350 ഛിന്നഗ്രഹങ്ങളെ ചുറ്റി ചന്ദ്രൻമാർ; ഗയ്യയുടെ ശ്രദ്ധേയമായ കണ്ടെത്തൽ
Mail This Article
അടുത്ത കാലത്ത് വിക്ഷേപിക്കപ്പെട്ടതിൽ വലിയ വിജയകരമായി മാറിയ ദൗത്യമാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയ്യ സ്പേസ് ടെലിസ്കോപ്. അനേകം നക്ഷത്രങ്ങളെ ഗയ്യ ദൗത്യം നിരീക്ഷിച്ചിരുന്നു. ഏറെ പ്രത്യേകതയുള്ള ഒരു കണ്ടെത്തൽ ഗയ്യ നടത്തിയിരുന്നു. ഏകദേശം 350ൽ ഏറെ ഛിന്നഗ്രഹങ്ങൾക്ക് തങ്ങളെ ചുറ്റി ഛിന്നഗ്രഹ ചന്ദ്രൻമാരുണ്ടെന്നാണ് ഗയ്യ പുതുതായി കണ്ടെത്തിയിരിക്കുന്നത്.ഛിന്നഗ്രഹവും അതിനെച്ചുറ്റുന്ന ഛിന്നഗ്രഹചന്ദ്രനും ഉൾപ്പെടുന്ന സംവിധാനത്തിനെ ബൈനറി എന്നാണ് വിശേഷിപ്പിക്കുന്നത്.
വളരെ അപൂർവമായി മാത്രമാണ് ബൈനറി ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. പ്രപഞ്ചത്തിലുള്ള മൊത്തം ഛിന്നഗ്രഹങ്ങളുടെ ആറിലൊന്നും ബൈനറി സംവിധാനത്തിലുള്ളതാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്.എന്നാൽ മനുഷ്യരാശിക്ക് ഇന്ന് നൂറുകോടി ഛിന്നഗ്രഹങ്ങളെ അറിയാം, അതിൽ കേവലം 500 എണ്ണം മാത്രമാണ് ബൈനറി സംവിധാനത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇനിയും ധാരാളം ബൈനറി ഛിന്നഗ്രഹങ്ങളെ കണ്ടെത്താനുണ്ടെന്ന വസ്തുതയിലേക്ക് വിരൽചൂണ്ടുന്നതാണ് ഗയ്യയുടെ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സൗരയൂഥം നൂറുകോടിക്കണക്കിനു വർഷം മുൻപ് എങ്ങനെയാണിരുന്നതെന്ന വിവരം നൽകുന്നവയാണ് ഛിന്നഗ്രഹങ്ങൾ. അതിനാൽ തന്നെ ഛിന്നഗ്രഹനിരീക്ഷണത്തിന് പ്രസക്തി വർധിച്ചു വരുന്നുണ്ട്. 2013ൽ ആണ് ഗയ്യ നിരീക്ഷണപേടകത്തെ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ചത്. 2025 വരെ ഇതു പ്രവർത്തിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം.