ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പൂർത്തിയായി! 3200 മെഗാപിക്സൽ റസല്യൂഷൻ; സെൽഫിക്കല്ല സ്പേസിലേക്കാ...
Mail This Article
നിങ്ങളുടെ മൊബൈൽ ക്യാമറ എത്ര മെഗാപിക്‌സലാണ്? എന്നാൽ യുഎസിൽ കഴിഞ്ഞദിവസം പൂർത്തീകരിച്ച ഒരു വമ്പൻ ഡിജിറ്റൽ ക്യാമറ 3200 മെഗാപിക്‌സലുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയെന്നു വിളിക്കാവുന്ന ഇതിന്റെ പേര് ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം അഥവാ എൽഎസ്എസ്ടി എന്നാണ്. ഡിജിറ്റൽ ക്യാമറ എന്നൊക്കെ പറയുമ്പോൾ ഇതു സെൽഫിയെടുക്കാനാണെന്നു വിചാരിക്കേണ്ട കേട്ടോ. ഇതൊരു ബഹിരാകാശ ക്യാമറയാണ്. താമസിയാതെ ഇത് ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകും.
തെക്കൻ ആകാശത്തിന്റെ കമനീയ ചിത്രങ്ങളെടുക്കുകയും തമോർജം, തമോദ്രവ്യം എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്യും.3000 കിലോയാണ് ഈ ക്യാമറയുടെ ഭാരം. ഇതിൽ നിന്നുണ്ടാകുന്ന ചിത്രങ്ങൾ വളരെ വളരെ വലുതാണ്. ഒരൊറ്റ ചിത്രം പ്രദർശിപ്പിക്കാൻ തന്നെ 378 ഫോർകെ സ്‌ക്രീനുകൾ വേണം. ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ ഒബ്‌സർവേറ്ററിയുമായുള്ള കൂട്ടിച്ചേർക്കലും നടക്കുന്നതോടെ ഏറ്റവും വിവരങ്ങൾ ലഭിക്കുന്ന ആകാശചിത്രങ്ങൾ നമുക്ക് ലഭിക്കുമെന്ന് പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസിക് പറഞ്ഞു.
ക്യാമറയ്ക്ക് രണ്ട് ലെൻസുകളുണ്ട്. ഒരെണ്ണത്തിന്‌റെ വീതി 1.5 മീറ്ററാണ്. രണ്ടാമത്തേതിന് മൂന്നടിയാണ് വലുപ്പം. ഈ ക്യാമറയുടെ ഫോക്കൽ പ്ലെയിനാണ് ഏറ്റവും ഗംഭീരം. 201 സിസിഡി സെൻസറുകൾ ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇത്തരം സവിശേഷതകളെല്ലാം ചേർന്നാണ് വിപ്ലവാത്മകമായ റസല്യൂഷൻ ഈ ക്യാമറയ്ക്കു നൽകുന്നത്. 25 കിലോമീറ്റർ അകലെയുള്ള ഒരു ഗോൾഫ് ബോളിന്റെ എല്ലാ ഫീച്ചറുകളും കാണിക്കുന്ന ചിത്രങ്ങളെടുക്കാൻ ഇതുവഴി സാധിക്കും.
പ്രപഞ്ചത്തിലെ വിവിധ ഗാലക്‌സികൾ കോടിക്കണക്കിന് വർഷങ്ങളുടെ ഇടവേളകളിൽ എങ്ങനെയൊക്കെ മാറി മറിഞ്ഞെന്നുള്ള വിവരം ഈ ക്യാമറ നൽകും. പ്രപഞ്ചത്തിലെ ദുരൂഹമായ സൂപ്പർനോവ വിസ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതു നൽകും. അടുത്ത വർഷം ജനുവരിയിൽ ഈ ക്യാമറയിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‌റെ പ്രതീക്ഷ.