വിഗാനെല്ലയിലെ വിസ്മയം! സൂര്യൻ വിരുന്നുവന്ന ഇറ്റാലിയൻ പട്ടണം
Mail This Article
ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവെന്ന് ഒരു പ്രശസ്തവാചകമുണ്ട്. സത്യവുമാണ് അത്. ആവശ്യങ്ങൾ ഉടലെടുക്കുമ്പോൾ അതു പൂർത്തീകരിക്കാനായി പുതുമയേറിയ മാർഗങ്ങൾ മനുഷ്യർ അവലംബിക്കും. ഇത്തരത്തിലുള്ള ബുദ്ധികൾ ലോകത്ത് പലയിടത്തും നടപ്പാക്കിയിട്ടുണ്ട്. ഇവയിൽ പലതും വിസ്മയകരവുമാണ്.
വിഗാനെല്ലയിൽ സൂര്യനെ എത്തിച്ച കഥ
ഇറ്റലിയിലെ വിഗാനെല്ലയിൽ സൂര്യപ്രകാശം മാസങ്ങളോളമുണ്ടാകില്ല.ഇറ്റലി–സ്വിറ്റ്സർലൻഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിഗാനെല്ല മലകളാൽ ചുറ്റപ്പെട്ടതാണ്.ഇവിടെ താമസിക്കുന്നവർക്ക് കൃത്യമായി സൂര്യപ്രകാശമേൽക്കാത്തതിനാൽ ശരീരത്തിലെ സെറട്ടോണിൻ അളവുകളിലൊക്കെ കുറവ് വന്നു. 13ാം നൂറ്റാണ്ട് മുതൽ തന്നെ വിഗാനെല്ലയിൽ ആളുകൾ താമസമുറപ്പിച്ചിരുന്നു.നവംബറിൽ ശൈത്യകാലം തുടങ്ങുന്നതോടെ പിന്നീട് സൂര്യപ്രകാശമെത്തുന്നതു കുറഞ്ഞില്ലാതാകും. പിന്നെ ഇത് അടുത്ത വേനലിലാകും മാറുക.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആയിരം മീറ്ററോളം കുത്തനെ ഉയരമുള്ള ഒരു മലയാണു ശൈത്യകാലത്ത് വിഗാനെല്ലായിലേക്കുള്ള സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തി അവിടെ നിഴൽവീഴ്ത്തുന്നത്. ഇതിനുള്ള ശ്രമം പരിഹാരശ്രമം തുടങ്ങിയത് 1999 ൽ പട്ടണത്തിന്റെ മേയറായിരുന്ന ഫ്രാൻകോ മിഡാലിയാണ്.
1000 മീറ്റർ ഉയരമുള്ള, പ്രകാശത്തെ തടയുന്ന മലയ്ക്ക് അഭിമുഖമായി മറ്റൊരു മലയുണ്ട്. ഈ രണ്ട് മലകളുടെയും അടിവാരത്താണ് വിഗാനെല്ല. എതിരായി നിൽക്കുന്ന മലയിൽ 500 മീറ്റർ ഉയരത്തിൽ ഒരു വലിയ കണ്ണാടി സ്ഥാപിച്ചാൽ ശൈത്യകാലത്ത് വിഗാനെല്ലയിലേക്കു പ്രകാശമെത്തിക്കാമെന്ന് എൻജിനീയർമാർ കണക്കുകൂട്ടി.
ഒരു ലക്ഷം യൂറോ ചെലവു വരുന്നതായിരുന്നു പദ്ധതി. എട്ടുമീറ്റർ വീതിയും അഞ്ച് മീറ്റർ പൊക്കവുമുള്ള ഒരു കണ്ണാടി അവർ മുൻ നിശ്ചയിച്ചതു പ്രകാരം മലഞ്ചെരുവിൽ സ്ഥാപിച്ചു. വലിയ മലയുടെ നിഴലിന്റെ ഇരുട്ടിൽ വീണു കിടക്കുന്ന വിഗാനെല്ലയിലേക്ക് ഈ കണ്ണാടി പ്രകാശം പ്രതിഫലിപ്പിച്ചു.
ശൈത്യകാലത്ത് ആദ്യമായി ഇവിടെ പ്രകാശം പരന്നു
ദിവസം ആറുമണിക്കൂറോളം കണ്ണാടി ഇത്തരത്തിൽ പ്രകാശം പ്രതിഫലിപ്പിക്കും. സൂര്യന്റെ ചലനങ്ങൾക്കനുസരിച്ച് ഇതിന്റെ ചലനവും നിയന്ത്രിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനങ്ങളുണ്ട്.ഇത്തരത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശം യഥാർഥ സൂര്യപ്രകാശത്തെപ്പോലെ കരുത്തുറ്റതല്ല. എന്നാൽ വിഗാനെല്ലയ്ക്കു ചൂടും നല്ല വെളിച്ചവും ഇതുവഴി കിട്ടും. ഏതു പ്രതിബന്ധത്തിനും ഒരു മറുമരുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ സംഭവം.