ADVERTISEMENT

പതിവുപോലെ സ്കൂബ ഡൈവിങ് ന‌ടത്തുകയായിരുന്നു വർക്കലയിലെ വർക്കല വാട്ടർ സ്പോർട് ക്ലബ് അംഗങ്ങൾ. ഫെബ്രുവരി 2ന്  യാദൃച്ഛികമായാണ് ഒരു വലിയ കണ്ടെത്തല്‍ അവർ നടത്തിയത്. വർക്കലയ്ക്കും അഞ്ചുതെങ്ങിനുമി‌ടയിലുള്ള കടലാഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുളടഞ്ഞ കടലാഴങ്ങളിൽ 'ടൈറ്റാനിക്' കിടക്കുന്നതുപോലുള്ള ദൃശ്യമാണ് അവരുടെ ക്യാമറകളിലൂടെ പുറത്തെത്തിയത്. 

നഷ്, ഹാമിൽ, പ്രതീഷ്, മുഹമ്മദ് ആഷിക്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഡൈവിങ്ങിലെ പുതിയ സാധ്യതകൾ തേടുന്നതിനിടെയാണ് അവിചാരിതമായി കപ്പലിനരികിലെത്തിയതെന്നും ക്ലബിന്റെ അഡ്മിനിസ്ട്രേറ്റർ വിനോദ് രാധാകൃഷ്ണന്‍ മനോരമ ഓൺലൈനോടു പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് സംഘം കപ്പലിന്  അടുത്തെത്തിയത്. കപ്പല്‍ കണ്ടെത്തിയ വിവരം ടൂറിസം വകുപ്പിനെ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുന്നതിനായി സംഘം വീണ്ടും കപ്പലിന് അടുത്തേക്ക് പോകാൻ ഒരുങ്ങുകയാണ്.

ai-shipwreck - 1

 12 അടിയോളം പൊക്കവും 100 അടിയോളം നീളവുമുള്ള ലോഹ നിർമിത കപ്പലാണെന്നതു മാത്രമേ ഇവർക്കു പറയാൻ കഴിയുന്നൂള്ളൂ. ഗോപ്രോയിലാണ് ദൃശ്യങ്ങൾ പകർത്തിയത്. നെടുങ്കണ്ടം ബീച്ചിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, 50 മീറ്ററിൽ താഴെ മാത്രം ആഴത്തിലാണ് ഈ കപ്പല്‍ കണ്ടെത്തിയത്.

അഞ്ചുതെങ്ങ് കോട്ടയ്ക്ക് അടുത്തായുള്ള കടൽ മേഖലയിലാണ് കപ്പൽ കണ്ടെത്തിയതെന്നത് പ്രാധാന്യം വർധിപ്പിക്കുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുമായി കേരളം നടത്തിയ ആദ്യ വ്യാപാര ഉടമ്പടിയുടെ പ്രതീകമാണ് അഞ്ചുതെങ്ങ് കോട്ട. ഈസ്റ്റ് ഇന്ത്യ കമ്പനി 1684ൽ ആണ് കോട്ട നിർമിച്ചത്. കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട സ്ഥാപിച്ചത്. കമ്പനിയുടെ സൈനിക കേന്ദ്രം കൂടിയായിരുന്നു. അഞ്ചു തെങ്ങ് കോട്ടയിലേക്കുവന്ന കപ്പലാകാം കടലിന് അടിത്തട്ടിലുള്ളത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ

സുക്കറച്ചന്റെ കപ്പൽപ്പാര് ?

250 കൊല്ലമായി ഒരു കപ്പൽ അ‍ഞ്ചുതെങ്ങ് കടലിൽ മുങ്ങിക്കിടക്കുന്നതായുള്ള  വിവരങ്ങളുണ്ട്.ഒരു നൂറ്റാണ്ട് മുൻപ് ഇതിനെപ്പറ്റി സെബാസ്റ്റ്യൻ എന്ന സുക്കറച്ചൻ വിവരം നൽകിയിരുന്നതായി ജി ആർ ഇന്ദുഗോപൻ    മലയാള മനോരമ സൺഡേ പതിപ്പിൽ എഴുതിയ ആഴങ്ങളിലെ രഹസ്യങ്ങൾ പങ്ക് വച്ച ലേഖനത്തിൽ പറയുന്നു. റോബർട്ട് പനിപ്പിള്ള എന്ന അന്വേഷകൻ സ്ഥാപിച്ച ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫൈന്ന മുങ്ങൽ ടീം മുൻപ് ഈ  ഡച്ച് കപ്പലിന്റെ ചിത്രമെടുത്തിരുന്നത്രെ.ച്ച ആംസ്റ്റർഡാമിലെ വാർഫിൽ നിർമിച്ച ഈ കപ്പൽ 1754ൽ തദ്ദേശീയർ തീവച്ച് നശിപ്പിച്ചതിനെത്തുടർന്നാണ് കടലാഴങ്ങളിലേക്കു മറഞ്ഞത്.

ഉൾക്കടലിലെ കപ്പലുകൾ

നമ്മുടെ തീരക്കടലിൽ എത്ര കപ്പലുകള്‍ മുങ്ങിക്കിടപ്പുണ്ടാകും. മുൻപ് ആരെങ്കിലും ഇതൊക്കെ കണ്ടെത്തിയതാണോ? അതൊന്നും ആർക്കും തിട്ടമില്ല. മുൻപ് ആരെങ്കിലും ഇതു കണ്ടെത്തിയിരുന്നോ എന്നു തിരിച്ചറിയാനുള്ള രേഖകളും ലഭ്യമല്ല.

ഓർമയുണർത്തി കൈരളി, പക്ഷേ സാധ്യതയില്ല

കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന കൈരളി കപ്പലിന്റെ തിരോധാനമാണ് ഈ കപ്പൽ അവശിഷ്ടം കണ്ടെത്തിയപ്പോൾ പലരുടെയും മനസ്സിലേക്കെത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെ എങ്ങോട്ടോ മറഞ്ഞ കപ്പൽ. 

ഗോവയിൽനിന്ന് 1979 ജൂൺ മുപ്പതിന് 20,583 ടൺ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂത്തി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്‌റ്റോക്കിലേക്കു പുറപ്പെട്ടതാണ് എം.വി. കൈരളി. എം.വി. ഓസ്‌കോർസോർസ് എന്ന കപ്പൽ കേരള ഷിപ്പിങ് കോർപറേഷൻ വാങ്ങി പുനർനാമകരണം ചെയ്‌തതായിരുന്നു കൈരളി.

കപ്പലിനൊപ്പം കാണാതായത് ക്യാപ്‌റ്റൻ അടക്കം 49 പേരെയാണെന്നാണ് കെഎസ്‌ഐഎൻസി പുറത്തുവിട്ട വിവരം. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ 51 പേരെ കാണാതായതായി പറയുന്നു. യാത്ര തുടങ്ങി ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ കപ്പലിൽനിന്നു സന്ദേശങ്ങൾ ലഭിച്ചിരുന്നു. നാല്, അഞ്ച്, ആറ് തീയതികളിൽ കേരള ഷിപ്പിങ് കോർപറേഷൻ കപ്പലിലേക്കു സന്ദേശമയച്ചു. പക്ഷേ, മറുപടി കിട്ടിയില്ല.

ഇന്ധനം നിറയ്‌ക്കാൻ കൈരളി ജൂലൈ എട്ടിനു വടക്കുകിഴക്കൻ ആഫ്രിക്കയിലെ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. കപ്പൽ വന്നില്ലെന്നു ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതു ജൂലൈ പതിനൊന്നിനാണ്. നാവികസേന വിമാനങ്ങൾ ഉപയോഗിച്ചു വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

കാലാവസ്ഥ ശാന്തമായിരുന്നു

കപ്പൽ കാണാതായ സമയത്തു കാലാവസ്ഥ ശാന്തമായിരുന്നു. തിരച്ചിലിൽ കപ്പലിലെ വസ്‌തുക്കളോ എണ്ണയോ കടൽപ്പരപ്പിൽ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടില്ല. സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തെന്ന വാദം ശക്തമാണ്. കപ്പൽ തട്ടിയെടുത്തു രൂപമാറ്റം വരുത്താനോ പൊളിച്ചു വിൽക്കാനോ സാധ്യതകളുണ്ട്. ഏത് അപകടം കഴിഞ്ഞാലും അതു പുറം ലോകത്തിനു ബോധ്യപ്പെടുത്താൻ ഒരു തെളിവെങ്കിലും ബാക്കിയുണ്ടാകും. പക്ഷേ, കൈരളിയുടെ കാര്യത്തിൽ ഒരു തെളിവും ശേഷിച്ചിട്ടില്ല.

English Summary:

mystery awaits in the wreckage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com