ADVERTISEMENT

ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ കഴുതപ്പുലികളെ വേട്ടയാടി കൊന്ന് തോലുരിച്ച് വസ്ത്രമാക്കിയിരുന്നെന്ന് പുതിയ ശാസ്ത്രീയ പഠനം. സ്പെയിനിലെ ഐബീരിയ മേഖലയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ഇങ്ങനെ വസ്ത്രമുപയോഗിച്ചത്. പൊതുവെ മാനുകളുടെയും മറ്റും തോലാണ് ഇവർ വസ്ത്രമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊതുവെയുള്ള കരുതൽ.

നിയാണ്ടർത്താലുകളുടെ വേട്ടകേന്ദ്രമായിരുന്ന നാവൽമൈലോ റോക്ക് ഷെൽട്ടറിൽ നിന്നാണ് ഇതിനുള്ള തെളിവ് കണ്ടെത്തിയത്. ശരത്കാലത്തെ കൊടും തണുപ്പിനെ നേരിടാനായിരിക്കാം ഇവർ ഈ തോലുകൾ ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

Neanderthals-ai-1 - 1
Ai Generated Image Canva

അവശിഷ്ടങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്ന സ്‌കാവഞ്ചേഴ്‌സ് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മികച്ച വേട്ടക്കാരാണു കഴുതപ്പുലികൾ. സിംഹത്തേക്കാൾ മുൻപിൽ നിൽക്കും ഇവരുടെ വേട്ടയ്ക്കുള്ള പാടവം. കഴുതപ്പുലികളുടെ 74 ശതമാനവും വേട്ടയും ഫലപ്രാപ്തിയിലെത്തുമ്പോൾ സിംഹങ്ങളുടെ 30 ശതമാനം വേട്ടകളെ ഈ വിധത്തിൽ വിജയകരമാകാറുള്ളൂ. ഒറ്റയ്‌ക്കൊറ്റയ്ക്കു സിംഹവുമായി ഏറ്റുമുട്ടിയാൽ സിംഹത്തിനു കഴുതപ്പുലികളെ തോൽപിച്ച് കൊല്ലാൻ സാധിക്കും. എന്നാൽ കഴുതപ്പുലികൾ കൂട്ടമായാണ് മിക്കപ്പോഴും എത്തുന്നത്. സംഘടിതമായ കരുത്തിനു മുന്നിൽ പലപ്പോഴും സിംഹങ്ങൾ മുട്ടുമടക്കാറുണ്ട്. 

നിയാണ്ടർത്താലുകൾ തീ കത്തിച്ചു

ആധുനിക മനുഷ്യർക്കു(ഹോമോ സാപിയൻസ്) മുൻപേ നിയാണ്ടർത്താലുകൾ തീ കൊളുത്താൻ പഠിച്ചിരുന്നെന്ന് ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു . ഐബീരിയയിലെ ഗ്രൂട്ട ഡാ ഒളിവീറ ഗുഹയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകൾ അവശേഷിപ്പിച്ച വസ്തുക്കൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. കരിഞ്ഞ മൃഗ എല്ലുകളും കല്ലുപകരണങ്ങളും ചാരവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 70000 മുതൽ ഒരു ലക്ഷം വർഷങ്ങൾക്കു മുൻപ് വരെയാണ് ഈ ഗുഹയിൽ നിയാണ്ടർത്താലുകൾ ജീവിച്ചിരുന്നത്.നിയാണ്ടർത്താലുകൾക്ക് മുൻപുള്ള ആദിമനരവംശങ്ങളും തീ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് അവർ സൃഷ്ടിച്ചതായിരുന്നില്ല. കാട്ടുതീകളിൽ നിന്നും മറ്റും പകർത്തിയതാണ്. 

Image Credit: Ai Canva
Image Credit: Ai Canva

എന്നാൽ നിയാണ്ടർത്താലുകൾ തീ കത്തിച്ചു. ഒരു പക്ഷേ ആധുനിക മനുഷ്യവംശത്തിനും മുൻപേ. നിയാണ്ടർത്താലുകളുടെ ബുദ്ധിശക്തി അടയാളപ്പെടുത്തുന്ന സംഗതിയാണിതെന്ന് ഗവേഷകർ പറയുന്നു.തീരെ ബുദ്ധിയില്ലാത്ത, ആൾക്കുരങ്ങുകളെപ്പോലെ പെരുമാറുന്ന മനുഷ്യവംശമെന്നാണ് പലരും നിയാണ്ടർത്താലുകളെ കരുതിയിരിക്കുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധനം നടത്താനും കക്കകളെയും ഞണ്ടുകളെയും പോലുള്ള കട്ടിപ്പുറന്തോടുള്ള ജീവികളെ കൊന്നുഭക്ഷിക്കാനും അറിയാവുന്ന അവർ മനുഷ്യരെപ്പോലെ തന്നെ ബുദ്ധിയുള്ളവരായിരിക്കാം എന്ന ധാരണയിലേക്ക് ശാസ്ത്രലോകം എത്തുകയാണ്.

കേവ് സിംഹങ്ങളെ വേട്ടയാടി

നിയാണ്ടർത്താലുകൾ അതീവ അപകടകാരികളായ കേവ് സിംഹങ്ങളെ വേട്ടയാടിയിരുന്നെന്ന് അടുത്തിടെ  പഠനം പുറത്തിറങ്ങിയിരുന്നു. ജർമനിയിലെ ഹർസ് മലനിരകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.ഇന്നത്തെ കാലത്തെ സിംഹങ്ങളുടെ കുടുംബത്തിൽപെട്ട പ്രാചീനകാല ജീവികളാണ് കേവ് ലയണുകൾ അഥവാ കേവ് സിംഹങ്ങൾ.1.3 മീറ്റർ വരെ പൊക്കമുണ്ടായിരുന്ന ഇവ യൂറേഷ്യയുടെ വടക്കൻ മേഖലകളിലും വടക്കേ അമേരിക്കയിലും ധാരാളമായി ഉണ്ടായിരുന്നു. 

ആധുനിക മനുഷ്യവർഗം കഴിഞ്ഞാൽ, ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്. യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള ഭൂഭാഗത്തായിരുന്നു ഇവരുടെ അധിവാസമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.ജർമനിയിലെ നിയാണ്ടർ നദീ താഴ്‌വാരത്തു നിന്നാണ് ആദ്യമായി ഇവരുടെ ഫോസിലുകൾ കിട്ടിയത്. ഇങ്ങനെയാണു നിയാണ്ടർത്താൽ എന്ന പേര് ഈ മനുഷ്യവിഭാഗത്തിനു ലഭിച്ചത്.

Image Credit: Canva
Image Credit: Canva

 ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹ

ഭൂമിയിൽ നിന്നു മൺമറഞ്ഞുപോയ മനുഷ്യവംശമായ നിയാണ്ടർത്താലുകളുടെ അവസാന താവളമായിരുന്ന ഗുഹയറ ഇടക്കാലത്തു ഗവേഷകർ കണ്ടെത്തിയിരുന്നു. മെഡിറ്ററേനിയൻ കടലിലുള്ള സ്പെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹയാണിത്. 40000 വർഷങ്ങളായി ഈ അറ അടഞ്ഞുകിടക്കുകയായിരുന്നു. പ്രശസ്തമായ ജിബ്രാൾട്ടർ പാറയിലെ നാലു ഗുഹകളിൽ ഒന്നാണു വാൻഗാഡ്. 9 വർഷം നീണ്ടുനിന്ന ഗവേഷത്തിനൊടുക്കമാണു കണ്ടെത്തൽ നടത്തിയത്. നിയാണ്ടർത്താലുകൾ കൂട്ടമായി ജീവിച്ചിരുന്ന ആദിമ ഇടമാണു ജിബ്രാൾട്ടറെന്നു ശാസ്ത്രജ്ഞർക്കു നേരത്തെ അറിയാവുന്ന കാര്യമാണ്.

English Summary:

Neanderthals May Have Skinned Hyenas And Used Their Fur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com