ADVERTISEMENT

ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നാസ നീട്ടിവച്ചതിനാൽ ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബാരി യൂജിന് ബോഷ് വിൽമോറും കുറച്ച് ദിവസം കൂടി ബഹിരാകാശത്ത് തുടരാൻ സാധ്യതയെന്ന് സൂചന. ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കൂടുതൽ സമയമെടുക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ തീരുമാനത്തെത്തുടർന്നാണ് ഈ ആശങ്കകൾ ഉയർന്നത്. എക്സ് പോസ്റ്റുകളും ബഹിരാകാശ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന ചില പ്രസിദ്ധീകരണങ്ങളും സ്റ്റാര്‍ലൈനിന്റെ അൺഡോക്കിങ് അനിശ്ചിതത്വത്തിലെ ആശങ്കകൾ പങ്കുവച്ചു.

starliner2 - 1

ജൂണ്‍ 5ന് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നറിയപ്പെട്ട നിലവിലെ ദൗത്യം 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാൽ ഇവർ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം ജൂൺ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ് വന്നത്. എന്നാൽ ഹീലിയം വാതകച്ചോർച്ചയുൾപ്പടെയുള്ളവ വിശദമായി പരിശോധിച്ചു പരിഹരിച്ചശേഷമേ തിരിച്ചുവരവുണ്ടാകുകയുള്ളെന്നാണ് നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതി വിഭാഗം അടുത്തിടെ നൽകിയ സൂചന.

സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ (ഫയൽചിത്രം)
സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ (ഫയൽചിത്രം)

അതേസമയം ബഹിരാകാശനിലയത്തിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ അൺഡോക് ചെയ്ത് തിരികെ എത്താൻ ക്രൂവിന് അനുമതി നൽകിയിട്ടുമുണ്ട്.സ്റ്റാർലൈനറിലെ 87 ടെസ്റ്റ് ദൗത്യങ്ങളിൽ 77 എണ്ണം പൂര്‍ത്തിയാക്കിയതായും ശേഷിക്കുന്ന 10 എണ്ണം ബഹിരാകാശനിലയത്തിൽനിന്നുള്ള അൺഡോക്കിങിനും ലാൻഡിങിനും ഇടയിൽ നടക്കുമെന്ന് ബോയിങ് പറഞ്ഞിരുന്നു. 

അതേസമയം ജൂൺ 16 ഞായറാഴ്ച, സ്റ്റാർലൈനറിന്റെ തിരിച്ചുവരവിന് തയാറെടുത്ത് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ബോയിങും നാസയും മിഷൻ ഡ്രസ് റിഹേഴ്സലിൽ പങ്കെടുത്തു. സംയുക്ത ലാൻഡിംഗ് ആൻഡ് റിക്കവറി ടീം (LRT) സ്റ്റാർലൈനറിന്റെ വീണ്ടെടുപ്പിന്റെ മോക് ഡ്രിൽ നടത്തി. കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച് ബഹിരാകാശനിലയത്തിലെ സ്റ്റാർലൈനറിന്റെ ഡോക്കിങിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ സ്റ്റാർലൈനറിന്റെ 28 റിയാക്ഷൻ കൺട്രോൾ സിസ്റ്റം ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിനു പ്രശ്നങ്ങൾ നേരിട്ടെന്നാണ് ആ വാർത്ത സമ്മേളനം സൂചിപ്പിച്ചത്.യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് വി എന്ന റോക്കറ്റിൽ നിന്ന് ക്യാപ്‌സ്യൂൾ വിക്ഷേപിക്കും മുൻപ് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഗുരുതര പ്രശ്നമായി കാണക്കാക്കിയിരുന്നില്ല.

അതേസമയം സ്റ്റാര്‍ലൈനർ ബഹിരാകാശത്ത് കുടുങ്ങിയെന്ന നിരവധി എക്സ് പോസ്റ്റുകളെയും വാർത്തകളെയും എതിർത്ത് റെബേക റീഗൻ എന്ന ഗവേഷക രംഗത്തുവന്നു. സുനുത വില്യംസ് പദ്ധതി അംഗങ്ങളുമായി വിജയകരമായി വിഡിയോ കോൾ നടത്തിയെന്നു സ്റ്റാർലൈനർ ബഹിരാകാശത്ത് കുടങ്ങിയെന്ന വാർത്തകൾ തെറ്റാണെന്നും റെബേക അവകാശപ്പെട്ടു. ബഹിരാകാശ യാത്രികരെ വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന രണ്ടാമത്തെ കമ്പനിയായി മാറാനുള്ള ബോയിങിന്റെ പരിശ്രമമാണ് ഈ ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com