ADVERTISEMENT

ഈജിപ്തില്‍ കണ്ടെത്തിയിട്ടുള്ള മമ്മികളില്‍ ഏറ്റവും പ്രസിദ്ധം തുത്തന്‍ഖാമന്റേതാണ്. 1922ല്‍ ഈ കല്ലറ കണ്ടെത്തിയ പര്യവേഷകസംഘത്തിലെ പലരും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നത് തുത്തന്‍ഖാമനേയും മമ്മികളേയും കുറിച്ചുള്ള കുപ്രസിദ്ധി വര്‍ധിപ്പിച്ചു. അന്ന് തുത്തന്‍ഖാമന്റെ മമ്മി കണ്ടെത്തിയവരുടെ മരണ കാരണം പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് റോസ് ഫെല്ലോവെസ് എന്ന ഗവേഷകന്‍. ജേണല്‍ ഓഫ് സയന്റിഫിക് എക്‌സ്‌പ്ലൊറേഷനിലാണ് പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

3,200ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച് അടച്ചു സൂക്ഷിച്ച തുത്തന്‍ഖാമന്റെ ശവകുടീരത്തില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ നിന്നുള്ള ഹാനികരമായ റേഡിയേഷനുകളും മറ്റു വിഷങ്ങളുമാണ് പര്യവേഷകരുടെ ജീവനെടുത്തതെന്നാണ് കണ്ടെത്തല്‍. തുത്തന്‍ഖാമന്റെ ശവകുടീരത്തില്‍ നിന്നുള്ള റേഡിയേഷന്റെ അളവ് മനുഷ്യരെ രോഗികളാക്കാനും അര്‍ബുദം അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്നും ഫെല്ലോവെസ് ചൂണ്ടിക്കാണിക്കുന്നു. 

Tomb of Tutankhamun, Luxor, Egypt. Photo Credits/ Shutterstock.com
Tomb of Tutankhamun, Luxor, Egypt. Photo Credits/ Shutterstock.com

'ഇപ്പോഴത്തേയും പഴയകാലത്തേയും ഈജിപ്തിലെ നിവാസികള്‍ക്കിടയില്‍ രക്താര്‍ബുദത്തിന്റേയും മറ്റ് അര്‍ബുദങ്ങളുടേയും തോത് കൂടുതലാണ്. അമിതമായി അപകടകരമായ റേഡിയേഷന്‍ ഏല്‍ക്കുന്നതു മൂലമാണിതെന്നാണ് കരുതപ്പെടുന്നത്. ഈജിപ്തിലെ ഗിസയും സാക്കറയും അടക്കമുള്ള പ്രദേശങ്ങളിലെ ഫറവോകളുടെ ശവകുടീരങ്ങള്‍ക്ക് സമീപവും അസ്വാഭാവിക റേഡിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്' പഠനം പറയുന്നു. 

പൗരാണിക ഈജിപ്തുകാര്‍ക്ക് മാരകമായ പ്രത്യാഘാതത്തിന് കാരണമാവുന്ന റേഡിയേഷന്‍ വമിക്കുന്ന വസ്തുക്കളെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്നു വേണം കരുതാന്‍. തുത്തന്‍ഖാമന്റെ അടക്കമുള്ള കല്ലറകളില്‍ തുറക്കരുതെന്നു കാണിച്ച് എഴുതി വെച്ചിരുന്ന സന്ദേശങ്ങള്‍ ഇതിന്റെ സൂചന നല്‍കുന്നുണ്ട്. അവസാന ഉറക്കത്തിലുള്ള രാജാവിനെ ശല്യപ്പെടുത്താനായി ശവക്കല്ലറ തുറക്കുന്നവരെ ഒരു ഡോക്ടര്‍ക്കും ഭേദമാക്കാന്‍ സാധിക്കാത്ത അസുഖം ബാധിക്കുമെന്നായിരുന്നു പൗരാണിക ഈജിപ്ഷ്യന്‍ ലിപികളില്‍ രേഖപ്പെടുത്തിയിരുന്നത്. 

Photo Credit :  JK21 / Shutterstock.com
Photo Credit : JK21 / Shutterstock.com

1922ല്‍ തുത്തന്‍ഖാമന്റെ കല്ലറ തുറന്ന സംഘത്തെ നയിച്ച കാര്‍ണര്‍വോന്‍ പ്രഭുവും പര്യവേഷണ സംഘത്തിലെ അംഗങ്ങളും പിന്നീട് മരിച്ചത് മമ്മികളെ ചൊല്ലിയുള്ള ഭീതികള്‍ വര്‍ധിപ്പിച്ചു. തുത്തന്‍ഖാമന്റെ ശവക്കല്ലറ തുറന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ കാര്‍ണര്‍വോന്‍ മരിച്ചു. തുത്തന്‍ഖാമന്റെ ശവക്കല്ലറയിലേക്ക് ആദ്യം കടന്ന ഹൊവാര്‍ഡ് കാര്‍ട്ടര്‍ക്ക് അര്‍ബുദം 1939ല്‍ സ്ഥിരീകരിച്ചു. തുത്തന്‍ഖാമന്റെ ശവക്കല്ലറ തുറക്കുമ്പോള്‍ ഉണ്ടായിരുന്ന 26 പേരില്‍ ആറു പേര്‍ പത്തു വര്‍ഷത്തിനുള്ളില്‍ പല കാരണങ്ങളാല്‍ മരിച്ചിരുന്നു. ശ്വാസംമുട്ടല്‍, അര്‍ബുദം, പക്ഷാഘാതം, ഹൃദയാഘാതം, ന്യുമോണിയ, വിഷം ഉള്ളില്‍ ചെന്ന്, മലേറിയ, എക്‌സ് റേ കിരണങ്ങള്‍ വലിയ തോതില്‍ ഏറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായിരുന്നു മരണ കാരണങ്ങള്‍. 

തുത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയതോടെയാണ് ഈജിപ്തിലേക്ക് മമ്മി കാണാനായി സഞ്ചാരികളുടെ വലിയ പ്രവാഹമുണ്ടാവുന്നത്. ആദ്യമായി കാര്യമായ നാശങ്ങളില്ലാത്ത ഒരു ഈജിപ്ഷ്യന്‍ ഫറവോ ചക്രവര്‍ത്തിയുടെ മമ്മി ലോകത്തിന് ലഭിക്കുന്നത് അന്നായിരുന്നു. ഈ മമ്മിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന ദുരൂഹതകളും വലിയ തോതില്‍ പ്രചരിച്ചു. സ്വര്‍ണവും പ്രതിമകളും പാത്രങ്ങളും വിചിത്ര മൃഗങ്ങളും അടക്കം അയ്യായിരത്തിലേറെ വസ്തുക്കളാണ് തുത്തന്‍ഖാമന്റെ കല്ലറയില്‍ നിന്നും ലഭിച്ചിരുന്നത്. പത്തു വര്‍ഷമെടുത്തു ഈ കല്ലറയുടെ പര്യവേഷണം പൂര്‍ത്തിയാവാന്‍. 

ഒമ്പതോ പത്തോ വയസു മാത്രമുള്ളപ്പോള്‍ ഈജിപ്തിന്റെ ഭരണാധികാരിയായ ഫറവോയായിരുന്നു തുത്തന്‍ഖാമന്‍. ബിസി 1332 മുതല്‍ ബിസി 1323 വരെ ഭരിച്ച തുത്തന്‍ഖാമന്‍ 18ാം വയസില്‍ അന്തരിച്ചു. മരണകാരണം വ്യക്തമാക്കുന്ന രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പിന്നീട് കല്ലറയുടെ പേരിലാണ് തുത്തന്‍ഖാമന്‍ വിഖ്യാതനാവുന്നത്. എങ്കിലും തുത്തന്‍ഖാമന്റെ മാതാപിതാക്കള്‍ സഹോദരങ്ങളായിരുന്നു. ഇതുകൊണ്ടുള്ള ജനിതക രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാവാം മരണകാരണമെന്ന് കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com