5 നിമിഷം ഈ ലോകത്ത് ഓക്സിജൻ ഇല്ലാതായാൽ!; ഈ കാര്യങ്ങൾ നിങ്ങളെ അമ്പരപ്പിക്കും
Mail This Article
കുറച്ചു നിമിഷങ്ങള്‍ മൂക്കും വായും പൊത്തി നോക്കിയാല്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏകദേശ ധാരണ നമുക്ക് ലഭിക്കും. അഞ്ചു നിമിഷം മാത്രം ഓക്സിജന്‍ ഇല്ലാതായാല്‍ ഒരു പക്ഷേ നമ്മുടെ ശരീരം അത് തിരിച്ചറിയുക പോലും ചെയ്തെന്നിരിക്കില്ല. ഒരു തരി പോലും ശ്വാസം മുട്ടിയില്ലെങ്കിലും നമ്മുടെ ചുറ്റുമുള്ള ലോകം തിരിച്ചെടുക്കാനാവാത്തവിധം ഈ അഞ്ചു നിമിഷം കൊണ്ട് മാറി മറിഞ്ഞിരിക്കും. ഇത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകനായ ആന്‍ഡ്രു കോട്ട്.
ആകെ 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ചെറിയ വിഡിയോയിലൂടെയാണ് ആന്‍ഡ്രു കോട്ട് ഓക്സിജന്‍ അഞ്ചു നിമിഷം അപ്രത്യക്ഷമായാല്‍ എന്തു സംഭവിക്കുമെന്ന് വിശദീകരിക്കുന്നത്.
∙ഓക്സിജന്‍ അപ്രത്യക്ഷമായ നിമിഷം വെയിലേല്ക്കുന്നവര്ക്കെല്ലാം സൂര്യാഘാതം സംഭവിച്ച് ശരീരം പൊള്ളും. ഓക്സിജനൊപ്പം ഓസോണ്‍ പാളി കൂടി അപ്രത്യക്ഷമാവുന്നതോടെ സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ തടസമേതുമില്ലാതെ ഭൂമിയിലെത്തുന്നതോടെയാണ് ഇതു സംഭവിക്കുക.
∙ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാഹനങ്ങളും നില്ക്കും. കരയിലെ വാഹനങ്ങളെ പോലെ ആകാശത്തെ വിമാനങ്ങളും നിശ്ചലമാവുകയും ഭൂമിയിലേക്കുള്ള യാത്ര തുടങ്ങുകയും ചെയ്യും. എഞ്ചിനുകള്‍ പൂര്‍ണമായും ഓഫായാലും മിനുറ്റുകളോളം വായുവില്‍ തെന്നി നീങ്ങാന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ടു തന്നെ അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ തിരികെയെത്തിയാല്‍ വിമാനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. വാഹനങ്ങളുടെ കാര്യത്തിലും ഓക്സിജന്‍ തിരിച്ചു വരുന്നതോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
∙അഞ്ചു നിമിഷം മാത്രമാണ് ഓക്സിജന്‍ നഷ്ടപ്പെടുകയെങ്കില് നമുക്ക് ശ്വാസം മുട്ടുകയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പു തന്നെ ഓക്സിജന്‍ തിരിച്ചെത്തിയിട്ടുണ്ടാവും. എങ്കിലും അതിനു മുമ്പു തന്നെ നമ്മുടെ ചെവികളില്‍ പൊട്ടിത്തെറികളുണ്ടാവും! ഓക്സിജന്‍ നഷ്ടപ്പെടുകയെന്നാല്‍ അന്തരീക്ഷ മര്‍ദത്തില്‍ വലിയ വര്‍ധനവ് പൊടുന്നനെ സംഭവിക്കുകയെന്നു കൂടി അര്‍ഥമുണ്ട്.
∙സമുദ്ര നിരപ്പിലെ മര്‍ദത്തില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലുള്ള മര്‍ദത്തിലേക്ക് പെട്ടെന്ന് മാറുന്നതോടെ നമ്മുടെ ചെവിക്കുള്ളില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുകയും കേള്‍വി നഷ്ടമാവുകയും ചെയ്യുമെന്നും ആന്‍ഡ്രു കോട്ട് പറയുന്നുണ്ട്.
∙കോണ്‍ക്രീറ്റില്‍ നിര്‍മിച്ച എല്ലാ വസ്തുക്കളും പൊടിയായി മാറുമെന്നതാണ് അടുത്ത പ്രശ്നം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാലങ്ങളും ഡാമുകളുമെല്ലാം തകരും. അഞ്ചു നിമിഷത്തെ ഓക്സിജന്റെ പിന്വാങ്ങലുണ്ടാക്കുന്ന പ്രതിസന്ധികള്‍ അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന് ചുരുക്കം.
∙പാചകവാതകത്തിലെ തീയെല്ലാം അണയും.പെട്ടെന്ന് ഓക്സിജന്‍ പോയാല്‍ മൃഗങ്ങളായാലും മനുഷ്യരായാലും അഞ്ചു നിമിഷം സമയത്തേക്കൊന്നും അത് തിരിച്ചറിയാന്‍ സാധ്യതയില്ല.
∙എന്നാല്‍ പകല്‍ സമയമാണെങ്കില്‍ ആകാശം പൊടുന്നനെ ഇരുണ്ടാല്‍ അത് നിങ്ങള്‍ ശ്രദ്ധിക്കും. അതെ, ഓക്സിജനൊപ്പം ഭൂമിയുടെ അന്തരീക്ഷത്തിന് സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ ചിതറിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതോടെ ഭൂമിയില്‍ ഇരുള് മൂടും.
∙ഭൂമിയുടെ അകക്കാമ്പ് 45 ശതമാനം ഓക്സിജന്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അകക്കാമ്പ് തകര്‍ന്നടിയുകയും ഭൂമിയിലെ എല്ലാം മധ്യഭാഗത്തേക്ക് വീഴുകയും ചെയ്യുമെന്നും ആന്‍ഡ്രു കോട്ട് ഓര്‍മിപ്പിക്കുന്നു.