ചാക്കോമാഷിന്റെ സൗരയൂഥം! ഇവിടെ അന്യഗ്രഹജീവികളുടെ തെളിവ് അന്വേഷിച്ച് ഗവേഷകർ
Mail This Article
സ്ഫടികത്തിലെ ചാക്കോമാഷിനെ ഓർമയില്ലേ! പ്രപഞ്ചത്തിലെ ഓരോ സ്പന്ദനത്തിലും കണക്കുണ്ടെന്ന് കണ്ടെത്തിയ അധ്യാപകൻ. സ്പന്ദനം ഉണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് പോലെ കണക്കിന്‌റെ നിയമങ്ങൾ ഏറെ അനുസരിക്കുന്ന ഒരു താര- ഗ്രഹ സംവിധാനത്തെ ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.ഭൂമിയിൽ നിന്ന് 100 പ്രകാശവർഷമകലെയാണ് ഈ സംവിധാനം നിലനിൽക്കുന്നത്. സൗരയൂഥത്തിലെ നെപ്ട്യൂൺ ഗ്രഹത്തെക്കാളും ചെറുതായ 6 ഗ്രഹങ്ങളാണ് ഈ സംവിധാനത്തിലെ നക്ഷത്രത്തെ ചുറ്റുന്നത്. ഗണിതപരമായി വളരെ പൂർണതയുള്ള ഭ്രമണപഥങ്ങളിലാണ് ഇവയുടെ സഞ്ചാരം.
സ്വാഭാവികമായും ഗണിതപരമായി ഇത്രത്തോളം പെർഫക്ടായ സംവിധാനമുള്ളത് ശാസ്ത്രജ്ഞരുടെയും പ്രത്യേകിച്ച് അന്യഗ്രഹജീവൻ അന്വേഷിക്കുന്ന ശാസ്ത്രജ്ഞരുടെയും ശ്രദ്ധ ഇതിലേക്കു ക്ഷണിച്ചു. ഇവിടെ അന്യഗ്രഹജീവികളുണ്ടോയെന്ന നിരീക്ഷണങ്ങൾ നടക്കുകയാണ്. എച്ച്ഡി 110067 എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ നിന്നു സാങ്കേതികപരമായി വികാസം പ്രാപിച്ച അന്യഗ്രഹജീവികളുടെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
സാങ്കേതികപരമായി വികാസം പ്രാപിച്ച സമൂഹങ്ങളുണ്ടെങ്കിൽ അവ ഉപഗ്രഹങ്ങളും മറ്റ് ആശയവിനിമയ ഉപകരണങ്ങളുമൊക്കെ ഉപയോഗിക്കും. ഇതിൽ നിന്നുള്ള സിഗ്നലുകളും മറ്റും തെളിവുകളായി തങ്ങൾക്കു ലഭിക്കുമെന്നാണ് ഇവയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. ടെക്‌നോസിഗ്നേച്ചർ എന്നറിയപ്പെടുന്നവയാണ് ഇത്തരം തെളിവുകൾ.
എച്ച്ഡി 110067 സംവിധാനത്തിൽ നിന്ന് ഇത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നിർത്തില്ലെന്ന് ഗവേഷകർ പറഞ്ഞു. ഈ സംവിധാനത്തെ ഭൂമിയിൽ നിന്നു മികച്ച രീതിയിൽ വീക്ഷിക്കാൻ കഴിയും. അതിനാൽ ഇത്തരം തെളിവുകളുണ്ടെങ്കിൽ അതു തങ്ങൾക്ക് എളുപ്പം കിട്ടുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈ സൗകര്യമാണ് ഈ താര-ഗ്രഹ സംവിധാനത്തെ അന്യഗ്രഹജീവൻ അന്വേഷിക്കുന്ന ഗവേഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്.
സേർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്‌റലിജൻസ് എന്നാണ് ഭൂമിക്കു പുറത്തുള്ള ജീവനെക്കുറിച്ചുള്ള തിരച്ചിൽ അറിയപ്പെടുന്നത്. വലിയ റേഡിയോ ടെലിസ്‌കോപ്പുകളും മറ്റു സംവിധാനമൊക്കെ വച്ചാണ് ഈ രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം. ഇതുവരെ സ്ഥിരീകരിക്കപ്പെട്ട ഒരു വിവരങ്ങളും ഈ മേഖലയിലുള്ളവർക്ക് കിട്ടിയിട്ടില്ല. എങ്കിലും വലിയ ഫണ്ടിങ്ങോടെ ഗവേഷണം തുടരുന്നവരാണ് പല സേറ്റി സ്ഥാപനങ്ങളും.