മൂവായിരം വര്‍ഷം പഴക്കമുള്ള, 7.2 അടി വലുപ്പമുള്ള കൂറ്റന്‍ മുതല, വയറിനുള്ളിൽ വെങ്കല ചൂണ്ട; ബലിയര്‍പ്പിച്ച ആ ജീവി!
Mail This Article
സഹസ്രാബ്ദങ്ങള്‍ മുമ്പുള്ള മനുഷ്യജീവിതത്തിന്റേയും ചരിത്രത്തിന്റേയും തെളിവുകള്‍ ഒളിപ്പിച്ചിരിക്കുന്നതിനാലാണ് ഓരോ 'മമ്മി'യും അമൂല്യങ്ങളാവുന്നത്. ഈജിപ്തില്‍ നിന്നും കണ്ടെടുത്ത മുതലയും വ്യത്യസ്തമല്ല. ഈ മുതല 'മമ്മി'യുടെ വയറ്റിലുണ്ടായിരുന്നത് പൗരാണിക ഈജിപ്ഷ്യന്‍ വിശ്വാസങ്ങളും ആചാരങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നു. മമ്മിയെ തൊടുക പോലും ചെയ്യാതെ അവക്കുള്ളിലെ വിശദാംശങ്ങള്‍ പുറത്തെത്തിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ വഴി ഇന്ന് സാധിക്കുന്നു.
ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന 7.2 അടി വലുപ്പമുള്ള കൂറ്റന്‍ മുതലയുടെ മമ്മിയാണ് പുരാവസ്തു ഗവേഷകര്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത്. ഈ മുതലയുടെ വയറ്റില്‍ നിന്നും വെങ്കലത്തില്‍ നിര്‍മിച്ച ചൂണ്ട കൊളുത്ത് കണ്ടെടുത്തിട്ടുണ്ട്. ഭക്ഷണമാക്കിയ മീന്‍ ദഹിക്കും മുമ്പേ ജീവന് നഷ്ടമായ ഈ മുതലയുടെ വയറ്റിലാണ് വിവരങ്ങള്‍ പലതുമുള്ളത്.
മനുഷ്യ നിര്‍മിത വെങ്കല കൊളുത്ത് ഈ മുതലയെ മനുഷ്യന് ജീവനോടെ പിടികൂടിയതാണെന്ന സൂചന നല്കുന്നു. ഈ മുതലയെ ഈജിപ്ഷ്യന്‍ മുതല ദൈവമായ സോബക്കിനു വേണ്ടി ബലിയര്‍പിക്കാന്‍ തെരഞ്ഞെടുത്തതായിരുന്നു. സാധാരണ മനുഷ്യരെ മമ്മിയാക്കുമ്പോള്‍ ആന്തരാവയവങ്ങള്‍ എടുത്തു മാറ്റുന്ന പതിവുണ്ട്. എന്നാല്‍ ഈ മുതലയുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുകെയില്‍ നിന്നുള്ള ഗവേഷക സംഘത്തിന് അധികമായി പല വിവരങ്ങളും ലഭിക്കുകയും ചെയ്തു.
'നേരത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്തും മമ്മി തുറന്നു നോക്കിയുമൊക്കെയാണ് വിശദാംശങ്ങളും തെളിവുകളും കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്ന് മമ്മിയെ പോറലേല്പിക്കാതെ തന്നെ ഉള്ളിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളുണ്ട്. 3ഡി റേഡിയോഗ്രാഫി പോലുള്ള സാങ്കേതിവിദ്യകള്‍ ഈ സുപ്രധാന വസ്തുക്കളെ തൊടാതെ തന്നെ തെളിവുകള്‍ ശേഖരിക്കാന്‍ സഹായിക്കുന്നു' മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ ആര്‍ക്കിയോളജിസ്റ്റായ ലിഡിജ മക്നൈറ്റ് പറയുന്നു.
നേരത്തെയും സമാനമായ മുതലമമ്മികളെ കണ്ടെത്തിയിട്ടുണ്ട്. ക്രോകൊഡൈല്‍ മമ്മി 2005.335 എന്ന മമ്മിയിലെ മുതലയുടെ വയറ്റില്‍ നിറയെ മുട്ടകളും ഒരു എലിയുടേയും പ്രാണിയുടേയും അവശിഷ്ടങ്ങളും തൂവലുകളും മീനുകളുടെ മുള്ളുകളുമെല്ലാം കണ്ടെത്തിയിരുന്നു. ഈ ഭക്ഷണമെല്ലാം കഴിച്ച് ഏറെ വൈകാതെയാണ് ഈ മുതലക്ക് ജീവന് നഷ്ടമായിട്ടുള്ളത്. വ്യത്യസ്തമായ ഈ ഭക്ഷണങ്ങളും മരണവും സൂചിപ്പിക്കുന്നത് ഈ മുതലയെ ബലി കൊടുത്തതായിരിക്കാം എന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
നൈല്‍ നദിയുടേയും മുതലകളുടേയും ദേവനായി ആരാധിച്ചിരുന്ന സോബക്കിനെ പ്രീതിപ്പെടുത്താനാണ് മുതലകളെ ഈജിപ്തുകാര്‍ പിടികൂടി ബലി നല്‍കിയിരുന്നത്. ഭക്ഷ്യശൃംഘലയിലെ മുകളിലുള്ള ജീവികളെന്ന നിലയില്‍ അക്കാലത്തെ ഈജിപ്തുകാര്‍ മുതലകളെയും ആരാധിച്ചിരുന്നു. അപകടം ഒഴിവാക്കാനും മോശം ശക്തികളെ അകറ്റി നിര്‍ത്താനുമെല്ലാം മുതല രൂപങ്ങളെ ഇവര്‍ ഉപയോഗിച്ചിരുന്നു. ധാരാളം മുതലകളുള്ള പ്രദേശം കൃഷിക്ക് അനുയോജ്യമാണെന്ന വിശ്വാസവും ഇവര്‍ക്കിടയിലുണ്ടായിരുന്നു.
മുതലകളെ മാത്രമല്ല മറ്റു പല ജീവജാലങ്ങളേയും അക്കാലത്ത് മമ്മികളാക്കിയിരുന്നു. ചെറു കീടങ്ങള്‍ മുതല്‍ പക്ഷികളും പട്ടികളും വരെ മനുഷ്യര്‍ക്കൊപ്പം മമ്മികളായി. ഏതാണ്ട് ഏഴു കോടി മൃഗങ്ങളെ ബലിയര്‍പിച്ച് മമ്മികളാക്കി ഈജിപ്തുകാര്‍ അന്ന് മാറ്റിയെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും നല്ല രീതിയില്‍ മമ്മികളാക്കി സൂക്ഷിച്ചവ മാത്രമാണ് സഹസ്രാബ്ദങ്ങളെ അതിജീവിച്ച് നമുക്ക് മുന്നിലെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ് ഇന്‍ ആര്‍ക്കിയോളജി ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജിലാണ് മുതല മമ്മിയെക്കുറിച്ചുള്ള പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.