ആഫ്രിക്കയില്‍ നിന്നാണ് മനുഷ്യകുലം പിറവിയെടുത്തെന്നതിന് എതിർവാദം; കണ്ടെത്തൽ ഇങ്ങനെ..
Mail This Article
1978ല്‍ ചൈനയിലെ ഡാലി കൗണ്ടിയില്‍ നിന്നും ഒരു തലയോട്ടി ഗവേഷകര്‍ക്ക് ലഭിക്കുന്നു. ഏകദേശം 2,60,000 വര്‍ഷമായിരുന്നു 'ഡാലി സ്കള്' എന്നു പേരിട്ട ഈ തലയോട്ടിയുടെ പ്രായം കണക്കാക്കപ്പെട്ടത്. വിദഗ്ധ പരിശോധനകള്‍ക്കൊടുവില്‍ ഈ ജീവിക്ക് ആധുനിക മനുഷ്യരുമായി ഒത്തുപോവുന്ന നിരവധി സവിശേഷതകളുണ്ടെന്ന് ടെക്സസ് എ ആന്റ് എം യൂനിവേഴ്സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലേയും ഗവേഷകര്‍ 2017ല്‍ കണ്ടെത്തുന്നു.
ഏകദേശം 50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന് ആഫ്രിക്കയില്‍ പിറവിയെടുത്ത് മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറുകയായിരുന്നുവെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എവിടെയോ എന്തോ തകരാറു പോലെ, അല്ലേ...ആ തകരാറില്‍ കയറിപിടിച്ചാണ് ചൈനീസ് നരവംശശാസ്ത്രജ്ഞനായ ഡോ. ഹുവാങ് ഷി ആഫ്രിക്കയില്‍ നിന്നാണ് മനുഷ്യ കുലം പിറവിയെടുത്തതെന്ന തീര്‍പ്പിനെ ചോദ്യം ചെയ്യുന്നത്.
ലഭ്യമായ ഫോസിലുകളെ അടിസ്ഥാനപ്പെടുത്തി കിഴക്കന്‍ ഏഷ്യയില്‍ നിന്നാണ് മനുഷ്യ പരിണാമത്തിന്റെ തുടക്കമെന്നാണ് ഡോ. ഹുവാന്‍ ഷി വാദിക്കുന്നത്. മനുഷ്യരെ പോലെ സങ്കീര്‍ണ ജനിതക ഘടനയുള്ള ജീവിവര്‍ഗങ്ങള്‍ക്ക് വളരെ കുറച്ചു മാത്രം ജനിതക വൈവിധ്യമേ സംഭവിക്കൂ എന്ന ആശയമാണ് അദ്ദേഹത്തിന്റെ വാദങ്ങളുടെ കാതല്‍.
കിഴക്കന്‍ ഏഷ്യയിലെ മനുഷ്യര്‍ക്കാണ് ഏറ്റവും കുറവ് ജനിതക വൈവിധ്യമുള്ളത്. ഇത് അവരാണ് നമ്മുടെയെല്ലാം പൂര്‍വികരെന്ന സൂചന നല്‍കുന്നുവെന്നാണ് ഡോ. ഹുവാങ് പറയുന്നത്. യൂറോപില്‍ നിന്നും ലഭിച്ച മനുഷ്യ പൂര്‍വികര്‍ക്കും കൂടുതല്‍ ബന്ധം കിഴക്കന്‍ ഏഷ്യക്കാരുമായാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ആഫ്രിക്കയില്‍ നിന്നുള്ളവരാണ് മനുഷ്യ പൂര്‍വികരെങ്കില്‍ 45,000 വര്‍ഷങ്ങള്‍ക്കു മുമ്പു ലഭിച്ച യൂറോപ്യന്‍ മനുഷ്യ പൂര്‍വികരുടെ ഡിഎന്‍എക്ക് ആഫ്രിക്കന്‍ പൂര്വികരുമായാണ് കൂടുതല്‍ ബന്ധമുണ്ടാവേണ്ടിയിരുന്നതെന്നും ഡോ. ഹുവാങ് പറയുന്നുണ്ട്.
ചൈനീസ് ഭാഷയിലുള്ള ജേണലായ പ്രീഹിസ്റ്റോറിക് ആര്‍ക്കിയോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തന്റെ വാദങ്ങള്‍ വിശദമായി ഡോ. ഹുവാങ് നിരത്തുന്നുണ്ട്. ഈസ്റ്റ്, മത്സ്യം, മനുഷ്യന് എന്നിങ്ങനെ മൂന്നു ജീവി വര്‍ഗങ്ങളെ എടുത്ത് 50 കോടി വര്‍ഷത്തെ ജനിതക വ്യത്യാസങ്ങളെക്കുറിച്ചു പഠിക്കുക.ഈസ്റ്റിലെ ജീനില്‍ 50 ശതമാനത്തോളം വ്യത്യാസങ്ങളും മത്സ്യത്തിന്റെ ജീനില്‍ 30 ശതമാനം വ്യത്യാസങ്ങളുമുണ്ടാവും. എന്നാല്‍ ഇത്ര നീണ്ട കാലയളവായിട്ടു പോലും മനുഷ്യന്റെ ജനിതക രേഖയില്‍ ഒരു ശതമാനത്തില്‍ താഴെ മാറ്റങ്ങളേ ഉണ്ടാവൂ എന്നാണ് ഡോ. ഹുവാങ് പറയുന്നത്.
മനുഷ്യകുലം പിറവിയെടുത്തത് ആഫ്രിക്കയിലാണോ ഏഷ്യയിലാണോ എന്ന ഒറ്റ തീര്‍പ്പിനേക്കാള്‍ കൂടുതല്‍ വിശാലമായ കാഴ്ച്ചപ്പാടും ഗവേഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. 'പല വഴികളിലൂടെ മനുഷ്യന്റെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാവാം. അതില്‍ ചിലതിന്റെ ഉത്ഭവം ആഫ്രിക്കയാണെങ്കില് മറ്റു ചിലത് ഏഷ്യയില്‍ നിന്നും പിറവിയെടുത്തതാവാം' എന്നൊരു സാധ്യതയാണ് ശാസ്ത്രമാസികയായ ന്യൂ സയന്റിസ്റ്റിനോട് ടെക്സസ് എ ആന്റ് എം പ്രൊഫസര്‍ ഷീല പങ്കുവെക്കുന്നത്.
2016ല്‍ ഇന്റര്‍നാഷണല്‍ അക്കാദമിക്ക് കോണ്‍ഫറന്‍സിലാണ് ആദ്യമായി ഡോ. ഹുവാങും സംഘവും കിഴക്കന്‍ ഏഷ്യയില്‍ നിന്നും മനുഷ്യ പൂര്‍വികര്‍ വന്നെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. അതേസമയം തങ്ങളുടെ പഠനം പ്രസിദ്ധീകരിക്കാന്‍ ചൈനക്കു പുറത്ത് ഒരു ശാസ്ത്ര ജേണലും തയ്യാറായില്ലെന്നും ജനപ്രിയ വാദങ്ങള്‍ക്കെതിരെ നില്ക്കുന്നവര് എക്കാലത്തും ഇത്തരം വെല്ലുവിളികള്‍ നേരിടാറുണ്ടെന്നും ഡോ. ഹുവാങ് പറയുന്നു. സമയമെടുത്തിട്ടായാലും ലോകം തങ്ങളുടെ വാദം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഡോ. ഹുവാങ് ഷിയും സംഘവും.