വിദൂരദ്വീപിലെത്തിയ മനുഷ്യർ! അവർ കണ്ടത് മറ്റൊരുകൂട്ടം മനുഷ്യരെ, അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ
Mail This Article
851 ഭാഷകളുള്ള നാടാണ് പാപ്പുവ ന്യൂഗിനി. ഓസ്ട്രേലിയയ്ക്ക് വടക്കും ഇന്തൊനീഷ്യയ്ക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പാപ്പുവ ന്യൂഗിനി നിബിഡവനങ്ങളാൽ സമ്പന്നമാണ്. ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും വലിയ മഴക്കാടുള്ളതും ഇവിടെയാണ്. 2,88,000 ചതുരശ്ര കിലോമീറ്ററാണ് ഈ മഴക്കാടിന്റെ വിസ്തീർണം.ലോകത്ത് അപൂർവമായുള്ള വിഷമുള്ള പക്ഷിയും ഇവിടെയുണ്ട്. പിറ്റോഹൂയി എന്നാണ് ഇതിന്റെ പേര്.
1873ൽ സ്ഥാപിക്കപ്പെട്ട പോർട്ട് മോറിസ്ബിയാണ് പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനം. മൂന്നരലക്ഷത്തിലധികം പേർ ഇവിടെ താമസിക്കുന്നു. പാപ്പുവ ന്യൂഗിനിയയിൽ ആയിരത്തിലധികം ഗോത്രങ്ങളുണ്ട്. അരലക്ഷത്തിലധികം വർഷങ്ങളായി ഇവിടെ മനുഷ്യവാസമുണ്ട്. എന്നാൽ ഒരു വിദൂരദ്വീപായതിനാൽ മറ്റുള്ള ജനസമൂഹങ്ങളുമായി അധികം ബന്ധപ്പെടാതെയാണ് ഇവിടത്തെ ജനങ്ങൾ താമസിച്ചത്. ഇപ്പോൾ പാപ്പുവ ന്യൂഗിനി ആളുകളുടെ ജനിതക പരിശോധന നടത്തിയ ശാസ്ത്രജ്ഞർ കൗതുകകരമായ ചില കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്.
ആഫ്രിക്കയിൽ നിന്നാണ് ആധുനിക മനുഷ്യർ (ഹോമോ സാപ്പിയൻസ്) ഇവിടെയെത്തിയത്. വന്നപ്പോൾ ഇവിടെ മറ്റൊരു മനുഷ്യവംശം ഉണ്ടായിരുന്നു. മൺമറഞ്ഞുപോയ ഡെനിസോവൻമാർ. ഡെനിസോവൻമാരുമായി ഇവർ ഇടകലർന്നു. അങ്ങനെ അവരിൽ നിന്നുള്ള ജീനുകൾ ലഭിച്ചു. ഈ ജീനുകൾ അസുഖങ്ങൾ തടയാനും പ്രതിരോധശേഷി കൂട്ടാനും ആധുനികമനുഷ്യർക്ക് സഹായകമായെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള പഠനം.
∙ഡെനിസോവർ
2008ൽ സൈബീരിയയിലെ ആൾട്ടായിയിലുള്ള ഡെനിസോവ ഗുഹയിൽ നിന്നായിരുന്നു ഡെനിസോവരുടെ ആദ്യ തെളിവ് കണ്ടെത്തിയത്. ഡെനിസ് എന്ന സന്യാസി പതിനേഴാം നൂറ്റാണ്ടിൽ ഏകാന്തവാസം നടത്തിയ ഗുഹയായതിനാലാണ് ഈ ഗുഹയ്ക്ക് ഡെനിസോവ ഗുഹ എന്നു പേരു ലഭിച്ചത്.ഹോമോ സാപ്പിയൻസ് എന്നു പേരുള്ള നമ്മുടെ നരവംശം മനുഷ്യപരമ്പരയിൽ ഏറ്റവും വികസിക്കപ്പെട്ടതാണ്. പരിണാമദശയിൽ നമ്മോട് അടുത്തു നിൽക്കുന്ന വർഗങ്ങളാണ് നിയാണ്ടർത്താൽ വംശവും ഡെനിസോവൻ വംശവും.
നിയാണ്ടർത്താലുകൾ യൂറോപ്പിലും ഏഷ്യയിലും താമസമുറപ്പിച്ചിരുന്നു. 7 ലക്ഷം വർഷങ്ങൾക്കു മുൻപാണ് മനുഷ്യവംശത്തിൽ നിന്ന് നിയാണ്ടർത്താൽ വംശവും ഡെനിസോവൻ വംശവും വഴിതിരിഞ്ഞ് പ്രത്യേക വർഗമായി പോയത്. അതിനുശേഷം 4 ലക്ഷം വർഷം മുൻപ് ഇവർ ഇരുവംശങ്ങളും വേർപെട്ട് പ്രത്യേക വംശങ്ങളായി മാറി.ഡെനിസോവൻമാരെക്കുറിച്ചുള്ള പലകാര്യങ്ങളിലും ഇന്നും നിഗൂഢത തുടരുകയാണ്.
ഡെനിസോവൻമാർ റഷ്യയിലെ സൈബീരിയയിലുള്ള ആൾത്തായ് പർവതനിരകളിലും ചൈനയുടെ ചില ഭാഗങ്ങളിലുമൊക്കെ ആവാസമുറപ്പിച്ചിട്ടുള്ളതായിട്ടായിരുന്നു നരവംശശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്.ഇവർ ഈ മേഖലയ്ക്കു പുറത്തു താമസിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു.
1.64 ലക്ഷം വർഷങ്ങൾ പഴക്കമുള്ള പല്ല്
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ നിന്ന് ഈ വർഷം കിട്ടിയ 1.64 ലക്ഷം വർഷങ്ങൾ പഴക്കമുള്ള പല്ല് 3 വയസ്സുള്ള ഒരു ഡെനിസോവൻ പെൺകുട്ടിയുടേതാണെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിരുന്നു.ലാവോസിലെ കോബ്ര കേവ് എന്ന ഗുഹയിൽ നിന്നാണ് ഈ പല്ല് കിട്ടിയത്. ലാവോസിലെ അന്നാമൈറ്റ് പർവതനിരകളിലാണ് ഈ ഗുഹ. മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന രാജ്യമാണ് ലാവോസ്.രാജ്യത്തിന്റെ തലസ്ഥാനനഗരമായ വിയന്റൈനിൽ നിന്നു 260 കിലോമീറ്റർ ദൂരെയാണ് ഈ ഗുഹ.
ഇതോടെ ഡെനിസോവൻ വംശജർ റഷ്യയിലും ചൈനയിലുമല്ലാതെ ഒട്ടേറെ മേഖലകളിലും പരിതസ്ഥിതികളിലും ജീവിച്ചിരുന്നെന്നു വ്യക്തമായി. ഇപ്പോഴത്തെ ഓസ്ട്രേലിയയും ന്യൂസീലൻഡും ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലയിലെ ആദിമനിവാസികൾക്ക് ഡെനിസോവൻ ജനിതകമുണ്ടെന്നും പിൽക്കാലത്ത് നടന്ന ചില പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. പാപ്പുവ ന്യൂഗിനി ഈ മേഖലയിൽപെട്ടതാണ്.