2025ല്‍ യൂറോപ്പ് അതിശൈത്യത്തിലേക്കു നീങ്ങുമോ? സയന്‍സ് ഫിക്ഷന്‍ യാഥാര്‍ഥ്യമായേക്കാം
Mail This Article
അറ്റ്ലാന്റിക്കിലെ ഉഷ്ണജലപ്രവാഹമായ ഗള്‍ഫ് സ്ട്രീമിന്റെ ഒഴുക്ക് ഏതാനും വര്‍ഷത്തിനുള്ളില്‍ നിലച്ചേക്കാമെന്നും അത് ഉത്തരാർധ ഗോളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിച്ചേക്കാമെന്നും ഗവേഷകരുടെ മുന്നറിയിപ്പ്. ആഗോള താപനം മൂലം ഹിമപാളികള്‍ ഉരുകുന്നതാണ് ഗള്‍ഫ് സ്ട്രീമിനെ പ്രതികൂലമായി ബാധിക്കുക. നെതര്‍ലന്‍ഡ്‌സിലെ യുട്രക്ട് (Utrecht) സർവകലാശാലയിലെ ഗവേഷകര്‍ ഏതാനും ദിവസം മുമ്പ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം.
പഠനത്തിനു നേതൃത്വം നല്‍കിയ റെലെ വാന്‍ വെസ്റ്റേണ്‍ പറയുന്നത്, ഇത് എന്നു സംഭവിക്കുമെന്നു കൃത്യമായി പറയാനാവില്ലെങ്കിലും അധികം വൈകാൻ സാധ്യതയില്ലെന്നാണ്. ഇത് 2025 നും 2095 നും ഇടയില്‍ എന്നുവേണമെങ്കിലുമാകാം എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍, കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്, ഇത് 2025 ല്‍ ആരംഭിക്കുമെന്നാണ്.
സിനിമയിലെ പ്രവചനം യാഥാർഥ്യമാകുമോ?
2004 ല്‍ പുറത്തിറങ്ങിയ ‘ദ് ഡേ ആഫ്റ്റര്‍ ടുമോറോ’ എന്ന സിനിമ മനുഷ്യരാശിയെ ഹിമയുഗത്തിലേക്ക് തള്ളിവിടുന്ന കാലാവാസ്ഥാ മാറ്റത്തെക്കുറിച്ചാണ്. ഇതുവരെ അതൊരു സയന്‍സ് ഫിക്‌ഷനായാണ് കരുതിയിരുന്നത്. ഇനി അത് യാഥാർഥ്യമായേക്കാമെന്നു ഗവേഷകര്‍ പറയുന്നു.
എന്താണ് ഗള്‍ഫ് സ്ട്രീം?
മെക്‌സിക്കൻ ഉൾക്കടലിൽനിന്ന് ഉത്ഭവിച്ച് അറ്റലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്ന ഉഷ്ണജല പ്രവാഹമാണ് ഗള്‍ഫ് സ്ട്രീം. ഫ്‌ളോറിഡ കടലിടുക്കിലൂടെ ഒഴുകി വടക്കുപടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ ഇതിന് നോര്‍ത്ത് അറ്റ്ലാന്റിക് കറന്റ് എന്ന പേരു വീഴുന്നു. ഇത് സാധാരണഗതിയില്‍ 100 കിലോമീറ്റര്‍ വീതിയിലും 800-1200 മീറ്റര്‍ ആഴത്തിലും പ്രവഹിക്കുന്നു. ജലോപരിതലത്തില്‍ സെക്കന്‍ഡിൽ ഏകദേശം 2.5 മീറ്റര്‍ വേഗമാണ് ഇതിനുളളത്. ഫ്‌ളോറിഡ കടലിടുക്കിലൂടെ ഒരു സെക്കന്‍ഡില്‍ ഗള്‍ഫ് സ്ട്രീമില്‍ 30 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് കടന്നുപോകുന്നത്.
ഈ പ്രവാഹം നിലച്ചാലുണ്ടാകുന്ന സാഹചര്യത്തെയാണ് അറ്റലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്യുലേഷന്‍ (എഎംഒസി) എന്ന് വിശേഷിപ്പിക്കുന്നത്. വടക്കന്‍ പ്രദേശങ്ങളിലേക്ക് ചൂടുള്ള വെള്ളം പ്രവഹിപ്പിക്കുന്നത് ഗള്‍ഫ് സ്ട്രീമാണ്. യൂറോപ്പ്, യുകെ, അമേരിക്കയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളില്‍ എത്തുമ്പോള്‍ പ്രവാഹത്തിന്റെ ചൂടു നഷ്ടമായി ഉറയുന്നു. ഇങ്ങനെ ഐസ് ആയി ഉറയുന്ന സമയത്ത് കടല്‍ വെള്ളത്തില്‍ ഉപ്പ് ബാക്കിയാക്കുന്നു.
ഈ ഉപ്പ് മൂലം വെള്ളത്തിന്റെ സാന്ദ്രത വർധിക്കുന്നു. ഇത് കടലിന്റെ ദക്ഷിണ മേഖലയിലെ ആഴത്തിലേക്ക് പോകുന്നു. പിന്നീട് കടലിന്റെ ഉപരിതലത്തിലേക്കു വലിക്കപ്പെടുന്നു. അത് ഉപരിതലത്തിന് ചൂടു നല്‍കുന്നു. ഇതിനെയാണ് അപ്‌വെല്ലിങ് (upwelling) എന്നു വിളിക്കുന്നത്.
ശാസ്ത്രജ്ഞര്‍ കരുതുന്നത് ഉത്തരാർധ ഗോളത്തില്‍ ആവശ്യത്തിനു ചൂടു നല്‍കുന്നത് എഎംഒസിയാണെന്നാണ്. അതില്ലാതെ വന്നാൽ, യൂറോപ്പിന്റെ വലിയൊരു ഭാഗം കടുത്ത തണുപ്പിലേക്കു പോകാം. ഇതെല്ലാം വരുന്ന നൂറ്റാണ്ടുകളില്‍ മാത്രമേ സംഭവിക്കൂ എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ പുതിയ പഠനങ്ങള്‍ പറയുന്നത്, അടുത്ത പതിറ്റാണ്ടുകള്‍ തന്നെ ഇതിനു സാക്ഷിയായേക്കാമെന്നാണ്. ഒരുപക്ഷേ 2025 ല്‍ തന്നെ ഇതിനു തുടക്കമിട്ടേക്കാമത്രേ.