നോവ വിസ്‌ഫോടനം കാണാനുള്ള അസുലഭ അവസരം! ഇനി കാണാൻ 80 വർഷം വേണം
Mail This Article
ഈ വർഷം ആകാശത്ത് ഒരു നോവ വിസ്‌ഫോടനം കാണാനുള്ള അസുലഭ അവസരം ആളുകൾക്ക് ലഭിക്കും. ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ചുവന്നഭീമൻ, വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ അടങ്ങിയതാണ് ഈ സംവിധാനം. വെള്ളക്കുള്ളൻ നക്ഷത്രം ചുവന്നഭീമനിൽ നിന്ന് നക്ഷത്രപിണ്ഡം ആർജിച്ചുകൊണ്ടിരിക്കും.
ആവശ്യത്തിനു വസ്തുക്കൾ ആർജിച്ചുകഴിഞ്ഞാൽ താര ഉപരിതലത്തിൽ കുറച്ചുനേരം നീണ്ടുനിൽക്കുന്ന പ്രകാശമുണ്ടാക്കും. ഇതാണ് നോവ വിസ്‌ഫോടനം.നോർത്തേൺ ക്രൗൺ എന്നുമറിയപ്പെടുന്ന കൊറോണ ബോറിയലിസ് താരസംവിധാനത്തിൽ ഈ വിസ്‌ഫോടനം കൃത്യമായി കാണാൻ സാധിക്കും. ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിലാകും ഇതു ദൃശ്യമാകുകയെന്ന് ഗവേഷകർ പറയുന്നു. കേവലം ഒരാഴ്ച മാത്രമാകും ഇതു നീണ്ടുനിൽക്കുക. അതിനു ശേഷം മങ്ങിപ്പോകും.
ഇത്തരം നോവ വിസ്‌ഫോടനങ്ങൾ ശരാശരി 80 വർഷങ്ങളുടെ ഇടവേളയിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അതായത്, ഇനി ഇതുപോലൊന്ന് കാണാൻ 80 വർഷം കാത്തിരിക്കണം. വാനനിരീക്ഷകർക്കും മറ്റും അസുലഭമായ ഒരു അവസരമാണ് വന്നിരിക്കുന്നതെന്ന് സാരം. ഒരു നക്ഷത്രത്തിന്‌റെ പ്രതീതി സൃഷ്ടിച്ചാകും ഈ വിസ്‌ഫോടനം ആകാശത്തു പ്രത്യക്ഷപ്പെടുക. 1946ലാണ് ഈ നോവ വിസ്‌ഫോടനം ഒടുവിലുണ്ടായത്. ബൂട്ട്‌സ്, ഹെർക്കുലീസ് എന്നീ നക്ഷത്രസംവിധാനങ്ങളുടെ ഇടയിലായാണ് കൊറോണ ബൊറിയാലിസ് സ്ഥിതി ചെയ്യുന്നത്.