ഇരിക്കുന്നിടം കുഴിച്ചു പോയാല്‍ ഭൂമിയില്‍ മറുപുറത്ത് എവിടെയെത്തും! രസകരമായ പരീക്ഷണം
Mail This Article
ഭൂമി കുഴിച്ചു പോയി മറുഭാഗത്തെത്തുകയെന്നത് എല്ലാവര്‍ക്കും ഒരു ബാല്യകാല ഓര്‍മയായിരിക്കും. പിന്നീട് പ്രായോഗിക ബോധം വളര്‍ന്നതോടെ അത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ അതും സാധ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ ഇരിക്കുന്നിടം കുഴിച്ചു പോയാല്‍ ഭൂമിയില്‍ മറുപുറത്ത് എവിടെയെത്തുമെന്ന് അറിയാനാവും.
സാധാരണ നമ്മള്‍ ഇന്ത്യക്കാര്‍ കുഴിച്ചുപോയാല്‍ അമേരിക്കയിലെത്തുമെന്ന പൊതുധാരണയുണ്ട് ഓസ്‌ട്രേലിയക്കാര്‍ക്ക് ഇത് യൂറോപാണ്. എന്നാല്‍ ഇത്തരം ധാരണകളില്‍പലതും തെറ്റാണെന്നും തിരിച്ചറിയാനാവും. antipodesmap.com എന്ന ഇന്ററാക്ടീവ് ഭൂപടമാണ് കുട്ടിക്കാലത്തെ മോഹം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
രണ്ടുഭാഗമായിട്ടാണ് ഇതില്‍ ഭൂപടം പ്രത്യക്ഷപ്പെടുന്നത്. ഇടതുവശത്തെ ഭൂപടത്തില്‍ നമ്മള്‍ എവിടെ നിന്ന് കുഴിച്ചു നോക്കാന്‍ ആഗ്രഹിക്കുന്നോ ആ പ്രദേശം കാണാനാവും. വലതുവശത്താണ് കുഴിച്ചു കുഴിച്ചു പോയാല്‍ ഭൂമിയുടെ നേരെ അപ്പുറത്തുള്ള പ്രദേശം ഏതാണെന്ന്. രണ്ടു ഭൂപടങ്ങളുടേയും മുകളിലായി നല്‍കിയിട്ടുള്ള സെര്‍ച്ച് ബോക്‌സില്‍ രാജ്യത്തിന്റേയോ നഗരത്തിന്റേയോ പേരു നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തണം. ശേഷം ഇടതുഭാഗത്ത് കുഴിച്ചു പോവുന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ തല ഒഴിച്ചുള്ള ഭാഗം നമ്മള്‍ പറഞ്ഞ ഭാഗത്ത് കാണാനാവും. അയാളുടെ തല ഭാഗം വലതുവശത്തെ ഭൂപടത്തിലാണ് തെളിയുക.
അങ്ങനെ വളരെയെളുപ്പം നമുക്ക് ഒറ്റക്ലിക്കില്‍ തന്നെ ഭൂമിയുടെ മറുപുറത്തെത്താനാവും. ഇന്ത്യയില്‍ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും കുഴിച്ചുപോയാല്‍ തെക്കേ അമേരിക്കയുടെ സമീപത്തെ സമുദ്രത്തിലായിരിക്കും അവസാനിക്കുക. ബ്രിട്ടനില്‍ നിന്നും ഭൂമിയുടെ മറുപുറം തിരഞ്ഞാല്‍ ന്യുസീലാന്‍ഡ് തീരത്തിലാണ് അവസാനിക്കുക. ഓസ്‌ട്രേലിയക്കാരും ഉത്തര അറ്റ്‌ലാന്റിക്കില്‍ അവസാനിക്കും. ചുരുക്കത്തില്‍ ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണെന്ന് വളരെയെളുപ്പം ആന്റിപോഡ്മാപ് വഴിയുള്ള തിരച്ചിലുകളിലൂടെ നമുക്ക് തിരിച്ചറിയാനാവും.
അതേസമയം ഭൂമിയുടെ മറുപുറം കരയുള്ള ചില രാജ്യങ്ങളും നഗരങ്ങളുമുണ്ട്. ന്യുസീലാന്‍ഡിലെ വലിയ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്നും ഭൂമി തുരന്നു പോയാല്‍ സ്‌പെയിനിലെ കൊരുന നഗരത്തിലെത്തും. ഇനി മാഡ്രിഡില്‍ നിന്നാണെങ്കില്‍ ന്യുസീലാന്‍ഡിലെ തന്നെ വെബറിലേക്കുമെത്തും. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പസഫിക് സമുദ്രത്തിലെ ആഡംസ്ടൗണ്‍ എന്ന കൊച്ചു ദ്വീപിന്റെ മറുപുറമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഖത്തറിലെ ദോഹയിലാണ് അവസാനിക്കുക.
ഹോങ്കോങിന് അര്‍ജന്റീന, ന്യുസീലാന്റിലെ നെല്‍സണ് പോര്‍ച്ചുഗലിലെ മൊഗാഡോറോ, ന്യുസീലാന്‍ഡിലെ തന്നെ വാന്‍ഗരായിക്ക് മൊറോക്കോയിലെ ടാന്‍ഗിയര്‍ എന്നിങ്ങനെ ഭൂമിയുടെ ഇരുപുറങ്ങളിലുമായുള്ള നഗരങ്ങള്‍ ആന്റിപോഡ്‌സ്മാപ് നമുക്ക് കാണിച്ചു തരും. പറമ്പില്‍ കുഴിച്ചു നോക്കി ഭൂമിയുടെ അപ്പുറത്തേക്ക് തുരങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എളുപ്പവും പ്രായോഗികവുമാണ് ഈ ഇന്ററാക്ടീവ് ഭൂപടങ്ങള്‍. ഇഷ്ടമുള്ള നഗരമോ രാജ്യമോ അടിച്ചു നോക്കി നിങ്ങള്‍ക്കും ഭൂമിയുടെ മറുപുറം തേടാം.