അയ്യായിരം വർഷം പഴക്കമുള്ള ആദിമ സമൂഹം മൊറോക്കോയിൽ; നിർണായക വിവരങ്ങൾ
Mail This Article
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ അയ്യായിരം വർഷം പഴക്കമുള്ള ആദിമ കാർഷിക സമൂഹത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി. ആഫ്രിക്കയിൽ നൈൽ താഴ്‌വരയ്ക്ക് വെളിയിൽ കണ്ടെത്തപ്പെട്ട ഏറ്റവും പഴക്കമുള്ള സമൂഹമാണ് ഇത്. കാർഷികസംസ്കൃതി നിലനിന്നിരുന്ന ഇവിടത്തെ ജനങ്ങൾ മെഡിറ്ററേനിയൻ നാടുകളിലെ ആളുകളുമായി വ്യാപാരം നടത്തിയിരുന്നു. പ്രശസ്തമായ ട്രോയ് നഗരം വെങ്കലയുഗത്തിൽ കൈവരിച്ച വ്യാപ്തിയും വിസ്തൃതിയും ഈ സമൂഹവും കൈവരിച്ചിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
വടക്കൻ മൊറോക്കോയിലാണ് ഈ പ്രാചീന സ്ഥലം നിലനിൽക്കുന്നത്. ക്വെഡ് ബെഹ്റ്റ് എന്നു പേരുള്ള ഇത് 1930ൽ ഫ്രഞ്ച് കൊളോണിയൽ സംഘങ്ങളാണ് കണ്ടെത്തിയത്. 9 പതിറ്റാണ്ടോളം ഈ സ്ഥലത്തിന്റെ പ്രാധാന്യം പുരാവസ്തു ഗവേഷകർ തിരിച്ചറിഞ്ഞിരുന്നില്ല. മൊറോക്കൻ പുരാവസ്തു ഗവേഷകനായ യൂസുഫ് ബോക്ബോട്ടാണ് ഇവിടെ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങൾ കണ്ടെത്തിയത്. ആന്റിക്വിറ്റി എന്ന ജേണലിൽ ഈ ഗവേഷണം പ്രസിദ്ധീകരിച്ചു.
3400 ബിസി മുതൽ 2900 ബിസി വരെയുള്ള കാലഘട്ടത്തായിരുന്നു ഈ മേഖല സജീവമായുള്ളത്. സഹാറ, ഐബീരിയൻ പെനിന്‍സുല, മധ്യപൂർവ ദേശം തുടങ്ങിയിടങ്ങളിൽ നിന്നുള്ള കർഷകർ ഇവിടെ താമസിച്ചിരുന്നു.
ബാർലി, ഗോതമ്പ്, പയർ, ഒലീവ്, പിസ്താഷ്യോ തുടങ്ങിയവ വളർത്തിയിരുന്ന കർഷകരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ചെമ്മരിയാട്, ആടുകൾ, പന്നികൾ, കന്നുകാലികൾ തുടങ്ങിയവയെ ഇവിടെ വളർത്തിയിരുന്നു.