കിസ്സസ് ഫ്രം സ്പേസ്; അന്ന മേനോൻ സ്പേസ് എക്സ് ഡ്രാഗണിൽ ഭ്രമണപഥത്തിലിരുന്നു കുട്ടികൾക്കായി ആ കഥ വായിക്കും!
Mail This Article
പൊളാരിസ് ഡോൺ എന്ന പേരിലുള്ള 5 ദിന ദൗത്യത്തിനായി സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നയുൾപ്പെടെ 4 ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും.
അന്നമേനോന്‍ ബഹിരാകാശ ഉയരങ്ങൾ കീഴടക്കുമ്പോൾ മക്കളായി ജെയിംസും ഗ്രെയ്സുമുള്‍പ്പടെയുള്ള കുട്ടികളുടെ കുരുന്നു മനസുകളിലും സന്തോഷം പരക്കും, കാരണം സെൻറ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിലേക്ക് പണം സ്വരൂപിക്കുന്നതിനായി അന്ന മോനോൻ തന്റെ കിസസ് ഫ്രം സ്പെയ്സ് എന്ന പുസ്തകം വായിക്കും, ബഹിരാകാശത്ത് നിന്ന് മക്കൾക്ക് ചുംബനങ്ങൾ അയക്കുന്ന അമ്മ ഡ്രാഗണിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണ് പുസ്തകം.
ലോസ് ഏഞ്ചൽസിലെ സ്പേസ് എക്സ് ആസ്ഥാനത്ത് ജോലി ചെയ്യുമ്പോൾ കുട്ടികളുമായി ഡേ കെയറിലേക്കുള്ള യാത്രയിൽ ധാരാളം സാങ്കൽപിക കഥകൾ പങ്കുവയ്ക്കുമായിരുന്നു.പൊളാരിസ് ഡോൺ ക്രൂവിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് പോകുമ്പോൾ അന്ന തന്റെ കുട്ടികളുമായി ബന്ധപ്പെടാനും ഒപ്പം സ്നേഹത്തിന് ഏതു ദൂരവും മറികടക്കാനാകുമെന്നു തെളിയിക്കാനും തീരുമാനിച്ചു. ബഹിരാകാശത്തോളം ദൂരെയായിരുന്നില്ലെങ്കിലും, കുട്ടികളിൽ നിന്ന് അകന്നിരിക്കുന്ന ഏതൊരു മാതാപിതാക്കൾക്കും പ്രചോദനമാകുന്ന ഈ കഥകളുടെ വായന അന്നയുടെ കുട്ടികൾക്കും സെൻറ് ജൂഡ് ചിൽഡ്രൻസ് ആശുപത്രിയിലെ കുട്ടികൾക്കുമായി പങ്കുവയ്ക്കും. ഭ്രമണപഥത്തിൽ വായിക്കുന്ന പുസ്തകത്തിന്റെ കോപ്പി നാല് പോളാരിസ് ഡോൺ ക്രൂ അംഗങ്ങളും ഒപ്പിട്ട് ആശുപത്രിക്ക് പണം സ്വരൂപിക്കുന്നതിനായി ലേലം ചെയ്യും
പൊളാരിസ് ഡോൺ ദൗത്യം
സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്തുന്ന ആദ്യ ബഹിരാകാശ നടത്ത (സ്പേസ് വോക്) ദൗത്യ സംഘത്തിലെ ക്രൂ മെമ്പറാണ് സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്ന. അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ ഇവരുടെ പേടകം സഞ്ചരിക്കും.
ഇത്തരമൊരു യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതകളാണ് അന്നയും ഗിലിസും. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാവും ഇവർ ബഹിരാകാശത്തു നടക്കുന്നത്. ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗിലിസ്, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.