ഈ 9 നഗരങ്ങള്‍ 2030ൽ അപ്രത്യക്ഷമായേക്കാം; നമ്മൾക്കും ഭയക്കാനുണ്ട്, വേള്‍ഡ് അറ്റ്‌ലസ് റിപ്പോർട്ട് പുറത്ത്
Mail This Article
ലോകത്തെ ചില നഗരങ്ങള്‍ 2030ൽ ഭാഗികമായെങ്കിലും മുങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി വേള്‍ഡ് അറ്റ്‌ലസ് റിപ്പോര്‍ട്ട് പുറത്ത്. 'ഈ ഒമ്പതു നഗരങ്ങള്‍ 2030 ഓടെ അപ്രത്യക്ഷമായേക്കാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊല്‍ക്കത്തയുടെ പേരും ഉളളത്. കടല്‍ത്തീരത്തിനടുത്ത് താഴ്ന്ന രീതിയില്‍ കിടക്കുന്ന നഗരങ്ങള്‍ തീവ്രമഴയും വെള്ളപ്പൊക്കവും വരുമ്പോള്‍ മുങ്ങാമെന്നാണ് പറയുന്നത്.അതേസമയം ധ്രുവങ്ങളിലെ ഐസ് ഉരുകലാണ് ചില നഗരങ്ങള്‍ക്ക് ഭീഷണിയാകുക. നേരത്തെ കാലാവസ്ഥ പ്രശ്‌നങ്ങള്‍ ബാധിക്കാതിരുന്ന മേഖലളില്‍ പോലും കൊടുങ്കാറ്റും തീവ്രമഴയും കനത്ത ആഘാതം സൃഷ്ടിച്ചേക്കാം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കടുത്ത പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഭക്ഷണ ലഭ്യത കുറയുക, ജലജന്യ രോഗങ്ങള്‍, പ്രളയം മൂലം കൃഷി നാശം, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയവ അതിവേഗം ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വെള്ളപ്പൊക്കം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പു നേരത്തെ ലഭിച്ചതിനാല്‍ ചില നഗരങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. അപ്പോഴും അവിടെ പോലും ആഗോള താപനത്തിന്റെ പ്രശ്‌നങ്ങള്‍ ബാധിച്ചേക്കാം. ലോകത്തിന്റെ പല ഭാഗത്തും പ്രകൃതി ദുരന്തം ഉണ്ടാകാം. ശാസ്ത്രജ്ഞര്‍ ദുരന്ത സാധ്യത പറഞ്ഞുവയ്ക്കുന്ന 9 നഗരങ്ങള്‍ ഇതാ:
ദുരന്തം നേരിടാന്‍ കൊല്‍ക്കത്ത ഒരുങ്ങിയിട്ടില്ല
പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊല്‍ക്കത്ത അതിവേഗം മുങ്ങുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. ചരിത്ര പ്രധാനമായ ഈ നഗരം പ്രകൃതി ദുരന്തം പോലെയൊരു 'സംഭവത്തിന്' ഒരുങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതിവേഗം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ കൊല്‍ക്കൊത്തയുടെ വളരെയധികം പ്രദേശങ്ങളെ 2030നു മുമ്പ് ദുരിതക്കയത്തില്‍ ആഴ്ത്തിയേക്കാമെന്നാണ് പ്രവചനം.
മയാമി, അമേരിക്ക
ലോക പ്രശസ്ത ബീച്ചുകള്‍ അതിരിടുന്ന മയാമി താമസിയാതെ അപ്രത്യക്ഷമായേക്കാം. ഭൂമിയുടെ മറ്റു പല ഭാഗങ്ങളിലും കാണുന്നതിനേക്കാള്‍ വേഗത്തിലാണ് മയാമിയുടെ തീരങ്ങളില്‍ കടല്‍നിരപ്പുയരുന്നത്. വെള്ളം കയറി കുടിവെള്ളം മലിനമാകാം. നഗരത്തിന്റെ അടസ്ഥാനസൗകര്യങ്ങള്‍ക്കും കേടുപാട് ഉണ്ടാക്കാം.
പ്രശ്‌നം ഗുരുതരാവസ്ഥയിലെത്തുക 2050 ഒക്കെയാകുമ്പോള്‍ ആയിരിക്കാം. പാരിസ്ഥിതിക ലേഖകന്‍ ജെഫ് ഗുഡെല്‍ പറയുന്നത് ലോകത്തെ ഒരു പ്രധാന നഗരം കനത്ത ഭീഷണി നേരിടുന്നതിന് ഉദാഹരണമാണ് മയാമി എന്നാണ്. ഈ നൂറ്റാണ്ടിനൊടുവില്‍ മിയാമി അപ്രത്യക്ഷമാകാതിരിക്കാന്‍ സാധ്യതയില്ലെന്നാണ് ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ മയാമിയുടെ ബീച്ചുകളെല്ലാം കടലെടുക്കും എന്നും പറയപ്പെടുന്നു.
ബാങ്കോക്ക്, തായ്‌ലൻഡ്
കുറഞ്ഞ ചിലവില്‍ ജീവിക്കാവുന്ന നഗരമെന്ന് അമേരിക്കന്‍ ടൂറിസ്റ്റുകള്‍ കരുതുന്ന ബാങ്കോക്ക് ഇപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്ന് കേവലം 1.5 മീറ്റര്‍ ഉയരെയാണ്. മറ്റു പല നഗരങ്ങളെക്കാളും വേഗതയിലാണ് നഗരത്തിലേക്ക് വെള്ളം കയറുന്നത്. ആഗോള താപനത്തിന്റെ ആദ്യ ആഘാതം ഏല്‍ക്കാന്‍ പോകുന്ന നഗരങ്ങളിലൊന്നായി ആണ് ബാങ്കോക്കിനെ 2020ല്‍ നടത്തിയ പഠനം കണ്ടത്. പ്രശ്‌നം മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നതോടെ ബാങ്കോക്കിനെ രക്ഷിച്ചെടുക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നഗരത്തിന്റെ തീരപ്രദേശം മുഴുവനും, പ്രധാന എയര്‍പോര്‍ട്ടായ സുവര്‍ണ്ണഭൂമിയും അടക്കമുള്ള പ്രദേശങ്ങളില്‍ 2030തോടെ വെള്ളം കയറുമെന്നാണ് പ്രവചനം.
ആംസ്റ്റര്‍ഡാം, നെതര്‍ലന്‍ഡ്സ്
മനോഹരമായ രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന നെതര്‍ലണ്ട്‌സ് ഒട്ടനവധി ഡാമുകളുടെ സഹായത്തോടെയാണ് ഒരു നൂറ്റാണ്ടിലേറെയായി വെള്ളപ്പൊക്കത്തെ അകറ്റി നിറുത്തുന്നത്. ഇവിടെ പതിനായിരക്കണക്കിന് ആളുകളും, മൃഗങ്ങളുമെല്ലാം വെള്ളപ്പൊക്കത്തില്‍ മരിച്ചിട്ടുണ്ട്. കാറുകളും കെട്ടിടങ്ങളുമൊക്കെ വെള്ളംകയറി നശിച്ചു. പല കെട്ടിടങ്ങളും വീണ്ടും വീണ്ടും നിര്‍മിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ കടുത്ത ആപല്‍ഘട്ടത്തിലേക്കായിരിക്കാം നയിക്കുന്നത്. വിലയേറിയ പല നിര്‍മ്മിതികളും സെക്കന്‍ഡുകള്‍ക്കുള്ളില്‍ നശിച്ചേക്കാം.
ബസ്ര, ഇറാഖ്
ഇറാക്കിന്റെ പ്രധാന തുറമുഖ നഗരമായ ബസ്ര വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളംകയറാന്‍ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിലുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ള ബസ്ര ഭാഗികമായോ പൂര്‍ണ്ണമായോ മുങ്ങിപ്പോയേക്കാമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്.
ജോര്‍ജ്ടൗണ്‍, ഗയാന
ലോകത്ത് അതവേഗം വെള്ളത്തിനടിയിലായേക്കാമെന്ന് പ്രവചിക്കപ്പെടുന്ന പ്രദേശങ്ങളാണ് കരീബിയന്‍ ദ്വീപുകള്‍. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ്ടൗണ്‍ ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ നഗരം മുങ്ങാതിരിക്കണമെങ്കില്‍ അത്ഭുതം തന്നെ നടക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഹോ ചി മിന്‍ സിറ്റി, വിയറ്റ്‌നാം
മെകോങ് ഡെല്‍റ്റാ ഭാഗങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങള്‍ക്ക് ഫലഭൂയിഷ്ഠമായ ഭൂമിയാണ് ഇത്രകാലം അനുഗ്രഹമായി നിന്നത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ മെക്കോങ് നദിക്കര മുഴുവന്‍ തന്നെ വെള്ളം വിഴുങ്ങിയേക്കാം എന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.
ന്യൂ ഓര്‍ലീന്‍സ്, അമേരിക്ക
അതിവേഗം മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിലാണ് ശാസ്ത്രജ്ഞര്‍ ന്യൂ ഓര്‍ലീന്‍സിനെ പെടുത്തിയിരിക്കുന്നത്. പല ഭാഗങ്ങളിലും പ്രതിവര്‍ഷം രണ്ട് ഇഞ്ച് വരെ വെള്ളം പൊങ്ങുന്നു. നാസ 2016ല്‍ നടത്തിയ പഠനം പ്രകാരം മൊത്തം നഗരവും ഈ നൂറ്റാണ്ടിനൊടുവില്‍ മുങ്ങും. നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രതിരോധം ചമച്ചില്ലെങ്കല്‍ ന്യൂ ഓര്‍ലീന്‍സ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കടുത്ത പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.
വെനീസ്, ഇറ്റലി
ജലപാതകള്‍ക്ക് പേരുകേട്ട നഗരമായ വെനീസ് ഈ നൂറ്റാണ്ടിനൊടുവില്‍ പൂര്‍ണമായും വെള്ളം വിഴുങ്ങിയേക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ നഗരം ഇപ്പോള്‍ പ്രതിവര്‍ഷം 0.08 ഇഞ്ച് (2 മില്ലിമീറ്റര്‍) വച്ചാണ് ആഴ്ന്നുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഒരു സ്ഥിരം പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയേക്കാമെന്നാണ് പ്രവചനം.
ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വരുന്നതില്‍ അതിശയിക്കാനൊന്നുമില്ല. എന്നാല്‍, പരിഹാരക്രിയകള്‍ ചെയ്യാതിരിക്കുന്നത് വന്‍ ദുരന്തത്തിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം പ്രശ്‌നങ്ങളെ ലോകം ഒറ്റക്കെട്ടായി തന്നെ നേരിടണമെന്നും പറയുന്നു.