മൊണാലിസയ്ക്ക് ജന്മം നൽകിയ ബഹുമുഖപ്രതിഭ; ശാസ്ത്രവും കലയും വഴങ്ങിയ ഡാവിഞ്ചി, ദുരൂഹ കഥകളും!
Mail This Article
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച ആ പ്രതിഷേധം നടന്നത്. ഫ്രഞ്ച് തലസ്ഥാനം പാരിസിലെ അതിപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അതിലും പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിനു നേരെ രണ്ട് വനിതാ ആക്ടിവിസ്റ്റുകൾ സൂപ്പ് വലിച്ചെറിഞ്ഞു. ലോക കലാ, സാംസ്‌കാരിക രംഗം മൊത്തത്തിൽ ഞെട്ടി. വിശ്വവിഖ്യാതമാണ് മൊണാലിസ. കലാപരമായ ദുരൂഹതകൾ മുതൽ രഹസ്യസംഘടനകളെയും അന്യഗ്രഹജീവികളെയും വരെ കുറിച്ചുള്ള വാദങ്ങൾ മൂലം വിചിത്ര പരിവേഷമുള്ള കലാസൃഷ്ടി.
പെയിന്റിങ്ങിനെക്കാൾ ഖ്യാതിയുള്ളയാളാണ് അതിന്റെ സ്രഷ്ടാവ്. കലയും ശാസ്ത്രവും എൻജിനീയറിങ്ങുമെല്ലാം ഒരു പോലെ വഴങ്ങിയ സാക്ഷാൽ ലിയണാഡോ ഡാവിഞ്ചി. പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ടസ്‌കൻ പട്ടണത്തിൽ സെർപിയറോ ഡാവിഞ്ചിയുടെയും കാറ്ററീന എന്ന പതിനഞ്ചുകാരിയായ അനാഥയുടെയും മകനായി ജനിച്ച ലിയണാഡോ അഞ്ചാം വയസ്സിൽ ഇറ്റലിയിൽ തന്നെയുള്ള വിൻസി പട്ടണത്തിലേക്കു താമസം മാറ്റി. 1519 മേയ് രണ്ടിന്, 67 ാം വയസ്സിൽ അന്തരിച്ചു. ഡാവിഞ്ചി അവസാനകാലത്തു ജീവിച്ചിരുന്ന ഫ്രാൻസിലെ ലൂർ താഴ്‌വരയിലുള്ള െസന്റ് ഫ്ലോറന്റീൻ ചാപ്പലിലെ സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കിയെന്നാണു കരുതപ്പെടുന്നത്.
മൊണാലിസ, അന്ത്യഅത്താഴം തുടങ്ങിയ വിശ്വപ്രസിദ്ധ ചിത്രങ്ങളിലൂടെയാണു ഡാവിഞ്ചി ഏറെ പ്രശസ്തനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ ചിത്രകാരനെന്നതിനപ്പുറമായിരുന്നു. മനുഷ്യ ശരീര ഘടനയെക്കുറിച്ചും പിൽക്കാലത്ത് യാഥാർഥ്യമായ ബൈസിക്കിൾ, ഹെലിക്കോപ്റ്റർ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയുടെ പ്രാഗ്‌രൂപങ്ങളുടെ സ്‌കെച്ചുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ പിറന്നു. അപാരമായ ബുദ്ധിശക്തിയും മാനസികശേഷിയും ഒത്തിണങ്ങിയ ഡാവിഞ്ചി നവോത്ഥാനശിൽപികളിലും പ്രമുഖനായിരുന്നു.
കോഡക്‌സ് ലീസസ്റ്റർ
അദ്ദേഹമെഴുതിയ കയ്യെഴുത്തു പുസ്തകങ്ങൾ വളരെ പ്രശസ്തമാണ്. കോഡക്‌സ് ലീസസ്റ്റർ എന്ന പുസ്തകമാണ് ഇക്കൂട്ടത്തിൽ ഏറ്റവും വിഖ്യാതം. 1506– 1510 കാലഘട്ടത്തിലാണ് ഇറ്റാലിയൻ ഭാഷയിലുള്ള ഈ ഗ്രന്ഥം ഡാവിഞ്ചി രചിച്ചത്. 4 ഭാഗങ്ങളായി 18 പേജു വീതം മൊത്തം 72 താളുകളുള്ള ഈ പുസ്തകത്തിൽ ഡാവിഞ്ചി തന്റെ ആശയങ്ങൾ കോറിയിട്ടു. ഒപ്പം അതിന്റെ ചിത്രങ്ങളും സ്‌കെച്ചുകളും. ഡാവിഞ്ചി എഴുതിയ 30 കയ്യെഴുത്ത് പ്രതികൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.
ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് കോഡക്‌സ് ലീസസ്റ്റർ. ഭൂഗുരുത്വബലം കണ്ടെത്തിയ ആളായി പറയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനെയാണ്. എന്നാൽ ന്യൂട്ടനും മുൻപ് ഡാവിഞ്ചി ഭൂഗുരുത്വബലം മനസ്സിലാക്കിയെന്ന് ഇടക്കാലത്തൊരു ഗവേഷണഫലം പുറത്തുവന്നിരുന്നു. ഒരു കുടത്തിൽനിന്നു മണൽത്തരികൾ താഴേക്കിട്ടുള്ള പഠനത്തെക്കുറിച്ച് ഡാവിഞ്ചി വരച്ച സ്‌കെച്ചുകളാണ് ഗവേഷണത്തിന് ആധാരം. കോഡക്‌സ് അരുൻഡ്രേൽ എന്ന ഡാവിഞ്ചിയുടെ കയ്യെഴുത്തുപുസ്തകത്തിലാണ് സ്‌കെച്ചുകൾ. പഠനത്തിന്റെ ആദ്യഘട്ടത്തിൽ മണൽത്തരികൾ താഴേക്കു വീഴുന്നതിന്റെ ചലനങ്ങൾ ഡാവിഞ്ചി അടയാളപ്പെടുത്തി വയ്ക്കുകയും ഇതിനു പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് അദ്ഭുതപ്പെടുകയും ചെയ്‌തെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇതെക്കുറിച്ച് ഒരു ഫോർമുല രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ഒടുവിൽ ഡാവിഞ്ചി ആ ശ്രമം ഉപേക്ഷിച്ചെന്ന് വിദഗ്ധർ പറയുന്നു.
ഡാവിഞ്ചിയുടെ ജനിതകഘടന കണ്ടെത്താനും പഠനങ്ങൾ നടന്നിട്ടുണ്ട്. ഇറ്റാലിയൻ ചരിത്രഗവേഷകരായ അലസാൻഡ്രോ വെസോസിയും ആഗ്‌നസ് സബാറ്റോയുമാണ് ഈ ശ്രമത്തിലേർപ്പെട്ടിരിക്കുന്നത്. ഡാവിഞ്ചിയുടെ പിന്തുടർച്ചക്കാരിൽ, 690 വർഷങ്ങളിലായി ജീവിച്ച 21 തലമുറകളിലും 5 കുടുംബത്താവഴികളിലും പഠനം നടത്തി ഡാവിഞ്ചിയുടെ വംശവൃക്ഷം ഇവർ രൂപപ്പെടുത്തി. ഡാവിഞ്ചിയുടെ വംശത്തിൽ പെട്ട 14 പുരുഷൻമാർ നിലവിൽ ലോകത്തു ജീവിച്ചിരിപ്പുണ്ടെന്ന് ഗവേഷണത്തിൽ തെളിഞ്ഞു.
ഡിഎൻഎ ഫീനോടൈപ്പിങ്
ഡാവിഞ്ചിയുടെ ജനിതകഘടന കണ്ടെത്തി വിലയിരുത്താൻ സാധിച്ചാൽ അദ്ദേഹത്തിന്റെ അഭൂതമായ കഴിവുകളെപ്പറ്റി മനസ്സിലാക്കാൻ നരവംശ ശാസ്ത്രജ്ഞർക്കു കഴിയുമെന്ന് അലസാൻഡ്രോ വെസോസിയും ആഗ്‌നസ് സബാറ്റോയും പറയുന്നു. ഡിഎൻഎ ഫീനോടൈപ്പിങ് എന്ന പ്രക്രിയ വഴി ഡാവിഞ്ചിയുടെ യഥാർഥ മുഖമെന്തെന്ന് അറിയാനും സാധിക്കും.
ഡാവിഞ്ചിയുടെ മൃതശരീരം അടക്കിയെന്നു കരുതപ്പെടുന്ന െസന്റ് ഫ്ലോറന്റീൻ ചാപ്പലിന് ഫ്രഞ്ച് വിപ്ലവകാലത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും പിന്നീട് ചാപ്പൽ പൊളിച്ചുമാറ്റുകയും ചെയ്തു. അപ്പോൾ അവിടത്തെ സെമിത്തേരിയിൽനിന്നു രണ്ടര നൂറ്റാണ്ടോളം പഴക്കമുള്ള ഒരു അസ്ഥികൂടവും കണ്ടുകിട്ടി. ഇത് സമീപത്തെ സെന്റ് ഹുബെർട് ചാപ്പലിലേക്കു കൊണ്ടുപോയി.
ഇത് ഡാവിഞ്ചിയുടെ അസ്ഥികൂടമാണെന്നാണു പൊതുവെ കരുതപ്പെടുന്നത്. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാൽ ഇക്കാര്യം ഉറപ്പിക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന പിൻതലമുറക്കാരിൽ നിന്നുള്ള വൈ ക്രോമസോം െസന്റ് ഫ്ലോറന്റീൻ ചാപ്പലിലെ അസ്ഥികളിൽ നിന്നുള്ള വൈ ക്രോമസോമുമായി സാമ്യമുണ്ടോയെന്നു നോക്കുകയാണ് ഗവേഷകരുടെ പ്രധാനലക്ഷ്യം.
പിതാക്കൻമാരിൽനിന്ന് ആൺമക്കളിലേക്കു പകർന്നുകൊടുക്കപ്പെടുന്ന ഈ ക്രോമസോം 25 തലമുറകൾ വരെ മാറ്റമില്ലാതെ തുടരുമെന്ന കണ്ടെത്തലിലാണ് അലസാൻഡ്രോ വെസോസിയും ആഗ്‌നസ് സബാറ്റോയും പ്രതീക്ഷയർപ്പിക്കുന്നത്.