ADVERTISEMENT

അപൂർവമായ ഒരു ഘടനയോടെ വിദൂരഗ്രഹമായ യുറാനസിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസ. ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ്ബാണ് ഈ ചിത്രം പകർത്തിയത്. ഈ ഗ്രഹവുമായി ബന്ധപ്പെട്ടുള്ള നിരവധി വലയങ്ങൾ ചിത്രത്തിൽ ദൃശ്യമാണ്. എന്നാൽ ഏറ്റവും പ്രത്യേകതയുള്ളത് ഗ്രഹത്തിന്റെ ഉപരിതലത്തോട് ചേർന്നുള്ള സീറ്റ എന്ന വലയമാണ്. അതീവ നേർത്ത രീതിയിലുള്ള വലയമാണ് സീറ്റ.

സൗരയൂഥത്തിലെ വാതകഭീമൻ ഗ്രഹങ്ങളിലൊന്നാണ് യുറാനസ്.ശനിഗ്രഹത്തിനുള്ളതുപോലെ വലയങ്ങൾ യുറാനസ് കൂടാതെ ജൂപ്പിറ്റർ, നെപ്റ്റ്യൂൺ എന്നിവയ്ക്കുമുണ്ട്. പക്ഷേ ശനിയുടേതു പോലെ അത്ര തെളിഞ്ഞ രീതിയിലുള്ള വലയങ്ങളല്ല ഇവയുടേതൊന്നും. 13 വലയങ്ങളാണു യുറാനസിനുള്ളത്. ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ്. സൗരയൂഥത്തിലെ മൂന്നാമത്തെ വാതകഭീമനായ ഈ ഗ്രഹത്തിന്റെ പുറന്തോട് മുഴുവൻ  വാതകങ്ങൾ നിറഞ്ഞതാണ്.

സൗരയൂഥത്തിലെ ഏറ്റവും 'കൂളായ' കക്ഷിയാണു യുറാനസ്. –216 ഡിഗ്രി സെൽഷ്യസാണ് താപനില.17 ഭൗമമണിക്കൂർ ചേരുമ്പോൾ ഇവിടെ ഒരു ദിവസമാകും.ഭൂമിയിലെ 84 വർഷങ്ങൾ ചേരുന്നതാണ് ഇവിടത്തെ ഒരുവർഷം.വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള 27 ചന്ദ്രൻമാരും ഇവിടെയുണ്ട്. മണിക്കൂറിൽ 900 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിക്കുന്ന മഞ്ഞുകാറ്റുകൾ ഗ്രഹത്തിലുണ്ട്.

യുറാനസിനെ വലംവയ്ക്കുന്ന 27 ചന്ദ്രൻമാരിൽ നാലെണ്ണത്തിനുള്ളിൽ മഹാസമുദ്രങ്ങളുണ്ടെന്ന് നാസ ഗവേഷകരുടെ പഠനം. യുറാനസിന്റെ പ്രധാന ചന്ദ്രൻമാരായ ഏരിയൽ, ഉംബ്രിയേൽ, ടൈറ്റാനിയ,ഒബെറോൺ എന്നീ ചന്ദ്രൻമാർക്കുള്ളിലാണ് ഉപ്പുരസമുള്ള സമുദ്രഘടനകൾ സ്ഥിതി ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കിലോമീറ്ററുകളോളം ആഴമുള്ളതാണ് ഈ സമുദ്രങ്ങൾ.

എങ്ങനെയാകും ഈ സമുദ്രങ്ങൾ കടുത്ത തണുപ്പിനുള്ളിലും ശിതീകരിച്ച് കട്ടിയാകാതെ ദ്രാവകങ്ങളായി നിലനിൽക്കുന്നത്. പല കാരണങ്ങൾ ഇതിനായി പറയുന്നുണ്ട്. യുറാനസിന്റെ ചന്ദ്രൻമാർക്കുള്ളിൽ നിന്നുള്ള കടുത്ത ചൂടാണ് ഒരു കാരണമായി പറയുന്നത്. അതുപോലെതന്നെ ജലത്തിൽ സ്ഥിതി ചെയ്യുന്ന ഉപ്പുകൾ, മറ്റു ലവണങ്ങൾ, അമോണിയ തുടങ്ങിയവയും ഇത്തരമൊരു അവസ്ഥയ്ക്ക് വഴിവയ്ക്കാം. നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളാണ് യുറാനസിനെപ്പറ്റി കൂടുതൽ അറിവുകൾ പകർന്നത്. യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്.

English Summary:

NASA’s Webb Rings in Holidays With Ringed Planet Uranus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com