ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച സ്റ്റാർലൈനർ പേടകത്തിന് തകരാർ ഏർപ്പെട്ടതിനാൽ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിയ സംഭവത്തിൽ നാസയ്‌ക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവാദവും ഉയർന്നിട്ടുണ്ട്. എന്നാൽ കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ് അവഗണിക്കുയായിരുന്നെന്നാണ് വിവാദം. നാസയ്ക്കൊപ്പം സ്റ്റാർലൈനർ നിർമാണ കമ്പനിയായ ബോയിങ്ങും വിവാദ നിഴലിലായി.എന്നാൽ നാസയും ബോയിങ്ങും ഈ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.

ഈ മാസം അഞ്ചിനാണ് സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. 13ന് തിരിച്ചുവരാനിരുന്ന ഇവരുടെ യാത്ര മാറ്റി വച്ച് 26ന് ആക്കിയിരുന്നു. ഇതും നടന്നില്ല.58 വയസ്സുള്ള സുനിത മൂന്നാം തവണയാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയായിരുന്നു ഇത്.നിരവധി പ്രതിസന്ധികളിലൂടെയാണ് ബോയിങ് ദൗത്യം കടന്നുപോയത്. സാങ്കേതികപ്പിഴവുകളാൽ രണ്ട് തവണ ദൗത്യം മാറ്റിവച്ചിരുന്നു. ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ച അവസാനഘട്ടത്തിൽ ദൗത്യം ദുഷ്കരമാക്കിയിരുന്നു. 

സ്പേസ് കമാൻഡർ ബാരി വിൽമോറും പൈലറ്റ് സുനിത വില്യംസും ബോയിങ് സ്റ്റാർലൈനറിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി ഓപ്പറേഷൻസ് സെന്ററിൽനിന്നു പുറത്തേക്കുവരുന്നു. Photo by Miguel J. Rodriguez Carrillo / AFP)
സ്പേസ് കമാൻഡർ ബാരി വിൽമോറും പൈലറ്റ് സുനിത വില്യംസും ബോയിങ് സ്റ്റാർലൈനറിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി ഓപ്പറേഷൻസ് സെന്ററിൽനിന്നു പുറത്തേക്കുവരുന്നു. Photo by Miguel J. Rodriguez Carrillo / AFP)

5 തവണ ഹീലിയം വാതകച്ചോർച്ച പേടകത്തിൽ സംഭവിച്ചു. 28 ത്രസ്റ്ററുകളുള്ളതിൽ ചിലതിനു തകരാറുണ്ട്.14 ത്രസ്റ്ററുകൾ വേണം തിരികെയെത്താൻ. 45 ദിവസം രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട് തുടരാനാകും. അപൂർവസന്ദർഭങ്ങളിൽ 72 ദിവസം വരെ തുടരാം. ഇതിനിടയിൽ പ്രശ്നം പരിഹരിച്ച് പേടകത്തിൽ തിരികെയെത്തിക്കാമെന്നാണ് നാസയുടെ പ്രതീക്ഷ.

യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. 2006ലും 2012ലും ബഹിരാകാശനിലയത്തിലെത്തിയ സുനിത കൂടുതൽ നേരം ബഹിരാകാശ നടത്തം ചെയ്ത രണ്ടാമത്തെ വനിത എന്ന നേട്ടം (50 മണിക്കൂർ 40 മിനിറ്റ്) സ്വന്തമാക്കിയിട്ടുണ്ട്.നാസയുടെ ഫ്രാൻസിസ്കോ റൂബിയോ ബഹിരാകാശ നിലയത്തിൽ നേരത്തെ കുടുങ്ങിയിരുന്നു. 2022 സെപ്റ്റംബറിൽ പോയ ഇദ്ദേഹം സഞ്ചരിച്ച സോയൂസ് പേടകത്തിൽ തകരാർ പറ്റിയതിനാൽ 2023 സെപ്റ്റംബർ 27ന് ആണ് തിരിച്ചെത്തിയത്. 371 ദിവസങ്ങൾ അദ്ദേഹം നിലയത്തിൽ ചെലവിട്ടു.

സുനിത എൽ. വില്യംസ്. Image Credits: Instagram/astronaut.sunitalynwilliams.fc
സുനിത എൽ. വില്യംസ്. Image Credits: Instagram/astronaut.sunitalynwilliams.fc

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും രക്ഷിക്കാനാകുമോയെന്ന സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് ആളുകളെ എത്തിക്കാനും തിരികെക്കൊണ്ടുവരാനും ശേഷി പ്രകടിപ്പിച്ചിട്ടുള്ളതാണ് സ്പേസ് എക്സ്. നേരത്തെ റഷ്യൻ സോയൂസ് പേടകത്തിന് ഒരു പ്രശ്നം സംഭവിച്ച് യാത്രികരെ തിരികെ എത്തിക്കാൻ സാധിക്കാതിരുന്നപ്പോൾ മറ്റൊരു സോയൂസ് പേടകം ഉപയോഗിച്ച് നാസ ഇതു സാധിച്ചിരുന്നു.

elon-musk-starliner - 1

ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും അടങ്ങിയ പേടകമാണ് സ്റ്റാർലൈനർ. യാത്രികർ സഞ്ചരിക്കുന്ന ഭാഗമാണ് ക്രൂമൊഡ്യൂൾ. പുനരുപയോഗപ്രദമായ പേടകമാണ് സ്റ്റാർലൈനർ. 7 പേരെ വരെ വഹിക്കാൻ ശേഷിയുള്ള ഇതിന് 13,000 കിലോഗ്രാമാണ് ഭാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com