നൂറ്റാണ്ടിലേറെയായി ഗവേഷകരെ കുഴക്കിയ ചിത്രങ്ങളുടെ രഹസ്യം ചുരുളഴിയുന്നു
Mail This Article
നൂറ്റാണ്ടിലേറെയായി ഗവേഷകരെ കുഴക്കിയ പുരാതന കാലത്തെ ചിത്രങ്ങളുടെ രഹസ്യം ആദ്യമായി പുറത്തുവന്നു. ബിസി ഏഴാം നൂറ്റാണ്ടു മുതല്‍ 14ാം നൂറ്റാണ്ടു വരെ പശ്ചിമേഷ്യയില്‍ വ്യാപകമായിരുന്ന അസീറിയന്‍ സാമ്രാജ്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് കണ്ടെത്തലുകള്‍. ബുള്ളറ്റിന്‍ ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓവര്‍സീസ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
ബിസി 721 മുതല്‍ 704 വരെ ഭരിച്ച സാര്‍ഗോണ്‍ രണ്ടാമന്‍ രാജാവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അര്‍ഥമറിയാനാണ് ഗവേഷകര്‍ ശ്രമിച്ചത്. സാര്‍ഗോണ്‍ രണ്ടാമന്‍ രാജാവിന്റെ ഭരണകാലത്ത് ഹ്രസ്വ കാലത്തേക്ക് സിംഹം, അത്തിമരം, കലപ്പ എന്നീ ചിത്രങ്ങളും ദീര്‍ഘകാലത്തേക്ക് ഇവക്കു പുറമേ ഒരു പക്ഷിയുടേയും കാളയുടേയും ചിത്രങ്ങളുമാണ് ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടിരുന്നത്.
അസീറിയയുടെ തലസ്ഥാനമായിരുന്ന ഡുര്‍ സറൂകിനിലെ പല ആരാധനാലയങ്ങളിലും ഈ ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. 19, 20 നൂറ്റാണ്ടുകളില്‍ നടന്ന ഉത്ഖനനത്തിലാണ് പുരാവസ്തു ഗവേഷകര്‍ ഈ ചിത്രങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നു മാത്രമല്ല പലപ്പോഴും ഇത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.
'ഇന്നത്തെ ഇറാന്‍, തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗമായിരുന്ന ഈ പ്രദേശം മാനവിക നാഗരികതയുടെ കളിതൊട്ടില്‍ എന്നാണ് അറിയപ്പെടുന്നതു തന്നെ. ഇവിടെയാണ് നാഗരികതകളും സാമ്രാജ്യങ്ങളും പിറന്നു വീണത്. മനുഷ്യ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഇടമാണിത്' അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള ട്രിനിറ്റി കോളജിലെ അസീറിയോളജിസ്റ്റും ചരിത്രകാരനുമായ മാര്‍ട്ടിന്‍ വര്‍ത്തിങ്ടണ്‍ പറയുന്നു.
സാര്‍ഗോണ്‍ രാജാവിന്റെ പേരുമായി ഇത്തരം ചിത്രങ്ങള്‍ക്ക് ബന്ധമുണ്ടാവുമോ എന്ന 1948ല്‍ ഉയര്‍ന്ന ചോദ്യങ്ങളുടെ ചുവടുപിടിച്ചാണ് വര്‍ത്തിങ്ടണ്‍ ഗവേഷണം നടത്തിയതും കണ്ടെത്തലുകളിലേക്കെത്തിയതും. നക്ഷത്ര സമൂഹങ്ങളെക്കുറിച്ച് പറയുന്ന ഭാഗങ്ങളിലും പലയിടത്തും ഈ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ രാജാവിന്റെ പേര് നക്ഷത്രങ്ങളോളം ഉയരത്തില്‍ ദൈവങ്ങള്‍ക്കൊപ്പം എഴുതി ചേര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണിതെന്ന് വര്‍ത്തിങ്ടണ്‍ സൂചിപ്പിക്കുന്നു.
രാജാവിനേയോ രാത്രികാല ആകാശത്തേയോ കുറിക്കുന്നതാവാം ഈ ചിത്രങ്ങളെന്ന് നേരത്തെ നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഈ രണ്ട് ആശയങ്ങളേയും ചേര്‍ത്തുവെക്കുന്നത്. 'സാര്‍ഗോണ്‍ രാജാവിന്റെ പേര് സ്വര്‍ഗത്തില്‍ എഴുതി ചേര്‍ക്കാനും അതുവഴി അമരത്വം നല്‍കാനുമുള്ള ശ്രമങ്ങളാണ് ഈ അഞ്ചു ചിത്രങ്ങള്‍ വഴി നടന്നത്. അത്യന്തം ബഹുമാന്യരായ വ്യക്തികള്‍ കെട്ടിടങ്ങളില്‍ അവരുടെ പേരുകള്‍ എഴുതി ചേര്‍ക്കുന്നത് അന്നത്തെകാലത്ത് സാധാരണമായിരുന്നു' വര്‍ത്തിങ്ടണ്‍ പറയുന്നു.
മാനവിക ചരിത്രത്തില്‍ മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ പൗരാണിക ചരിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏതു പുതിയ വിവരങ്ങള്‍ക്കും വലിയ പ്രാധാന്യവുമുണ്ട്. അഞ്ച് ചിത്രങ്ങളുടേയും മൂന്നു ചിത്രങ്ങളുടേയും കൂട്ടങ്ങള്‍ സാര്‍ഗോണ്‍ രാജാവിന്റെ പേരിനെ സൂചിപ്പിക്കുന്ന നിര്‍ദേശമാണ് വര്‍ത്തിങ്ടണും സംഘവും മുന്നോട്ടുവെക്കുന്നത്. പഠനത്തിന്റെ പൂര്‍ണ രൂപം ബുള്ളറ്റിന്‍ ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓവര്‍സീസ് റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.