ഭൂമിയെ സമീപിച്ച രണ്ടാംചന്ദ്രൻ; ബഹിരാകാശ മാലിന്യത്തെ ലേസർ ഉപയോഗിച്ച് നശിപ്പിക്കും!
Mail This Article
ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഈ മാലിന്യത്തെ നശിപ്പിക്കാൻ ലേസർ അധിഷ്ഠിത വിദ്യ പ്രയോഗിക്കാനൊരുങ്ങുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്. സ്കൈപെർഫക്ട് ജെസാറ്റ് എന്ന സ്റ്റാർട്ടപ്പാണ് ഇതിനു പിന്നിൽ.കഴിഞ്ഞ വർഷം ബഹിരാകാശ മാലിന്യത്തെ നീക്കാനുള്ള ഒരു നൂതന പദ്ധതി നാസയും ആലോചിച്ചിരുന്നു
ലേസറുകളും പ്രത്യേക ഉപഗ്രഹങ്ങളും ഉപയോഗിച്ച് ബഹിരാകാശ മാലിന്യം നീക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് നാസ എത്തിയത്. ലേസറുകൾക്ക് ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് ബഹിരാകാശ മാലിന്യത്തെ ലക്ഷ്യം വയ്ക്കാൻ കഴിയും. ഫോട്ടോൺ പ്രഷർ, അബ്ലേഷൻ എന്നീ രണ്ടുതരം ലേസർ രീതികൾ പരീക്ഷിക്കാൻ നാസയ്ക്ക് ഉദ്ദേശമുണ്ട്.അബ്ലേഷൻ രീതിയിൽ കുറച്ചുകൂടി ശക്തമായ ലേസറുകളാകും ഉപയോഗിക്കപ്പെടുക.
ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള ലേസർ കൂടാതെ ബഹിരാകാശപേടകങ്ങളിൽ സ്ഥിതി ചെയ്യുന്ന തരത്തിലുള്ള സ്പേസ് ലേസറുകളും ഉപയോഗിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ഇവയ്ക്ക് കരുത്ത് കുറവാണെന്നതാണ് പ്രധാന പോരായ്മ.ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യം.ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്.ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.
ഭൂമിക്കുള്ളിലെയും അന്തരീക്ഷവായുവിലെയുമൊക്കെ മാലിന്യങ്ങൾ ചർച്ചയാകുമ്പോൾ ബഹിരാകാശ മാലിന്യത്തെക്കുറിച്ച് അധികം ബോധവൽക്കരണം അടുത്ത കാലം വരെ ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള മാലിന്യത്തിന്റെ ആഘാതം ഭൂമിയിലുമുണ്ട്.
ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയായ പോയിന്റ് നെമോയിൽ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ ധാരാളമായുണ്ട്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു പറയപ്പെടുന്നത്.പഴയ റഷ്യൻ സ്പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞവർഷം ചരിത്രത്തിലാദ്യമായി ബഹിരാകാശമാലിന്യത്തിന് (സ്പേസ് ഡെബ്രി) ഉത്തരവാദികളായവർക്ക് പിഴ ചുമത്തിയിരുന്നു. യുഎസ് അധികൃതർ ടിവി ഡിഷ് കമ്പനിക്കാണ് 1.2 കോടി രൂപയോളം പിഴ അധികൃതർ ചുമത്തിയത്. ബഹിരാകാശത്ത് ഉപയോഗശൂന്യമായി നിന്ന തങ്ങളുടെ ഉപഗ്രഹത്തെ ഫലപ്രദമായി ഡീ ഓർബിറ്റ് ചെയ്യാത്തതിനാണ് പിഴ.
ബഹിരാകാശ മാലിന്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രണ്ടാം ചന്ദ്രൻ.
ഹവായിയിലെ ഹേലെകല നിരീക്ഷണകേന്ദ്രത്തിന്റെ റഡാറിലാണ് ഇത് ആദ്യമായി പതിഞ്ഞത്.2020 സെപ്റ്റംബറിൽ. തിളക്കമേറിയ ഈ ബഹിരാകാശവസ്തു എന്താണെന്ന് ആർക്കും മനസ്സിലായില്ല. വാൽനക്ഷത്രമോ, അതോ ഛിന്നഗ്രഹമോ തുടങ്ങിയ അഭ്യൂഹങ്ങൾ എങ്ങും പരന്നു.
നിരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.ഭൂമിയെ സമീപിക്കുന്ന വസ്തു ഛിന്നഗ്രഹമോ മറ്റ് ബഹിരാകാശ വസ്തുവോ അല്ലെന്ന് ഇതിനിടയ്ക്ക് ശാസ്ത്രജ്ഞർക്ക് മനസ്സിലായി.കാരണം അതിന്റെ ചലനത്തിലെ പ്രത്യേകതയായിരുന്നു.കടുപ്പമേറിയ ഛിന്നഗ്രഹങ്ങളും മറ്റും പ്രത്യേകരീതിയിലാണ് ചലിക്കുന്നത്.ഇവയ്ക്ക് പതർച്ചകൾ കുറവായിരിക്കും.
എന്നാൽ രണ്ടാംചന്ദ്രനെന്നു വിളിക്കപ്പെട്ട എസ്ഒ 2020 നീങ്ങുന്നത് പൊള്ളയായ ഒരു വസ്തുവിനെ പോലെയായിരുന്നു.ബഹിരാകാശത്തിലെ സാഹചര്യങ്ങൾ മൂലം ധാരാളം പതർച്ചകൾ ഇതിന് ഏറ്റിരുന്നു.ഛിന്നഗ്രഹമോ വാൽനക്ഷത്രമോ സഞ്ചരിക്കുന്ന തീവ്രമായ വേഗതയിലായിരുന്നില്ല രണ്ടാംചന്ദ്രന്റെ സഞ്ചാരം.വളരെ പതുക്കെയായിരുന്നു ഇത്.
പിന്നെ എന്താണ് ഇത്?
ഒടുവിൽ നാസയുടെ ഇൻഫ്രറെഡ് ടെലിസ്കോപ് സൗകര്യവും ജെറ്റ് പ്രൊപ്പൽഷൻ സെന്ററിലെ വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തി.ഈ ബഹിരാകാശ വസ്തു നിർമിച്ചിരിക്കുന്നത് കല്ലും പാറയുമൊന്നും കൊണ്ടല്ല, മറിച്ച് നല്ല ഒന്നാന്തരം സ്റ്റീലുകൊണ്ടാണ്. അതിനർഥം ഇതൊരു മനുഷ്യനിർമിത വസ്തുവാണെന്നാണ്.966ൽ നാസ ചന്ദ്രനിലേക്കു വിട്ട സർവേയർ 2 എന്ന റോക്കറ്റിന്റെ ഭാഗമായിരുന്നു ഇത്.