യഥാർഥത്തിൽ നടന്ന ഭ്രമയുഗം! സ്വപ്നങ്ങളെ വേട്ടയാടിയ‘ ദിസ് മാൻ’ സംഭവം, ചുരുളഴിഞ്ഞപ്പോൾ ഏവരും ഞെട്ടി
Mail This Article
ഇല്ലാത്ത ഒരാളിനെ ലോകമെങ്ങുമുള്ള മനുഷ്യർ ഒരേസമയം കാണുകയാണെങ്കിലോ? ആൻഡ്രേ നാറ്റെല്ല എന്ന വ്യക്തി ഒരു വെബ്സൈറ്റ് തുടങ്ങിയതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. നാറ്റെല്ല 2008ൽ പ്രത്യേക മുഖഭാവമുള്ള അജ്ഞാത വ്യക്തിയെ സ്വപ്നം കണ്ടത്രേ. അതിനു മുൻപ് ആൻഡ്രേയ്ക്കു പരിചയമുള്ള ആരുമായിരുന്നില്ല ആ വ്യക്തി.
തന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെട്ട് തനിക്ക് ഉപദേശങ്ങളും മറ്റും 'ദിസ് മാൻ' എന്ന ആ അജ്ഞാതൻ തന്നുവെന്ന് ആൻഡ്രേ പറഞ്ഞു. സ്വപ്നത്തിൽ അദ്ദേഹം അധികം സംസാരിച്ചിരുന്നില്ല. എന്നാൽ ഒരു വെബ്സൈറ്റ് തുടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതുപ്രകാരമാണ് ആൻഡ്രേ വെബ്സൈറ്റ് തുടങ്ങിയത്. നിങ്ങൾ ഈ മനുഷ്യനെ സ്വപ്നം കണ്ടിട്ടുണ്ടോ? എന്ന ചോദ്യവും ആ വെബ്സൈറ്റിൽ അദ്ദേഹം ഉയർത്തിയിരുന്നു.
അന്റാർട്ടിക്കയൊഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങിൽ നിന്ന് ദിസ് മാനെ സ്വപ്നം കണ്ടെന്നു പറഞ്ഞ് ഒരുപാടു പേർ മുന്നോട്ടു വന്നു. എന്നാൽ എല്ലാവർക്കും ദിസ് മാനിൽ നിന്ന്, ആൻഡ്രേയ്ക്കു ലഭിച്ചതുപോലെയുള്ള അനുഭവങ്ങളായിരുന്നില്ല ലഭിച്ചിരുന്നത്. ചിലരെ ദിസ് മാൻ ഭയപ്പെടുത്തിയിരുന്നു.
2009 ആയതോടെ വെബ്സൈറ്റ് വമ്പൻ ഹിറ്റായി. ആളുകൾ ഇതിലേക്ക് ഇരച്ചു കയറി. ഇരുപതു ലക്ഷം വരെ സന്ദർശകർ വെബ്സൈറ്റിനുണ്ടായി. ഇന്നത്തേതിൽ നിന്നു നോക്കുമ്പോൾ സമൂഹമാധ്യമങ്ങൾ അക്കാലത്തു പരിമിതമായിരുന്നു. എങ്കിലും സൈബർ ഇടങ്ങളിൽ ദിസ് മാൻ ഭീതിയുണ്ടാക്കിത്തുടങ്ങി. ദ വൈസ് തുടങ്ങി പ്രശസ്തമായ അമേരിക്കൻ മാസികകളൊക്കെ ദിസ്മാന്റെ ദുരൂഹകഥകളും ആൻഡ്രേ നാറ്റെല്ലയുടെ അഭിമുഖങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചു. ദിസ് മാനുവേണ്ടി ആളുകൾ പലരാജ്യങ്ങളിലും തിരച്ചിൽ നടത്തി. എന്നാൽ ആരെയും കിട്ടിയില്ല.
എന്നാൽ ഇതിനിടെ ചില സൈബർ വിദഗ്ധർ ദിസ് മാൻ എന്ന സങ്കൽപത്തിന്റെ കാര്യത്തിൽ സംശയാലുക്കളായി. അവർ ആൻഡ്രേ നാറ്റെല്ല തുടങ്ങിയ വെബ്സൈറ്റ് നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ആ ഞെട്ടിക്കുന്ന വിവരം വെളിവായത്. അതിബുദ്ധി ഉപയോഗിച്ചുള്ള ഒരു മാർക്കറ്റിങ് തട്ടിപ്പായിരുന്നത്രേ ദിസ്മാൻ.
ആൻഡ്രേ നാറ്റെല്ല ഒരു മാർക്കറ്റിങ് പ്രഫഷനലായിരുന്നു. തന്റെ ഏതോ ക്ലയന്റിന്റെ ഉത്പന്നം അയാൾക്കു മാർക്കറ്റ് ചെയ്യണമായിരുന്നു. അതിനായി ഒട്ടേറെ ആളുകളെ ഒരു വെബ്സൈറ്റിലേക്ക് ആകർഷിക്കണം. ഇതിനായി ആൻഡ്രേ കണ്ടെത്തിയ ബുദ്ധിയായിരുന്നു ദിസ് മാൻ. അങ്ങനെ ഒരാളുണ്ടായിരുന്നില്ല. എന്നാൽ വിവിധ ആളുകളും മാധ്യമപ്രവർത്തകരും പലകുറി ചോദിച്ചിട്ടും എന്തു സാധനം മാർക്കറ്റ് ചെയ്യാൻ വേണ്ടിയാണ് വെബ്സൈറ്റ് തുടങ്ങിയതെന്ന് ആൻഡ്രേ നാറ്റെല്ല ആരോടും പറഞ്ഞിട്ടില്ല.