ആറുഗ്രഹങ്ങളുള്ള, സൗരയൂഥം പോലൊരു സംവിധാനം;ഭൂമിക്ക് 100 പ്രകാശവർഷം അടുത്ത്
Mail This Article
ഭൂമിക്ക് 100 പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥം പോലൊരു നക്ഷത്ര, ഗ്രഹ സംവിധാനത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗരയൂഥത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളായ എക്‌സോപ്ലാനറ്റുകളെ (പുറംഗ്രഹങ്ങൾ) കണ്ടെത്താൻ സഹായിക്കുന്ന ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഗ്രഹരൂപീകരണത്തെപ്പറ്റി പഠിക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്.
സൂര്യനെപ്പോലൊരു തിളക്കമാർന്ന നക്ഷത്രത്തെയാണ് ഈ 6 ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത്. എച്ച്ഡി110067 എന്നാണ് ഈ നക്ഷത്രത്തിനു പേരു നൽകിയിരിക്കുന്നത്. വടക്കൻ ആകാശത്ത് കാണപ്പെടുന്ന കോമ ബെറനീസസ് എന്ന താരാപഥത്തിലാണ് ഈ സംവിധാനം സ്ഥിതി ചെയ്യുന്നത്. ഭൂമിയെക്കാൾ വലുതും എന്നാൽ നെപ്റ്റിയൂണിനെക്കാൾ ചെറുതുമായ വലുപ്പമുള്ളതാണ് ഈ ഗ്രഹങ്ങൾ. ഓർബിറ്റൽ റിസണൻസ് എന്ന പ്രത്യേക ശൈലിയിലാണ് ഗ്രഹങ്ങൾ നക്ഷത്രത്തിനു ചുറ്റും ചലിക്കുന്നത്. ഏറ്റവും ഉള്ളിലുള്ള ഗ്രഹം 6 ഭ്രമണങ്ങൾ നടത്തുമ്പോൾ ഏറ്റവും പുറത്തുള്ളത് ഒരു ഭ്രമണം പൂർത്തിയാക്കും.
ഗ്രഹങ്ങൾ തമ്മിൽ തമ്മിൽ ഗുരുത്വബലവും ഏർപ്പെടുത്തുന്നുണ്ട്. പഠനഫലങ്ങൾ നേച്ചർ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.ഉള്ളിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹം 3 ഭ്രമണം നടത്തുമ്പോൾ മൂന്നാമത്തെ ഗ്രഹം രണ്ട് ഭ്രമണം പൂർത്തിയാക്കും. നാലാമത്തെ ഗ്രഹം 4 ഭ്രമണം പൂർത്തിയാക്കുമ്പോൾ അഞ്ചാമത്തേത് 4 ഭ്രമണം നടത്തും. കൃത്യമായ ഈ ഘടന മൂലം പല തവണ ഈ ഗ്രഹങ്ങൾ നേർരേഖയിലെത്തും.
ഈ ഗ്രഹസംവിധാനം 100 കോടി വർഷം മുൻപാണുണ്ടായതെന്ന് കരുതപ്പെടുന്നു. അന്നു മുതൽ ഇന്നുവരെ അധികം മാറ്റങ്ങളൊന്നും ഈ ഗ്രഹസംവിധാനത്തിന് ഉണ്ടായിട്ടില്ല.2020ൽ നാസയുടെ ടെസ് (ട്രാൻസിറ്റിങ് എക്‌സോപ്ലാനറ്റ് സർവേ) ഉപഗ്രഹമാണ് ആദ്യമായി ഈ ഗ്രഹസംവിധാനം കണ്ടെത്തിയത്. അന്നത്തെ വിവരങ്ങൾ ഉപയോഗിച്ചാണ് ഗ്രഹങ്ങളുടെ ഭ്രമണരീതികൾ ശാസ്ത്രജ്ഞർ മനസ്സിലാക്കിയത്.
തുടർപഠനത്തിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ചിയോപ്‌സ് എന്ന ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചു. ചിയോപ്‌സിൽ നിന്നുള്ള വിവരങ്ങളാണ് ഈ ഗ്രഹസംവിധാനത്തെക്കുറിച്ച് സമഗ്രമായ ധാരണ നൽകിയത്.
ഈ ഗ്രഹസംവിധാനത്തിലെ ഏറ്റവും അടുത്തുള്ള ഗ്രഹം 9 ഭൗമദിനങ്ങളെടുത്താണ് ഭ്രമണം നടത്തുന്നത്. ഏറ്റവും അകലെയുള്ളത് 55 ദിനങ്ങൾ നക്ഷത്രത്തെചുറ്റാനായി എടുക്കും. 167 ഡിഗ്രി സെൽഷ്യസ് മുതൽ 527 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലകളണ് ഗ്രഹങ്ങളിലുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.