ബഹിരാകാശത്തു നിന്നും മാലിന്യം വലിച്ചെറിഞ്ഞു; നാസക്കെതിരെ 66 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് കേസ്
Mail This Article
ഫ്ലോറിഡയിലെ നാപിള്‍സില്‍ താമസിക്കുന്ന അലെഹാന്‍ഡ്രോ ഒട്ടെറോയും കുടുംബവും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസക്കെതിരെ 80,000 ഡോളര്‍(ഏകദേശം 66 ലക്ഷം രൂപ) നഷ്ടപരിഹാരത്തിന് കേസു കൊടുത്തിരിക്കുകയാണ്. ബഹിരാകാശത്തു നിന്നും മാലിന്യം വീണ് വീടിന് കേടുപാടുകള്‍ പറ്റിയതിനെ തുടര്‍ന്നാണ് ഒട്ടെറോ കുടുംബത്തിന്റെ വിചിത്രമായ നടപടി. ഒട്ടേറോയുടെ വീടിനു മുകളില്‍ പതിച്ച വസ്തു തങ്ങളുടേതാണെന്ന സ്ഥിരീകരണം നാസ നടത്തിയതോടെ തട്ടിപ്പാണോ എന്ന സംശയവും നീങ്ങിക്കിട്ടി.
പൊടുന്നനെ ആകാശത്തു നിന്നും എന്തെങ്കിലും വസ്തു വീണ് നമുക്ക് അപായം സംഭവിക്കുമോ? എന്ന എക്കാലത്തേയും പ്രചാരത്തിലുള്ളതും എന്നാല്‍ അധികമാര്‍ക്കും അനുഭവമില്ലാത്തതുമായ കാര്യം നടന്നതിന്റെ ഞെട്ടലിലാണ് ഒട്ടേറോ കുടുംബം. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഒട്ടേറോയുടെ വീട്ടിലേക്ക് ആകാശത്തു നിന്നും ഒരു വസ്തു പതിച്ചത്. മേല്‍ക്കൂര തുളച്ചുകയറിയാണ് ആ വസ്തു വീടിനുള്ളിലേക്കെത്തിയത്. ആ സമയം ഒട്ടേറോ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകനാണ് ഒട്ടേറോയെ ഇക്കാര്യം അറിയിച്ചത്.
സിലിണ്ടര്‍ രൂപത്തിലുള്ള ഒരു ലോഹ വസ്തുവാണ് ഒട്ടേറോയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയത്. ഏകദേശം 725 ഗ്രാം ഭാരമുണ്ടായിരുന്ന ഈ വസ്തുവിന് നാല് ഇഞ്ച് നീളവും 1.6 ഇഞ്ച് വീതിയുമുണ്ടായിരുന്നു. അത്ര ചെറുതല്ലാത്ത ഈ വസ്തു വീണ് ചെറിയ കേടുപാടുകള്‍ ഒട്ടേറോയുടെ വീടിന് സംഭവിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടുമാത്രമാണ് വീട്ടുകാര്‍ക്ക് പരുക്കേല്‍ക്കാതിരുന്നതെന്ന ആശങ്ക ഒട്ടേറോ പങ്കുവെക്കുകയും ചെയ്തു. 'ഞാനാകെ വിറച്ചുപോയി. എനിക്കു വിശ്വസിക്കാന്‍ പോലുമായില്ല. ഇത്രയും വേഗത്തില്‍ ആകാശത്തു നിന്നും ഒരു വസ്തു വീടിനു മുകളില്‍ വീണാല്‍ എന്തൊക്കെ സംഭവിക്കും? വീട്ടുകാര്‍ക്ക് ഒരാള്‍ക്കു പോലും സംഭവത്തില്‍ പരുക്കേല്‍ക്കാത്തത് ആശ്വാസമാണ് ' ഒട്ടേറോ പറഞ്ഞു.
ആ വസ്തു നാസ ഉപയോഗിച്ചിരുന്നതാണെന്ന് പിന്നീട് അവര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 2021ല്‍ നാസ ബഹിരാകാശ നിലയത്തില്‍ നിന്നും ഒഴിവാക്കിയ ബാറ്ററികളിലൊന്നായിരുന്നു ഇതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണ ഭൂമിയിലേക്കുള്ള യാത്രക്കിടെ അന്തരീക്ഷത്തില്‍ വെച്ച് ഇത്തരം വസ്തുക്കളെല്ലാം കത്തി തീരേണ്ടതാണ്. പൂര്‍ണമായും കത്തി തീരാത്ത ഒരു ഭാഗം ഒട്ടേറോയുടെ വീടിനു മുകളില്‍ പതിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍.
ക്രാന്‍ഫില്‍ സംനര്‍ എന്ന നിയമസ്ഥാപനമാണ് ഒട്ടേറോ കുടുംബത്തിന്റെ നാസക്കെതിരായ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ബഹിരാകാശവസ്തു ഭൂമിയില്‍ പതിച്ച സംഭവത്തിന്റെ ഗൗരവം അറ്റോര്‍ണി മൈക്ക ന്യൂയെന്‍ വര്‍ത്തി എടുത്തു പറയുന്നുണ്ട്. 'എന്റെ കക്ഷികള്‍ക്ക് ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ആര്‍ക്കും പരുക്കേറ്റില്ലെന്നതില്‍ ഞങ്ങളുടെ കക്ഷികള്‍ സമാധാനത്തിലാണ്. എന്നാല്‍ വലിയൊരു ദുരന്തമാണ് ഭാഗ്യം കൊണ്ടു മാത്രം ഒഴിവായത്. ഏതാനും അടി അകലത്തില്‍ ബഹിരാകാശ മാലിന്യം വീണിരുന്നെങ്കില്‍ ഗുരുതരമായ പരുക്കിനും ജീവന്‍ നഷ്ടപ്പെടാന്‍ പോലും സാധ്യതയുണ്ട്' മൈക്ക ന്യൂയെന്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ നാസ ഇതുവരെ തയ്യാറായിട്ടില്ല. ഒട്ടേറോ കുടുംബത്തിന്റെ നിയമപരമായ നടപടികളില്‍ പ്രതികരിക്കാന്‍ ആറു മാസം സമയമാണ് നാസ ചോദിച്ചിരിക്കുന്നത്.