ചന്ദ്രന്റെ വിദൂരവശത്തേക്ക് ചൈനയുടെ രഹസ്യറോവർ; എന്താണ് ലക്ഷ്യമെന്ന് അറിയാതെ ലോകം
Mail This Article
ചന്ദ്രനിലേക്കുള്ള ചൈനയുടെ ഏറ്റവും പുതിയ ദൗത്യമായ ചാങ്ഇ 6 വാർത്തകളിലിടം പിടിച്ചുകഴിഞ്ഞു. ലാൻഡർ ദൗത്യത്തിന്‌റെ ചിത്രം പുറത്തെത്തിക്കഴിഞ്ഞിരുന്നു.എന്നാൽ ആ ചിത്രം സസൂക്ഷ്മം വിലയിരുത്തിയ നിരീക്ഷകർ ഒരു കാര്യം കണ്ടെത്തി. ലാൻഡറിനൊപ്പം ഒരു രഹസ്യറോവറുമുണ്ട്. എന്താണ് അതിന്‌റെ ഉപയോഗമെന്നുമാത്രം ആർക്കുമറിയില്ല. ഭൂമിയോടു തിരിഞ്ഞിരിക്കുന്ന ചന്ദ്രന്റെ വിദൂരവശത്തേക്കാണ് ചാങ്ഇ 6 പോകുന്നത്. ഇതിന്‌റെ ആദ്യഘട്ടമായി ഒരു ലോങ് മാർച്ച് 5 റോക്കറ്റ് ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ചന്ദ്രന്റെ വിദൂരവശത്തു നിന്നു സാംപിളുകൾ ശേഖരിച്ച് അത് ഭൂമിയിലെത്തിക്കുകയാണ് ചാങ്ഇ 6 റോക്കറ്റിന്‌റെ ലക്ഷ്യം.
ജൂണിൽ ചാങ്ഇ 6 ലാൻഡർ ചന്ദ്രനിലിറങ്ങും. ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പേലോഡുകളും ദൗത്യത്തിൽ പോകുന്നുണ്ട്.ചൈനയുടെ യുടു 2 റോവർ ഇപ്പോൾ തന്നെ ചന്ദ്രന്റെ വിദൂരവശത്തുണ്ട്. പുതിയ റോവറിന്‌റെ ദൗത്യം എന്താണെന്നതു സംബന്ധിച്ച് ബഹിരാകാശ മേഖലയിൽ ചൂടേറിയ ചർച്ചകളാണ്. ചാങ്ഇ 5 ദൗത്യത്തിൽ തന്നെ ചന്ദ്രനിൽ ലാൻഡർ ഇറക്കി സാംപിളുകൾ തിരികെയെത്തിക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു.
ചൈനയുടെ ചാന്ദ്രപദ്ധതികളിലെ അഞ്ചാം പദ്ധതിയായാണ് ചാങ് ഇ 5 ലോങ് മാർച്ച് 5 റോക്കറ്റിൽ വിക്ഷേപിച്ചത്. ഓർബിറ്റർ, ലാൻഡർ, അസൻഡർ, റിട്ടേണർ എന്നീ ഭാഗങ്ങളടങ്ങിയതായിരുന്നു ദൗത്യം. ലാൻഡർ ആദ്യമായി ചന്ദ്രോപരിതലത്തിലെത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് അസൻഡർ ഈ സാംപിളുകളുമായി ചന്ദ്രോപരിതലത്തിൽ നിന്ന് ഉയർന്നുപൊങ്ങി ഓർബിറ്ററിൽ ചെന്നു ഡോക്കു ചെയ്യുകയും സാംപിളുകൾ കൈമാറുകയും ചെയ്തു.
ഓർബിറ്റർ തുടർന്ന് ഭൗമഭ്രമണപഥത്തിലേക്കു താഴുകയും സാംപിളുകളുമായി റിട്ടേണർ പുറപ്പെടുകയും ചെയ്തു. ഇത് തിരികെയെത്തി ചൈനയുടെ ഇന്നർ മംഗോളിയ മേഖലയിൽ ചെന്നു വീണു. അവിടുന്നാണ് സാംപിളുകൾ ശേഖരിച്ചെടുത്തത്. ഇതോടെ യുഎസ്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രസാംപിളുകൾ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി.
ചാങ്ഇ പദ്ധതിയിൽ ചാങ് ഇ 7 ദൗത്യം 2024ലും അവസാന ദൗത്യമായ ചാങ് ഇ 8 2027ലും വിക്ഷേപിക്കും. 2030ൽ ചന്ദ്രനിലേക്ക് ആളുകളെയെത്തിക്കുന്നതിനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ചൈനീസ് ദൗത്യത്തിന്‌റെ ഭ്രമണപഥ പേടകം മെങ്‌സൂ എന്ന പേരിലാകും അറിയപ്പെടുക.ഇതിൽ നിന്നു യാത്രകരുമായി ചന്ദ്രൻ തൊടുന്ന ലാൻഡറിന്റെ പേര് ലാന്യുയി എന്നാണ്.
ചന്ദ്രനെ പുണരുക എന്നാണ് ലാന്യുയിയുടെ അർഥം. ചൈനയിൽ ടാങ് രാജവംശകാലത്തുണ്ടായിരുന്ന കവിയായ ലിബായിയുടെ കാവ്യങ്ങളിലുള്ള വാക്കാണ് ഇത്.മെങ്‌സൂ എന്ന വാക്കിനർഥം സ്വപ്‌ന വാഹനം എന്നാണ്.
മൂന്ന് യാത്രികരെ ചന്ദ്രനിലെത്തിക്കാൻ കഴിവുള്ളതാണ് മെങ്‌സൂ ദൗത്യം. 2020 മുതൽ ദൗത്യത്തിന്‌റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങൾ ചൈന നടത്തുന്നുണ്ട്. ആദ്യ പരീക്ഷണപ്പറക്കൽ 2027ൽ നടക്കും.