സൗരയൂഥത്തിന്റെ കേന്ദ്രഭാഗത്തെ ദുരൂഹ തമോഗർത്തം സൃഷ്ടിക്കപ്പെട്ടത് ആദിമകാലത്തെ ലയനത്തിൽ!
Mail This Article
ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ ഏറെ ചർച്ച ചെയ്യുന്ന ഒരു പ്രാപഞ്ചിക വസ്തുവാണ് സൂപ്പർമാസീവ് ബ്ലാക്ക്‌ഹോൾ അഥവാ അതിപിണ്ഡ തമോഗർത്തം. സൂര്യനെക്കാളൊക്കെ 100 കോടി മടങ്ങ് പിണ്ഡമുള്ളതാണ് ഈ അതിപിണ്ഡ തമോഗർത്തങ്ങൾ.
സൗരയൂഥത്തിന്റെെ കേന്ദ്രസ്ഥാനത്തും ഒരു അതിപിണ്ഡ തമോഗർത്തമുണ്ട്. സജിറ്റേറിയസ് എ സ്റ്റാർ എന്നറിയപ്പെടുന്ന ഈ തമോഗർത്തത്തിന്‌റെ പിറവി സംബന്ധിച്ച് പുതിയൊരു സിദ്ധാന്തം പുറത്തുവന്നിരിക്കുകയാണ്. 900 കോടി വർഷം മുൻപ് മറ്റൊരു തമോഗർത്തവുമായി കൂടിച്ചേർന്നാണ് ഈ തമോഗർത്തം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സിദ്ധാന്തം. നേച്ചർ ആസ്‌ട്രോണമി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്
ക്ഷീരപഥവും ഗയ്യ-എൻസെലാദസ് ഗ്യാലക്‌സി എന്നൊരു താരാപഥവും തമ്മിൽ കൂടിച്ചേർന്നപ്പോഴാണ് തമോഗർത്തങ്ങളുടെ കൂടിച്ചേരലും സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. ഇതിന്റെ ചുരുളിലെ കൈകളിൽ ഒന്നിലാണ് നമ്മുടെ സൗരയൂഥം ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥിതി ചെയ്യുന്നത്.
1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. അക്കാലത്ത് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് നിന്നു വരുന്ന ദുരൂഹമായ റേഡിയോതരംഗങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു.
എൺപതുകളുടെ തുടക്കത്തിൽ റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ രണ്ട് യുവശാസ്ത്രജ്ഞർ ഈ റേഡിയോതരംഗത്തിനടുത്ത് നക്ഷത്രങ്ങൾ അതിവേഗതയിൽ പോകുന്നത് കണ്ട് ഇവയുടെ ചലനം വിലയിരുത്തി. തുടർന്നാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് തമോഗർത്തമാണ് സ്ഥിതി ചെയ്യുന്നതെന്ന തിരിച്ചറിയലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്.
സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
സൂര്യനെക്കാൾ 43 ലക്ഷം മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. നക്ഷത്രങ്ങളുടെ പരിണാമദശയ്ക്കൊടുവിലെ സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്.
എന്നാൽ ഇവയിൽ പലതും ശരാശരി, മധ്യനിര തമോഗർത്തങ്ങളാണ്. സജിറ്റേറിയസ് എ സ്റ്റാറിനെപ്പോലെ അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്‌ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്. മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളാകുന്നതാണെന്നു മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.