ദുരൂഹ പ്രതിമകൾ നിറഞ്ഞ ദ്വീപിൽ ഒരു രഹസ്യഭാഷയും! അമ്പരന്ന് ഗവേഷകർ
Mail This Article
ലോകപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്.
ചിലെയുടെ പടിഞ്ഞാറൻ തീരത്തിനു 2200 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ റാപാ ന്യൂയി ഗോത്രത്തിലുള്ള ആളുകളാണ് മോഐ പ്രതിമകൾ എന്നറിയപ്പെടുന്ന ഈ കൽപ്രതിമകൾ നിർമിച്ചത്.
എഡി 1400–1650 കാലയളവിലായിരുന്നു വളരെ ശ്രമകരമായ രീതിയിൽ ഈ പ്രതിമകൾ നിർമിക്കപ്പെട്ടത്. റാനോ രറാക്കു അഗ്നിപർവതക്കുഴിയിൽ നിന്ന് പാറ ശേഖരിച്ചാണ് പ്രതിമകളുടെ നിർമാണം ഗോത്രവർഗക്കാർ നടത്തിയത്. ലാപിലി ടഫ് എന്നു പേരുള്ള അഗ്നിപർവത ചാരത്തിൽ നിർമിക്കപ്പെട്ടതാണ് ഈ പാറകൾ.
ഇതിനാലാണ് കൽപ്രതിമകൾക്ക് തീയിൽ നാശം സംഭവിച്ചതെന്ന് ഗവേഷകർ പറയുന്നു.63.2 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ 7,750 പേരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.ഇപ്പോഴിതാ ഈ ദ്വീപിനെക്കുറിച്ച് പുതിയൊരു കണ്ടെത്തൽ വന്നിരിക്കുകയാണ്. ഈസ്റ്റർ ദ്വീപിലെ ആദിമ അന്തേവാസികളായിരുന്ന റാപാ ന്യൂയി ഗോത്രക്കാർക്ക് രഹസ്യമായി ഒരു ഭാഷയുണ്ടായിരുന്നു എന്നതാണ് ഈ വെളിപ്പെടുത്തൽ.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ആളുകൾ ആദ്യമായി ഇവിടെ താമസിക്കാനെത്തിയത്. 120ൽ യൂറോപ്യൻമാർ എത്തി. തുടർന്ന് അന്തേവാസികളുടെ എണ്ണം കുറഞ്ഞു. പിന്നീട് 200 അന്തേവാസികളായി ചുരുങ്ങി.അന്തേവാസികൾ റൊംഗൊറൊംഗോ എന്നുപേരുള്ള എഴുത്തുചുരുളുകൾ വീടുകളിൽ സൂക്ഷിച്ചിരുന്നു. ഇവയിൽ ചിലത് യൂറോപ്യൻമാർ യൂറോപ്പിലേക്കു കൊണ്ടുപോയി. ഇത് പിന്നീട് അവിടെ മ്യൂസിയത്തിൽ കാലങ്ങളോളം സൂക്ഷിച്ചു.
തങ്ങളുമായുള്ള സഹവാസം കാരണമാണ് ഈ എഴുത്തുചുരുൾ ദ്വീപുവാസികൾ തയാറാക്കിയതെന്നായിരുന്നു യൂറോപ്യൻമാർ പൊതുവെ വിശ്വസിച്ചിരുന്നത്. എന്നാൽ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ഗവേഷണത്തിൽ ഇത് തനതായൊരു ഭാഷയാണെന്നും ഇതിന് ഒരുപാടു കാലത്തെ പഴക്കമുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ ആരുടെയും ശ്രദ്ധ നേടാതെ ഒരു സവിശേഷ ഭാഷ ഇത്രനാൾ മറഞ്ഞുകിടന്നു. ഈ എഴുത്തുചുരുളുകൾ തടിയിൽ നിന്നു നിർമിച്ചവയാണ്. ആഫ്രിക്കയിൽ വളർന്നിരുന്ന തടിയാണിതെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഒരുപക്ഷേ, സമുദ്രത്തിലൂടെയാകാം ഇവ ഒഴുകി എത്തിയത്.