ബുധനിലെ ഉപ്പു ഗ്ലേസിയര്‍ ജീവന്‍ ഒളിപ്പിച്ചിട്ടുണ്ടോ!, തേടുകയാണ് ശാസ്ത്രലോകം
Mail This Article
നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഗ്രഹമാണ് ബുധന്‍. സൂര്യനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ തന്നെ സാധ്യതകള്‍ ഏറെ കുറവെന്ന് കരുതിയിരുന്ന ബുധനിലും ജീവന് സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഭൂമിയിലെ ഉപ്പു ഗ്ലേസിയേഴ്‌സിന് സമാനമായവ ബുധനിലും കണ്ടെത്തിയിരുന്നു. ഭൂമിയിലെ ഉപ്പു ഗ്ലേസിയറില്‍ സൂഷ്മ ജീവികള്‍ ഉള്ളതിനാല്‍ സമാനസാഹചര്യമുള്ള ബുധനിലും ജീവന് സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
ബുധന്റെ ഉത്തരധ്രുവത്തിലാണ് ഉപ്പു ഗ്ലേസിയറുകളും ഗര്‍ത്തങ്ങളും കുന്നുകളുമുള്ളത്. തുടര്‍ച്ചയായി ബുധന്റെ ഉള്ളില്‍ നിന്നുള്ള കമ്പനങ്ങളോ ഉല്‍ക്കയോ ഛിന്നഗ്രഹമോ ഗ്രഹത്തിന്റെ മറുവശത്ത് വന്നിടിച്ചതോ ആവാം ഇങ്ങനെയൊരു പ്രകൃതിക്ക് കാരണമെന്നാണ് ശാസ്ത്രം കണക്കുകൂട്ടുന്നത്. എങ്കിലും ഇതിനു പിന്നിലെ കാരണം എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ബുധനിലെ ഉപ്പു ഗ്ലേസിയര്‍ ജീവന്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. 'ചിലിയിലെ അറ്റക്കാമ മരുഭൂമി പോലെ അത്യധികം പ്രതികൂലമായ സാഹചര്യങ്ങളിലും ജീവന്‍ കണ്ടെത്തിയിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളാണ് ബുധനിലെ ഉത്തരധ്രുവത്തിലുള്ളത്. ബുധന്റെ പ്രതലത്തില്‍ നിന്നും നിശ്ചിത അകലത്തില്‍ ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ കണ്ടേക്കാം. സൂര്യനില്‍ നിന്നും എത്ര അകലത്തിലാണ് ഗ്രഹം എന്നതല്ല ഗ്രഹത്തിന്റെ പ്രതലത്തില്‍ നിന്നും എത്ര ഉള്ളിലാണ് ജീവനുള്ള സാഹചര്യമെന്നാണ് കണക്കുകൂട്ടേണ്ടത്' പഠനത്തിന് നേതൃത്വം നല്‍കിയ പ്ലാനെറ്ററി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അലെക്‌സിസ് റോഡ്രിഗസ് പറയുന്നു.
നാസയുടെ മെസഞ്ചര്‍ പേടകം ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ബുധന്റെ ഉത്തര ധ്രുവത്തില്‍ ഉപ്പു ഗ്ലേസിയറുകളുണ്ടെന്ന് കണ്ടെത്തിയത്. ഭൂമിയെ അപേക്ഷിച്ച് ബുധനിലെത്തിയാല്‍ സൂര്യന്‍ മൂന്നു മടങ്ങ് വലിപ്പത്തിലും ഏഴു മടങ്ങ് തെളിച്ചത്തിലും കാണപ്പെടും. വളരെ ഉയര്‍ന്ന താപനിലയിലും ബുധനില്‍ ഉപ്പു ഗ്ലേസിയറുകള്‍ കണ്ടെത്തിയതു തന്നെ അത്ഭുതമായിരുന്നു. ഭൂമിയില്‍ വളരെയധികം വരണ്ട മേഖലയിലും ഉയര്‍ന്ന ചൂടുള്ള വെള്ളത്തിലും സൂഷ്മ ജീവികളെ കണ്ടെത്തിയിട്ടുണ്ട്. സമാനമായ ശേഷിയുള്ള സൂഷ്മ ജീവികളെ ബുധനിലും തേടുകയാണ് ശാസ്ത്രലോകം.