ഭൂമിയുടെ രണ്ടിരട്ടി വലുപ്പം; വ്യാഴഗ്രഹത്തിൽ 350 വർഷമായി അലയടിക്കുന്ന വമ്പൻ കൊടുങ്കാറ്റ്
Mail This Article
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം പരിശോധിച്ചാൽ ചുവന്ന ഒരു പൊട്ടുപോലെ ഒരു ഘടന അതിൽ കാണാം. ഗ്രേറ്റ് റെഡ് സ്പോട് എന്നറിയപ്പെടുന്ന ഈ ഘടന യഥാർഥത്തിൽ ഒരു കൊടുങ്കാറ്റാണ്. 350 വർഷത്തിലേറെ പഴക്കമുള്ള ഈ കൊടുങ്കാറ്റ് മേഖലയ്ക്ക് ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുണ്ട്.
ഗ്രേറ്റ് റെഡ് സ്പോടിന്റെ കമനീയമായ ചിത്രങ്ങൾ എടുത്തിരിക്കുകയാണ് നാസയുടെ ജൂണോ പേടകം. 2011ലാണ് ജൂണോ പേടകം വ്യാഴത്തിലേക്കു പുറപ്പെട്ടത്. 2016ൽ 290 കോടി കിലോമീറ്റർ സഞ്ചരിച്ച് ജൂണോ വ്യാഴത്തിനരികെ എത്തി. വ്യാഴത്തിന്റെ പിറവിയും ഭൂമിയിൽ ജീവനുണ്ടാകാൻ വ്യാഴം പശ്ചാത്തലമൊരുക്കിയതും മറ്റും വിശദമായി പഠിക്കാനായിരുന്നു ജൂണോയുടെ ലക്ഷ്യം. റോമൻ ഐതിഹ്യത്തിലെ ജൂണോ ദേവതയുടെ പേരാണ് ദൗത്യത്തിന്.
.എന്നാൽ ഗ്രേറ്റ് റെഡ്സ്പോട് വൃത്തം കഴിഞ്ഞ 4 പതിറ്റാണ്ടായി ഒരുപാട് ചുരുങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം.സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ.
എവിടെയും പ്രത്യക്ഷമാകുന്ന നിഗൂഢ ലോഹസ്തംഭം
വ്യാഴത്തിന്‌റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു .ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്.സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്.
ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. ജൂപ്പിറ്ററിന്റെ ഉൾക്കാമ്പിൽ 35,000 ഡിഗ്രി സെൽഷ്യസാണു താപനില. പലപ്പോഴും ഭൂമിക്കു നേരെ വരുന്ന ചില ഭീകരൻ ഛിന്നഗ്രഹങ്ങളെ ജൂപ്പിറ്റർ വഴിതിരിച്ചുവിട്ടിട്ടുണ്ട്. 1994ൽ നമുക്ക് നേരെ വന്ന ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രത്തെ പിടിച്ചെടുത്തത് ജൂപ്പിറ്ററാണ്.
വ്യാഴത്തിന് ഒരു കാലത്ത് വലയങ്ങളുണ്ടായിരുന്നെന്നും ഇവ പിന്നീട് അപ്രത്യക്ഷമായതാണെന്നും ഇടയ്ക്ക് സിദ്ധാന്തങ്ങളുണ്ടായിരുന്നു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പകർത്തിയ വ്യാഴഗ്രഹത്തിന്റെ ചിത്രം ഇടയ്ക്കു ശ്രദ്ധേയമായിരുന്നു. ശനിയുടെ പോലെ വ്യക്തമല്ലെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനായ വ്യാഴത്തിന്റെ മങ്ങിയ നിലയിലുള്ള വലയങ്ങൾ ജയിംസ‌്‌വെബ് ചിത്രങ്ങളിൽ കാണാമായിരുന്നു.