കാബേജും ചീരയും പായലും;കൃഷിക്കിറങ്ങുകയാണ് നാസ, അതും അമ്പിളിമാമനിൽ!
Mail This Article
നട്ടു നനച്ചു വളര്‍ത്തിയവര്‍ക്കറിയാം ഒരു ചെടി വളര്‍ത്തിയെടുക്കാനുള്ള പെടാപ്പാടുകള്‍. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്‍ കൃഷിക്കിറങ്ങുകയാണ് നാസ. ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്‍ കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ കൂട്ടിയിട്ടുണ്ടാവും. ആദ്യഘട്ടത്തില്‍ പായലും കാബേജ് ഇനത്തില്‍ പെട്ട ബ്രാസിക്കയും പായലും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്താന്‍ ശ്രമിക്കുക.
2026ല്‍ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിലെ പ്രധാനപ്പെട്ട മൂന്നു പരീക്ഷണങ്ങളിലൊന്നായിരിക്കും ചന്ദ്രനിലെ ചെടിവളര്ത്തല്. ലൂണാര്‍ എഫക്ട്സ് ഓണ്‍ അഗ്രികള്‍ച്ചുറല്‍ ഫ്ളോറ അഥവാ LEAF എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേര്. ഭാവിയിലെ ചൊവ്വാ ദൗത്യം അടക്കമുള്ള അന്യഗ്രഹ ദൗത്യങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്‍ നാസയുടെ ലീഫ് പരീക്ഷണം വഴി ലഭിച്ചേക്കും.
കൊളറാഡോ ആസ്ഥാനമായുള്ള സ്പേസ് ലാബ് ടെക്നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്‍ ചന്ദ്രനിലെ സാഹചര്യത്തില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നായിരിക്കും പരീക്ഷിക്കുക. ചെറിയ ഗ്രോത്ത് ചേംബറുകളിലായിട്ടായിരിക്കും ഓരോ ചെടിയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്യും.
സൂര്യനില്‍ നിന്നുള്ള അമിത റേഡിയേഷനും സൂര്യപ്രകാശവും പൊടിയും മറ്റും തടഞ്ഞ് വളര്‍ച്ചക്ക് അനുകൂലസാഹചര്യങ്ങളൊരുക്കുകയാണ് ഈ ഗ്രോത്ത് ചേംബറുകളുടെ ലക്ഷ്യം. നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ലീഫ് പരീക്ഷണത്തിനായി മൂന്നു ചെടികള്‍ ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുത്തത്. ആശാളി എന്നറിയപ്പെടുന്ന ചീരയുടെ പ്രത്യേകത ഇതിന്റെ ജനിതക കോഡ് പൂര്‍ണമായും കണ്ടെത്തിയിട്ടുണ്ടെന്നതാണ്. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ലാത്ത പ്രദേശങ്ങളില്‍ സസ്യങ്ങളെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ അതിന്റെ ജനിതകഘടനക്ക് മാറ്റം വരുമെന്ന ആശങ്ക ശാസ്ത്രത്തിനുണ്ട്. ചന്ദ്രനില്‍ വളര്‍ത്തുന്ന ചീരയുടെ ഡിഎന്‍എ പരിശോധന വഴി ജനിതക മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാവും.
പ്രത്യേകം വേരുകളോ തണ്ടോ ഇല്ലാത്ത പായലാണ് ചന്ദ്രനിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയെളുപ്പം ഭൂമിയിലെ ജലാശയങ്ങളില്‍ പടര്‍ന്നു പിടിക്കുന്നവയാണിവ. പരിമിതമായ സാഹചര്യങ്ങളിലും ഈ പായലുകള്‍ക്ക് ചന്ദ്രനില്‍ വളരാനാവുമോ എന്നതാണ് പരീക്ഷണം. ഭൂമിയില്‍ പൊതുവേ ഇത്തരം പായലുകളെ കളകളായിട്ടാണ് കരുതുന്നതെങ്കില്‍ ചന്ദ്രനിലെത്തിയാല്‍ ഇവ മാംസ്യത്തിന്റേയും ഓക്സിജന്റേയും ഉറവിടമായി മാറും. ചന്ദ്രനിലെ ബ്രാസിക്ക കൃഷി വിജയിച്ചാല്‍ സഞ്ചാരികള്‍ക്ക് ഭക്ഷണത്തില്‍ പോഷണത്തിന്റെ കുറവുമുണ്ടാവില്ല.
ആദ്യമായല്ല ബഹിരാകാശത്ത് ചെടി വളര്‍ത്തുന്നത്. എന്നാല്‍ ചന്ദ്രനില്‍ സസ്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണം നാസ നടത്തുന്ന ആദ്യമായാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മുള്ളങ്കി മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ശാസ്ത്രജ്ഞര്‍ വളര്‍ത്തിയിട്ടുണ്ട്. 2019ല്‍ ചൈനീസ് ബഹിരാകാശ ഏജന്‍സിയുടെ ചാങ് ഇ 4 ദൗത്യത്തിനിടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പരുത്തി ഇനത്തില്‍ പെട്ട വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ അന്ന് ചെടി വളര്‍ത്താനുള്ള ചേംബറിന്റെ തെര്‍മല്‍ കണ്ട്രോള് സംവിധാനത്തിനുണ്ടായ കുഴപ്പം അപ്രതീക്ഷിത തിരിച്ചടിയാവുകയും പരീക്ഷണം ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ടി വരികയുമായിരുന്നു.