3 ടണ്ണോളം ഭക്ഷണവും ഇന്ധനങ്ങളും ബഹിരാകാശ നിലയത്തിലെത്തിച്ചു, അസാധാരണ ദുർഗന്ധം! പിന്നെ സംഭവിച്ചത്!
Mail This Article
നവംബർ 21ന് ആയിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള(ISS) പ്രോഗ്രസ് സപ്ലൈ മിഷൻ ആരംഭിച്ചത്. 23ന് ഡോക്ക് ചെയ്‌ത ഒരു റഷ്യൻ പ്രോഗ്രസ് ബഹിരാകാശ പേടകത്തിൽ നിന്ന് അസാധാരണ ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ബഹിരാകാശ പേടകത്തെ ഐഎസ്എസുമായി ബന്ധിപ്പിക്കുന്ന ഹാച്ച് അടച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പ്രോഗ്രസ് ബഹിരാകാശ പേടകം എത്തിച്ച വസ്തുക്കളിൽനിന്നായിരിക്കും ദുർഗന്ധം ഉത്ഭവിച്ചതെന്ന് നാസ അധികൃതർ പറഞ്ഞു . ബഹിരാകാശ പേടകത്തിൽ കൊണ്ടുപോകുന്ന വസ്തുക്കളിൽ നിന്നും വാതകങ്ങൾ അല്ലെങ്കിൽ അസ്ഥിര ജൈവ സംയുക്തങ്ങൾ പുറത്തുവിടുന്നതിനെയാണ് ഔട്ട്ഗ്യാസിങ് എന്ന് സൂചിപ്പിക്കുന്നത്.
ജോലിക്കാർ ഹാച്ച് അടച്ചതിനുശേഷം, എയർ സ്‌ക്രബിങ് ഉപകരണങ്ങൾ സജീവമാക്കി. നവംബർ 24 ഞായറാഴ്‌ചയോടെ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ക്രൂവിന് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫ്ലൈറ്റ് കൺട്രോളർമാർ സ്ഥിരീകരിച്ചു.
ദുർഗന്ധം പെട്ടെന്ന് ഇല്ലാതായതോടെ ചരക്ക് കൈമാറ്റ പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ നടന്നു. ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡിഷൻ 72 ക്രൂവിന് ഏകദേശം മൂന്ന് ടൺ ഭക്ഷണവും ഇന്ധനവും സാധനങ്ങളുമാണ് റോസ്‌കോസ്‌മോസ് ബഹിരാകാശ പേടകം എത്തിച്ചിരിക്കുന്നത്. മാത്രമല്ല ബഹിരാകാശ നിലയത്തിലെ മാലിന്യങ്ങളുമായി 6 മാസത്തിനകം തിരിച്ചുവരികയും ചെയ്യും.
മടങ്ങി വരവിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു
സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചു. 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ത്രസ്റ്റർ തകരാറുകളാലും ഹീലിയം ചോർച്ചയാലും ക്രൂവിന്റെ തിരിച്ചുവരവിന് സുരക്ഷിതമല്ലാതായി ഇരുവരും അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.
സുരക്ഷിതമായ ഒരു ബദൽ യാത്രാ മാർഗം ലഭിക്കുന്നതുവരെ ഐഎസ്എസിൽ നിലനിർത്താൻ നാസ തീരുമാനിച്ചു. ഇനി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സ്യൂളിൽ വില്യംസും വിൽമോറും ഇപ്പോൾ മടങ്ങും. ബഹിരാകാശയാത്രികരായ സീന കാർഡ്മാൻ, സ്റ്റെഫാനി വിൽസൺ എന്നിവരെ ഉൾപ്പെടുത്താൻ ആദ്യം പദ്ധതിയിട്ടിരുന്ന സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യം വില്യംസിനും വിൽമോറിനും സൗകര്യമൊരുക്കുകയായിരുന്നു.
നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവർക്കൊപ്പം രണ്ട് ബഹിരാകാശയാത്രികർക്കും ക്രൂ-9-ലേക്ക് മടങ്ങാനുള്ള വാഹനത്തിൽ നാസ ഇടം നൽകി. സുനിത വില്യംസ് നിലവിൽ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി പ്രവർത്തിക്കുന്നു, അതേസമയം വിൽമോർ ഒരു ഫ്ലൈറ്റ് എൻജീനീയറായും ജോലികളും ഗവേഷണങ്ങളും തുടരുകയും ചെയ്യുകയാണ്.