80000 വർഷത്തിൽ ഒരിക്കൽമാത്രം ഭൂമിയുടെ അടുത്തെത്തുന്ന അപൂർവ വാൽ നക്ഷത്രം; കേരളത്തിലും ദൃശ്യമായി: ചിത്രങ്ങൾ
Mail This Article
സുചിൻസാൻ–അറ്റ്ലസ് എന്ന അപൂർവ വാൽനക്ഷത്രം കേരളത്തിലും ദൃശ്യമായി. കഴിഞ്ഞ ഒരാഴ്ചയായി ഇതു ലോകത്തിന്റെ പലഭാഗങ്ങളിലും ദൃശ്യമായിരുന്നെങ്കിലും കേരളത്തിൽ കഴിഞ്ഞ 2 ദിവസമായാണ് വ്യക്തമായി കാണാൻ കഴിഞ്ഞത്. ഏകദേശം 80000 വർഷത്തിൽ ഒരിക്കലാണ് ഇതു ഭൂമിക്കരികിലെത്തുന്നതെന്ന് കരുതപ്പെടുന്നു. രാഹുൽ വിശ്വം എന്ന അമച്വർ വാന നിരീക്ഷകൻ തന്റെ ഡിഎസ്എൽആർ ക്യാമറയിൽ പകര്‍ത്തിയ ചിത്രങ്ങൾ കാണാം.
സൗരയൂഥത്തിലെ വിദൂരമേഖലയിലുള്ള ഊർട്ട് ക്ലൗഡിലാണ് ഈ വാൽനക്ഷത്രത്തിന്റെ ഉദ്ഭവസ്ഥാനം. 2023 ജനുവരി 9ന് ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിയാണ് ഈ വാൽ നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചത്.പരിക്രമണ കാലയളവ് ഏകദേശം 1.4 ബില്യൺ വർഷമായി കണക്കാക്കപ്പെടുന്നു.
ദശാബ്ദങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായിരിക്കും ഇത്.ഈ വാൽനക്ഷത്രം അവസാനമായി ഭൂമി സന്ദർശിച്ചത് ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ്.ഇതുപോലുള്ള ധൂമകേതുക്കൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്.
വാൽനക്ഷത്രങ്ങളിൽ പാറയ്‌ക്കൊപ്പം തന്നെ വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്പോൾ വാതകങ്ങൾ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും.