ആകാശത്ത് ചിറകുവിരിച്ച പച്ചനിറത്തിലെ വമ്പൻ പക്ഷി, ചൊവ്വയിലെ പുളയുന്ന പാമ്പുകൾ; കൗതുക ചിത്രങ്ങൾ
Mail This Article
നാസ ആസ്ട്രോണമി പിക്ചർ ഓഫ് ദ ഡേ എന്ന പേരിൽ അവരുടെ വെബ്സൈറ്റിൽ ഒരു ചിത്രം പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപകരണങ്ങള്‍ പകർത്തുന്ന കമനീയമായ ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇത്തരത്തിൽ പുറത്തുവിട്ട ചിത്രങ്ങളിൽ ഫെബ്രുവരി 24ന് ഉള്ള ചിത്രം ശ്രദ്ധേയമായി. ഐസ്‌ലൻഡിലെ ആകാശത്ത് പച്ചനിറത്തിൽ പറക്കുന്ന ഒരു വമ്പൻ ഫീനിക്സ് പക്ഷിയെപ്പോലുള്ള ഘടന തെളിഞ്ഞതായിരുന്നു ഇത്.ഒറോറ അഥവാ ധ്രുവദീപ്തിയെന്ന പ്രതിഭാസമായിരുന്നു ഇത്. ഒറോറ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്.
ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് വയസ് 18, പ്രായം കൂടിയ ആൾക്ക് 82!
ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്. സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ഇവയുണ്ടാകുന്നത്. 2016ൽ പുലർച്ചെ മൂന്നരയോടെ സാധാരണഗതിയിലുള്ള ഒറോറ അടങ്ങിയ ശേഷമാണ് ഈ ഘടന ആകാശത്ത് പരന്നത്. ഒരു മിനിട്ട് മാത്രമാണ് ഇതു നീണ്ടുനിന്നതെന്നും നാസ അറിയിക്കുന്നു.
ചൊവ്വയിൽ പാമ്പുകൾ
ചൊവ്വയിലും അടുത്തിടെ ആകാശത്തിൽ പുളയുന്ന പാമ്പുകൾ പോലെ വിചിത്ര പ്രകാശഘടനകൾ കണ്ടെത്തിയിരുന്നു. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്.സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികൾ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ചൊവ്വയിൽ കണ്ടെത്തിയ ധ്രുവദീപ്തികളിൽ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടായിരുന്നു. ചില ദീപ്തികൾ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകൾക്കു മുകളിൽ മാത്രമാണുണ്ടാകുന്നത്. ഈ മേഖലകളിൽ കാന്തിക സ്വഭാവുമുള്ള ധാതുക്കൾ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികൾ. ചൊവ്വാഗ്രഹത്തെ ചുറ്റിനിൽക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളിൽ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്.