘത്തിനുണ്ടാവും. പലതരത്തിലുള്ള സാങ്കേതികവും മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ ഇതിനിടെ സംഘാംഗങ്ങള്‍ നേരിടേണ്ടി വരും. ഉപകരണങ്ങള്‍ക്കു തകരാറു സംഭവിക്കുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറാവുകയും വ്യക്തികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കുമെന്ന് അറിയാന്‍ കൂടിയാണ് ഇങ്ങനെയൊരു പരീക്ഷണം റഷ്യ നടത്തുന്നത്.
പല മേഖലകളില്‍ കഴിവു തെളിയിച്ചവരുടെ സംഘമാണ് റഷ്യക്കാരുടേത്. ദൗത്യത്തിന്റെ കമാന്‍ഡറായ ഒലെഗ് ഒര്‍ലോവ് ഡോക്ടര്‍ കൂടിയാണ്. ഫ്ളൈറ്റ് എന്‍ജിനീയറായ അന്ന കികിന ബഹിരാകാശ യാത്രയില്‍ അനുഭവസമ്പത്തുള്ളയാളാണ്. മനശാസ്ത്രജ്ഞയും ഗവേഷകയുമാണ് ഡാരിയ സിഡോവ. ഓപറേറ്ററുടെ ജോലി ചെയ്യുന്ന യെവ്ജെനിയ ഇലിന്‍സ്കായ മാധ്യമപ്രവര്‍ത്തക കൂടിയാണ്. എന്‍ജിനീയറും പൈലറ്റുമായ അലക്സാണ്ടര്‍ സുവോറോവ് സര്‍ജനായ മാക്സിം ഖബാറോവ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ദൗത്യത്തിനിടെ സംഭവിക്കുന്ന വെല്ലുവിളികളെ മറികടക്കുന്നതിനു വേണ്ടിയാണ് ഇത്രയും വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചവരെ ഉള്‍പ്പെടുത്തിയതും.
നാലു ഘട്ടങ്ങളാണ് സിരിയസ് പ്രൊജക്ടിനുള്ളത്. 2017ല്‍ നടന്ന ആദ്യഘട്ടമായ സിരിയസ്-17 നീണ്ടു നിന്നത് 17 ദിവസമായിരുന്നു. രണ്ടാം ഘട്ടമായ 2019ല്‍ നടന്ന സിരിയസ് 19 ആകെ 120 ദിവസം നീണ്ടു. 2021ലെ സിരിയസ്-21 ആകെ 240 ദിവസം നീണ്ട പരീക്ഷണമായിരുന്നു. നാലാം ഘട്ടമാണ് ഏറ്റവും ദൈര്‍ഘ്യമുള്ളത്. സിരിയസ്-23 എന്നു പേരിട്ട ഈ ദൗത്യം 360 ദിവസം നീളുന്നതാണ്. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സഹായകരമായ നിര്‍ണായകമായ പല വിവരങ്ങളും ഈ റഷ്യന്‍ പരീക്ഷണം വഴി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.