ADVERTISEMENT

ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഭീകര രൂപിയായ ജീവി ഏതെന്ന ചോദ്യം വന്നാല്‍ ഉത്തരങ്ങള്‍ ദിനോസറുകളിലേക്കു നീളും. ഏറ്റവും കൂടുതല്‍ ലഭിക്കാവുന്ന ഉത്തരം ടി റെക്‌സ് എന്ന ഭീകര രൂപിയായ ദിനോസറിന്റേതാണ്. ദിനോസറുകളുടെ കൂട്ടത്തിലെ രാജാവെന്ന് അറിയപ്പെടുന്ന ടി റെക്‌സിന് ഒറ്റ കടിക്ക് ഇപ്പോള്‍ നിരത്തിലോടുന്ന കാറുകളെ കടിച്ചു കുടഞ്ഞെറിയാനാവും. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അറിയുന്നതിനേക്കാള്‍ വലുപ്പവും ഭാരവുമുണ്ടായിരുന്നു ടി റെക്‌സുകള്‍ക്കെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. 

ഫോസില്‍ വെച്ചുള്ള കണക്കുകൂട്ടലില്‍ ടി റെക്‌സിന് ഏകദേശം 12 മീറ്റര്‍(39 അടി) നീളവും 8.8(8,800 കീഗ്രാം) ടണ്‍ ഭാരവുമുണ്ട്. 6.60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഈ ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തിയതു തന്നെ അത്യപൂര്‍വമാണ്. ദിനോസറുകളെക്കുറിച്ചുള്ള ധാരണകളെ മാറ്റി മറിക്കാന്‍ പോന്നതായിരുന്നു ടിറെക്‌സ് ഫോസിലിന്റെ കണ്ടെത്തല്‍. എങ്കിലും കണ്ടെത്തിയ ടി റെക്‌സിനേക്കാള്‍ ഭീകരരൂപികളായിരുന്ന ടി റെക്‌സുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. 

Tyrannosaurus rex Walked Slower than Previously Thought

കംപ്യൂട്ടര്‍ മോഡലുകള്‍ വെച്ചു നടത്തിയ പഠനമാണ് ഫോസിലുകള്‍ കാണിച്ചു തന്ന ടി റെക്‌സിനേക്കാള്‍ വലിയ ടി റെക്‌സുകള്‍ ഭൂമിയിലുണ്ടായിരുന്നുവെന്ന് തെളിയിച്ചത്.ഭൂമിയിലുണ്ടായിരുന്നതിനേക്കാൾ നിലവിൽ 70 ശതമാനം അധികം വലിപ്പമുള്ള ജീവികളായിരുന്നു ടിറെക്‌സുകളെന്നത് ഈ ദിനോസറിനെക്കുറിച്ചുള്ള ധാരണകളെ പിന്നെയും ഭീകരമാക്കുന്നു. നിലവില്‍ 8.8 ടണ്‍ എന്നു കരുതുന്ന ടിറെക്‌സിന് 15 ടണ്‍ വരെ ഭാരമുണ്ടായിരുന്നു. 12 മീറ്റര്‍ വലിപ്പമുണ്ടായിരുന്നുവെന്ന് കരുതിയിരുന്നത് 15 മീറ്റര്‍(49 അടി) വരെ വലിപ്പമാകാമെന്നാണ് ശാസ്ത്രം പറുന്നത്. 

ഒരു ബസിന് ശരാശരി 12- 13 മീറ്ററാണ് വലിപ്പം. ബസിന്റെ നീളവും കാറിനെ കടിച്ചെടുത്ത് വലിച്ചെറിയാന്‍ ശേഷിയുള്ള പല്ലുകളുമുള്ള ഭീകരജീവിയായിരുന്നു ടി റെക്‌സ്. ശരാശരി മനുഷ്യന്റെ ഉയരം അഞ്ച് അടി ഒമ്പത് ഇഞ്ചാണെങ്കില്‍ ടിറെക്‌സ് 49 അടി വരെ വളര്‍ന്നിരുന്നു. മനുഷ്യന്റെ ശരാശരി ഭാരം 62 കിലോഗ്രാമെങ്കില്‍ ടിറെക്‌സിന്റെ ഭാരം 1,500 കിലോഗ്രാം വരെ പോയിരുന്നുവെന്നാണ് കംപ്യൂട്ടര്‍ മോഡലുകള്‍ പറയുന്നത്. 

ജേണല്‍ ഇക്കോളജി ആന്റ് ഇവല്യൂഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലേയും കാനഡയിലെ കനേഡിയന്‍ മ്യൂസിയം ഓഫ് നാച്ചുറിലേയും ഗവേഷകരാണ് ടിറെക്‌സിലുള്ള പുതിയ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'ടി റെക്‌സ് പോലുള്ള ദിനോസറുകളുടെ ഫോസിലുകളില്‍ നിന്നു ലഭിച്ച തെളിവുകളേക്കാള്‍ വലുതായിരുന്നു അവയുടെ രൂപം. ഫോസിലുകളെ മാത്രം അടിസ്ഥാനപ്പെടുത്തി ഇത്തരം ജീവികളുടെ വലിപ്പം നിര്‍ണയിക്കാന്‍ നമുക്ക് സാധിക്കില്ലെന്നതിന്റെ തെളിവുകളാണ് പുതിയ പഠനം നല്‍കുന്നത്' ഗവേഷണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഡോ. ജോര്‍ദാന്‍ മാലണ്‍ പറഞ്ഞു. 

ടിറെക്‌സുകളുടെ പല്ലുകളില്‍ ഇരുമ്പ് കൂടിയ അളവില്‍ ഉണ്ടായിരുന്നുവെന്ന് മറ്റൊരു പഠനം സൂചിപ്പിക്കുന്നുണ്ട്. മാംസഭുക്കുകളായ ടിറെക്‌സിന് ഇരകളെ എളുപ്പം കടിച്ചു കീറാന്‍ ഇതുവഴി സാധിച്ചിരുന്നു. കിങ്‌സ് കോളജ് ലണ്ടനിലെ ഡോ. ആരോണ്‍ ലെബ്ലാങ്കാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. കൊമാഡോ ഡ്രാഗണുകളിലേതിന് സമാനമായ വളഞ്ഞ പല്ലുകള്‍ ഇരകളെ കടിച്ചു കീറാന്‍ ഇത്തരം ദിനോസറുകളിലുണ്ടായിരുന്നുവെന്നാണ് ഈ പഠനം പറയുന്നത്. കൊമാഡോ ഡ്രാഗണുകളുടെ പല്ലുകളിലും കൂടിയ അളവില്‍ ഇരുമ്പ് കാണപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com