ആകാശം നിറയെ കാശ്: ബഹിരാകാശ ടൂറിസം എന്ന ഭാവിയുടെ സാധ്യത, ഇസ്രോയുടെ യാത്രയും ഉടൻ...
Mail This Article
ഗോപിചന്ദ് തോട്ടക്കുറ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ പേടകത്തിൽ നടത്തിയ യാത്രയിലൂടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് ബഹിരാകാശ വിനോദസഞ്ചാരം അഥവാ സ്പേസ് ടൂറിസം. ഒരുപാട് കമ്പനികളും സ്റ്റാർട്ടപ്പുകളുമൊക്കെ ഈ മേഖല ലക്ഷ്യം വച്ച് രംഗത്തുണ്ട്. 2030 ആകുന്നതോടെ 300 കോടി ഡോളർ വ്യവസായമായി ബഹിരാകാശ ടൂറിസം മാറുമെന്നാണു പ്രതീക്ഷ.
ഡെന്നിസ് ടിറ്റോ എന്ന ആദ്യ വിനോദസഞ്ചാരി
ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ തുടക്കം 2001ൽ ആണ്. യുഎസ് വ്യവസായിയായ ഡെന്നിസ് ടിറ്റോയാണ് ആദ്യം ഇത്തരത്തിൽ യാത്ര നടത്തിയ സഞ്ചാരി. റഷ്യയുടെ സോയൂസ് പേടകത്തിലായിരുന്നു ടിറ്റോയുടെ യാത്രം. 2001 മുതൽ 2009 വരെയുള്ള കാലയളവിൽ 7 വിനോദസഞ്ചാരികൾ ബഹിരാകാശത്തെത്തി. ഇറാനിയൻ– അമേരിക്കനായ അനൂഷെ അൻസാരിയാണ് ബഹിരാകാശത്തെത്തിയ ആദ്യ വനിതാ വിനോദസഞ്ചാരി. 2006ൽ ആയിരുന്നു ഈ യാത്ര.
2007 ആയതോടെ ബഹിരാകാശ വിനോദസഞ്ചാരം എന്നത് പ്രായോഗികമായ ഒരു വിപണിയായി വിലയിരുത്തലുണ്ടായി. പിന്നീട് ഈ മേഖലയിൽ അൽപം തണുപ്പ് ബാധിച്ചെങ്കിലും 2019ൽ വീണ്ടും സജീവമായിത്തുടങ്ങി. അപ്പോഴേക്കും സ്വകാര്യഭീമൻമാർ ഈ രംഗത്ത് കളമുറപ്പിച്ച് തുടങ്ങിയിരുന്നു.വിനോദസഞ്ചാരമേഖലയിലെ ചൂടൻ രംഗമാകുമെന്നു കരുതുന്ന സ്പേസ് ടൂറിസത്തിലേക്കുള്ള ശക്തമായ ചുവടുവയ്പാണ് 2021 ജൂലൈയിൽ റിച്ചഡ് ബ്രാൻസൻ നടത്തിയത്.
വെർജിൻ ഗലാക്റ്റിക് യാത്രാപേടകം
ബ്രാൻസന്റെ കമ്പനിയായ വെർജിൻ ഗലാറ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന പേടകം ആദ്യമായി നടത്തിയ പരീക്ഷണപ്പറക്കലിൽ ബ്രാൻസനും പങ്കുചേർന്നു.ഒരുപാടു പരീക്ഷണങ്ങൾക്കും രൂപമാറ്റങ്ങൾക്കും ശേഷമാണ് വെർജിൻ ഗലാക്റ്റിക് വിഎസ്എസ് യൂണിറ്റി എന്ന യാത്രാപേടകം തയാർ ചെയ്തത്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ വരെ പോകുന്ന റോക്കറ്റ് എൻജിനുള്ള വിമാനം ഭൂമിയിലേക്ക് ഗ്ലൈഡ് ചെയ്തിറങ്ങാനും റൺവേയിൽ ലാൻഡ് ചെയ്യാനും ശേഷിയുള്ളതാണ്. ഇതിന്റെ പേര് നിർദേശിച്ചത് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങാണ്.
എന്നാൽ ബ്രാൻസന്റെ യാത്രയെ ബഹിരാകാശയാത്രയെന്നു വിളിക്കാൻ പറ്റില്ലെന്നു ചില വിദഗ്ധർ അതിനു ശേഷം പറഞ്ഞു. ഭൗമനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർമാൻ രേഖയാണ് ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി ചില ശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. എന്നാൽ 80.5 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രേഖയ്ക്കു മുകളിലേക്കുള്ള എല്ലാ യാത്രയും ബഹിരാകാശയാത്രയായി നാസ പരിഗണിക്കുന്നു.
ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ചുകൊണ്ട് വെർജിൻ ഗലാക്ടിക് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശയാത്ര കഴിഞ്ഞവർഷം വിജയകരമായി പൂർത്തിയാക്കി. ഗലാക്ടിക്കിന്റെ ഏഴാം ദൗത്യമാണതെങ്കിലും അതുവരെയുള്ളതെല്ലാം പരീക്ഷപ്പറക്കലുകളായിരുന്നു. 2.5 ലക്ഷം മുതൽ 4.5 ലക്ഷം ഡോളർ (3.73 കോടി രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്.
കാർമൻ ലൈൻ കടന്നുപോയ ദൗത്യം
ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കും ബ്രാൻസനു പിന്നാലെ തങ്ങളുടെ കമ്പനികളുടെ ദൗത്യങ്ങളിറക്കി. ബ്ലൂ ഒറിജിന്റെ ആദ്യ ദൗത്യത്തിൽ സാക്ഷാൽ ബെസോസും യാത്രികനായിരുന്നു. ഈ ദൗത്യം കാർമൻ ലൈൻ കടന്നുപോയി. എന്നാൽ പിന്നെയായിരുന്നു സ്പേസ് എക്സിന്റെ ഗ്രാൻഡ് എൻട്രി.
ഫാൽക്കൺ 9 റോക്കറ്റ് മൂന്നാംയാത്രയിൽ വഹിച്ച ഡ്രാഗൺ മൊഡ്യൂളിലേറ്റി 4 യാത്രികരെ സ്പേസ് എക്സ് ബഹിരാകാശത്തെത്തിച്ച ദൗത്യത്തിന്റെ പേര് ഇൻസ്പിറേഷൻ 4 എന്നായിരുന്നു.ഈ ദൗത്യത്തിൽ പേടകം 585 കി.മീ ഉയരത്തിലെത്തി. രാജ്യാന്തര ബഹിരാകാശനിലയത്തെക്കാൾ ഉയരത്തിലാണിത്. ചന്ദ്രനിലേക്കുള്ള അപ്പോളോ ദൗത്യങ്ങൾക്കു ശേഷം ബഹിരാകാശത്ത് ഇത്രയും ഉയരം താണ്ടുന്ന ദൗത്യം ഇതാദ്യമാണെന്ന് സ്പേസ് എക്സ് അവകാശപ്പെട്ടു.
ശബ്ദത്തിന്റെ 22 മടങ്ങ് വേഗത്തിലാണു പേടകം സഞ്ചരിച്ചത്. 3 ദിവസം ഭൂമിയെ ചുറ്റിയ ശേഷം ഫ്ലോറിഡ തീരത്തിനടുത്തു കടലിൽ വന്നിറങ്ങി. പരമ്പരാഗത രീതിയിൽ ബഹിരാകാശ പരിശീലനം നേടാത്ത, സാധാരണക്കാരായ 4 പേരാണ് യാത്ര പോയത്.എല്ലാവർക്കും സീറ്റ് ബുക് ചെയ്യാൻ പണമിറക്കിയത് ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്.
2021ൽ ബ്ലൂ ഒറിജിൻ ‘ഓർബിറ്റൽ റീഫ്’ എന്നു പേരിട്ടിരിക്കുന്ന, 32,000 ചതുരശ്രയടി വലിപ്പമുള്ള ബഹിരാകാശ പാർക് പദ്ധതി പ്രഖ്യാപിച്ചു. ഒരേ സമയം 10 പേർക്കു കഴിയാനുള്ള സൗകര്യം ഇവിടെയുണ്ടാകുമെന്ന് കമ്പനി അന്നറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി 2030ൽ യാഥാർഥ്യമാകുമെന്ന് ഇസ്രോ ഇടയ്ക്ക് പ്രഖ്യാപിച്ചിരുന്നു.
സാധാരണക്കാർക്ക് സാധ്യമോ?
ബഹിരാകാശ യാത്രകൾ സ്വകാര്യവത്കരിക്കുന്നതോടെ ടൂറിസത്തിന്റെ മുഖം തന്നെ മാറിയേക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ട്രിപ്പ് പോകുന്ന ലാഘവത്തോടെ ബഹിരാകാശം കണ്ടു മടങ്ങാം. കൈ നിറയെ പണമുള്ള ആർക്കും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. നിലവിൽ കോടിശ്വരൻമാർക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ബഹിരാകാശ ടൂറിസം ഭാവിയിൽ എല്ലാത്തരം സഞ്ചാരികളിലേക്കും എത്തിപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.