അകലെയകലെ ഗ്രഹത്തിൽ ജീവസൂചകമായ വാതകം; ജയിംസ് വെബ് കണ്ടെത്തിയോ അന്യഗ്രഹജീവനെ?
Mail This Article
നാസയുടെ ബൃഹദ്പദ്ധതിയായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണ് ഏലിയൻ(അന്യഗ്രഹ) ജീവസാധ്യത അന്വേഷിക്കുകയെന്നുള്ളത്. നിരവധി നിരീക്ഷണങ്ങളും മറ്റും ജയിംസ് വെബ് നമുക്ക് തന്നെങ്കിലും അതൊന്നും തന്നെ ശക്തമെന്നു പറയാൻ പറ്റാത്തതായിരുന്നു. എന്നാൽ അടുത്തിടെ ജയിംസ് വെബ് ശക്തമായ ഒരു സൂചന നൽകിയിരിക്കുകയാണ്.
ലിയോ എന്ന താരസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന കെ2–18 എന്ന ചുവന്നകുള്ളൻ നക്ഷത്രത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാടാണ്. കെ2–18 ബി എന്ന ഒരു ഗ്രഹം ഇതിനെ ഭ്രമണം ചെയ്യുന്നുണ്ട്. ഭൂമിയുടെ രണ്ടരയിരട്ടിയിലധികം വ്യാസമുള്ളതാണ് ഈ ഗ്രഹം. ഈ ഗ്രഹത്തിൽ ഇപ്പോൾ ജയിംസ് വെബ് വളരെ സവിശേഷമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുന്നു. ഡൈ മീഥൈൽ സൾഫൈഡ് എന്ന വാതകത്തെയാണ് ടെലിസ്കോപ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ ഈ വാതകം ഉത്പാദിപ്പിക്കുന്നത് ഫൈറ്റോപ്ലാങ്ക്ടണുകളാണ്. ജീവപ്രവർത്തനത്തിന്റെ ശക്തമായ ഒരു സൂചകമാണ് ഈ വാതകമെന്നു പറയാം.
നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്
എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ വേണമെന്നും ഗവേഷകർ പറയുന്നു. ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പെന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് നാസയുടെ ജയിംസ് വെബ് ടെലിസ്കോപ്. ജയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടംതെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്‌പേസ് സെന്ററിൽ നിന്നാണു വിജയകരമായി പൂർത്തീകരിച്ചത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ആരിയാനെ 5 റോക്കറ്റാണു ടെലിസ്‌കോപിനെ വഹിച്ചത്.
വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നു പ്രതീക്ഷിക്കപ്പെടുന്നതാണ്. 31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്.
ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്.ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ 6.5 മീറ്റർ വലുപ്പമുള്ള വമ്പൻ കണ്ണാടി
'ഗോൾഡൻ ഐ' എന്നാണ് അറിയപ്പെടുന്നത്. ബെറീലിയം ലോഹം ഉപയോഗിച്ചു നിർമിച്ച ഇതിന് ഇതളുകൾ പോലെ 18 ഭാഗങ്ങളുണ്ട്.7000 കിലോ ഭാരം, 1000 കോടി യുഎസ് ഡോളർ ചെലവ്, 10 വർഷം കാലാവധി എന്നിവയുള്ള ജയിംസ് വെബിന്റെ പ്രധാന കണ്ണാടിയാണിത്.