25 വർഷത്തിനകം അന്യഗ്രഹജീവികളെ കണ്ടെത്തും! ദൗത്യവുമായി നാസ
Mail This Article
25 വർഷത്തിനിടെ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് നാസ. മനുഷ്യനെപ്പോലെ ബുദ്ധിയും വികാസവും സംഭവിച്ച അന്യഗ്രഹജീവികളെ കണ്ടെത്തുമോയെന്ന് ഏജൻസിക്ക് ഉറപ്പില്ലെങ്കിലും ഏതെങ്കിലും തരത്തിൻ സൗരയൂഥത്തിനു വെളിയിലുള്ള മേഖലകളിൽ ജീവൻ സൂക്ഷ്മതലത്തിലെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്താനായി ഹാബിറ്റബിൾ വേൾഡ്സ് ഒബ്സർവേറ്ററി (എച്ച്ഡബ്ല്യുഒ) എന്ന നൂതനദൗത്യം വിടാനുള്ള ഒരുക്കത്തിലാണ് നാസ.
അന്യഗ്രഹങ്ങളിൽ ജീവികൾ പുറപ്പെടുവിക്കുന്ന ജൈവ സിഗ്നലുകൾ കണ്ടെത്താനാണ് നാസയുടെ ശ്രമം.നാസയിലെ ചീഫ് സയന്റിസ്റ്റും അന്യഗ്രഹജീവനെ സജീവമായി തിരയുന്ന ഗവേഷകയുമായ ഡോ.ജെസ്സി ക്രിസ്ത്യാൻസെനിന്റെ അഭിപ്രായത്തിൽ എച്ച്ഡബ്ല്യുഒ അന്യഗ്രഹജീവൻ സംബന്ധിച്ച ഉത്തരം അടുത്ത കാലയളവിൽ തരുമെന്നത് തീർച്ചയാണത്രേ.
സൗരയൂഥത്തിനു വെളിയിൽ ചില നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഭൂമിക്കു സമാനമായ സാഹചര്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന 25 ഗ്രഹങ്ങളെങ്കിലുമുണ്ട്.ഇവയെ എച്ച്ഡബ്ല്യുഒ നിരീക്ഷിക്കും.സൂപ്പർ ഹബ്ബിൾ എന്നാണ് ഈ ദൗത്യത്തിനു ഗവേഷകർ നൽകിയിരിക്കുന്ന പേര്. നാസ പതിറ്റാണ്ടുകൾക്ക് മുൻപ് അവതരിപ്പിച്ച പ്രമുഖമായ ഒരു ബഹിരാകാശ നിരീക്ഷണ ദൗത്യമാണ് ഹബ്ബിൾ.
പുതിയ പദ്ധതിക്കായി നോർത്രോപ് ഗ്രുമ്മൻ, ലോക്ക്ഹീഡ് മാർട്ടിൻ, ബാൾ എയ്റോസ്പേസ് തുടങ്ങിയ കമ്പനികളുമായി നാസ കരാറിലേർപ്പെട്ടിട്ടുണ്ട്. 1100 കോടി യുഎസ് ഡോളർ ഈ ദൗത്യത്തിന്റെ ചെലവിനായി യുഎസ് സർക്കാർ മുടക്കുന്നുണ്ട്.