പകൽ ഏതാനും നിമിഷങ്ങൾ 'രാത്രിയാകും'!; നാസയുടെ മൂന്നു റോക്കറ്റുകള്‍ അന്തരീക്ഷത്തിലെത്തും
Mail This Article
അപൂര്‍വ പ്രകൃതി പ്രതിഭാസം എന്നതിനൊപ്പം പല പരീക്ഷണങ്ങള്‍ക്കുമുള്ള അസുലഭ അവസരം കൂടിയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്കയും കാനഡയും മെക്‌സിക്കോയും അടക്കമുള്ള പ്രദേശങ്ങളില്‍ വരുന്ന ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. പകലിനെ ഏതാനും നിമിഷങ്ങൾ രാത്രിയാക്കി മാറ്റുന്ന ഈ അപൂര്‍വ്വ പ്രതിഭാസത്തിനായി കാത്തിരിക്കുന്നവരില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുമുണ്ട്. സൂര്യഗ്രഹണത്തിന്റെ സമയത്ത് മൂന്നു റോക്കറ്റുകള്‍ വിക്ഷേപിക്കാനാണ് നാസയുടെ തീരുമാനം.
വ്യക്തമായ ശാസ്ത്ര ലക്ഷ്യങ്ങളോടെയാണ് നാസ റോക്കറ്റുകള്‍ സൂര്യഗ്രഹണ സമയത്ത് വിക്ഷേപിക്കുന്നത്. പൊടുന്നനെ സൂര്യപ്രകാശം ഇല്ലാതാവുമ്പോള്‍ നമ്മുടെ ഭൂമിയുടെ വായുമണ്ഡലത്തിന് എന്തു സംഭവിക്കുന്നുവെന്ന് അറിയുകയാണ് ഇതില്‍ പ്രധാനം. പെട്ടെന്ന് സൂര്യ വെളിച്ചം പിന്‍വാങ്ങുകയും ഇരുട്ട് പരക്കുകയും ചെയ്യുന്നതോടെ അന്തരീക്ഷത്തിലെ ഊഷ്മാവ് പെട്ടെന്ന് താഴാറുണ്ട്. ഭൂമിയിലെ ജീവജാലങ്ങള്‍ പോലും സൂര്യഗ്രഹണ സമയത്ത് രാത്രി സമയത്തേതു പോലെ പ്രതികരിക്കാറുണ്ട്.
സൂര്യഗ്രഹണം ഭൂമിയില്‍ നടത്തുന്ന മാറ്റങ്ങളെക്കുറിച്ച് ധാരണകളുണ്ടെങ്കിലും അന്തരീക്ഷ പാളിയില്‍ എന്തു സംഭവിക്കുന്നുവെന്നത് സംബന്ധിച്ച് വലിയ ധാരണകളില്ല. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും ഉയരത്തില്‍ 90 മുതല്‍ 500 കിലോമീറ്റര്‍ വരെ ഉയരത്തില്‍ നീണ്ടു കിടക്കുന്ന അയണോസ്ഫിയര്‍ എന്ന പാളിയില്‍ സൂര്യഗ്രഹണ സമയത്തുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചാണ് നാസയുടെ റോക്കറ്റുകള്‍ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുക.
സൂര്യനില്‍ നിന്നുള്ള ശക്തമായ അള്‍ട്രാവയലറ്റ് കണികകള്‍ മൂലം അയണോസ്ഫിയറിലെ തന്മാത്രകള്‍ക്ക് അയോണീകരണം സംഭവിക്കാറുണ്ട്. ഈ അന്തരീക്ഷഭാഗത്തിന് വൈദ്യുത ചാലകതയുണ്ട്. അന്തരീക്ഷ വൈദ്യുതിയുണ്ടാക്കുന്നതിലും വിദൂര സ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതിലും അയണോസ്ഫിയറിന് പങ്കുണ്ട്.
'ചെറിയ അലകളുള്ള കുളമായി അയണോസ്ഫിയറിനെ സങ്കല്‍പിച്ചാല്‍ ആ കുളത്തിനു മുകളിലൂടെ പെട്ടെന്ന് ബോട്ട് ഓടിക്കുന്നതിന് തുല്യമായ മാറ്റങ്ങളാണ് സൂര്യഗ്രഹണത്തിന്റെ സമയത്ത് സംഭവിക്കുന്നത്. വളരെ വലിയ മാറ്റങ്ങള്‍ സൂര്യഗ്രഹണ സമയത്ത് ഭൂമിയുടെ ഈ അന്തരീക്ഷപാളിയിലുണ്ടാവുന്നുണ്ട്' എന്നാണ് എംബ്രേ റിഡില്‍ എയറോനോട്ടിക്കല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അരോ ബര്‍ജാത്യ പറഞ്ഞത്.
സൂര്യഗ്രഹണത്തിന് മുമ്പും സൂര്യഗ്രഹണ സമയത്തും സൂര്യഗ്രഹണം കഴിഞ്ഞും ഓരോ റോക്കറ്റ് വീതം വിക്ഷേപിക്കാനാണ് നാസയുടെ പദ്ധതി. റേഡിയോ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകളില്‍ സൂര്യഗ്രഹണം മൂലമുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനും ഈ റോക്കറ്റുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വഴി സാധിച്ചേക്കും. നാസയുടെ വെര്‍ജീനിയയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഈ പ്രദേശത്ത് ഏപ്രില്‍ എട്ടിന് സൂര്യഗ്രഹണ സമയത്ത് 81.4ശതമാനം സൂര്യപ്രകാശവും തടസപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഇതേ നാസ എന്‍ജിനീയര്‍മാരുടെ സംഘം കഴിഞ്ഞ ഒക്ടോബറിലും സമാനമായ പരീക്ഷണം നടത്തിയിരുന്നു. അന്ന് ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള 90 ശതമാനം വെളിച്ചവും തടഞ്ഞ സമയത്തായിരുന്നു പരീക്ഷണം. പെട്ടെന്ന് സൂര്യപ്രകാശം കുറയുന്നതു മൂലമുണ്ടാവുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ മൂലം റേഡിയോ, സാറ്റലൈറ്റ് ആശയവിനിമയത്തില്‍ തടസങ്ങളുണ്ടായെന്ന് അന്നത്തെ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ച ഏപ്രില്‍ എട്ടിനുള്ള പരീക്ഷണത്തില്‍ ഉണ്ടാവുമെന്നാണ് നാസ സംഘത്തിന്റെ പ്രതീക്ഷ.