ലോകത്ത് ഇത്ര മണ്ടന്മാരോ? യുട്യൂബിലെ നിഗൂഢ വിഡിയോകൾക്ക് പിന്നിലെന്ത്?
Mail This Article
മനുഷ്യരുടെ ജിജ്ഞാസ, ബുദ്ധിശൂന്യത തുടങ്ങിയവയൊക്കെ ചൂഷണം ചെയ്ത് എങ്ങനെ കാശുണ്ടാക്കണം എന്നതില്‍ ബിരുദാനന്തര ബിരുദം നേടിയവരാണ് യുട്യൂബിലെ ചില വിരുതന്മാര്. ഇക്കൂട്ടരുടെ പിടിയില്‍ എങ്ങനെ ആളുകള്‍ വീഴുന്നു എന്നത് പഠിക്കേണ്ട കാര്യമാണ്. എന്നാല്‍ ഇങ്ങനെ പറ്റിക്കപ്പെടാന്‍ തയാറായ ആളുകള്‍ ലോകത്തുണ്ടെങ്കില്‍ അവരെ കബളിപ്പിച്ചു കാശുണ്ടാക്കുന്നവരെ ഒരു പക്ഷേ നമുക്കു തെറ്റു പറയാനുമാവില്ല.
പത്തു വര്‍ഷം മുമ്പ് ഒരു ട്രെന്‍ഡ് 'അണ്‍ബോക്സിങ് വിഡിയോ' ആയിരുന്നു. ഒരു പുതിയ ഉപകരണം വാങ്ങിയ ശേഷം അത് വരുന്ന പായ്ക്കറ്റു പൊട്ടിച്ചെടുത്ത് ഡിവൈസ് പ്രദര്‍ശിപ്പിക്കുന്ന വിഡിയോ പോസ്റ്റു ചെയ്യുന്നു, ഇതാണ് അണ്‍ബോക്സിങ് വിഡിയോ. അന്ന് ഇതിന് ധാരാളം കാണികളുണ്ടായിരുന്നു. എന്നാല്‍, അടുത്ത വര്‍ഷങ്ങളില്‍ തന്നെ ആളുകള്‍ അത് അങ്ങനെയങ്ങ് ഇഷ്ടപ്പെടാതെയായി. സ്മാര്‍ട് ഫോണുകള്‍ താഴെയിടുന്ന വിഡിയോ തുടങ്ങി പലതും ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് ഇന്ന് ഏറ്റവുമിഷ്ടമുള്ള ഒരു ട്രെന്‍ഡ് ഡാര്‍ക് വെബില്‍ നിന്നു വാങ്ങിയ 'നിഗൂഢത നിറഞ്ഞ പെട്ടികള്‍' (mystery boxes) തുറക്കുന്നതിന്റെ വിഡിയോ കാണാനാണ്. ശുദ്ധ തട്ടിപ്പാണ് ഇതെന്നു നമുക്കു തോന്നാം. പക്ഷേ, ചിലര്‍ക്ക് അതു മതിയെങ്കിലോ? ഫോളോവേഴ്സിനെ നേടാനായി യുട്യൂബര്‍മാര്‍ എന്തു തരംതാണ കളിയും നടത്തുകയും ചെയ്യും.
ഡാര്‍ക് വെബില്‍ നിന്ന് നിഗൂഢതയൊളിപ്പിച്ചു വരുന്ന പെട്ടികള്‍ക്കുള്ളില്‍ കുട്ടികളുടെ ലൈംഗിഗതയുടെ, നിരോധിക്കപ്പെട്ട മദ്യം മയക്കുമരന്ന്, ചിലപ്പള് തുറക്കുന്നയാളെ കൊല്ലാന്‍ കെല്‍പ്പുള്ള എന്തെങ്കിലും, ഇങ്ങനെ പലതുമാണ് ലഭിക്കുന്നത് എന്നാണ് വയ്പ്പ്. നൂറു കണക്കിനു ഡോളര്‍ കളഞ്ഞാണ് ഇത്തരം പെട്ടികള്‍ വരുത്തുന്നത്. ഇതു തുറക്കുമ്പോള്‍ പെട്ടി വരുത്തുന്നയാളിനുണ്ടാകുന്ന ആശ്ചര്യം, ഞെട്ടല്‍, നിരാശ തുടങ്ങിയവയാണ് വിഡിയോയില്‍ കാണിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നൂറകണക്കിനു യുട്യൂബര്‍മാരാണ് ഇത്തരം വിഡിയോകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. പലതിനും ധാരാളം കാഴ്ചക്കാരും ഉണ്ടെന്നത് ഈ ട്രെന്‍ഡ് തത്കാലം തുടരുമെന്നതാണ് കാണിക്കുന്നത്. പലതിനെയും ആനമണ്ടത്തരം, വെറുതെ ധനനഷ്ടമുണ്ടാക്കുന്നത്, അപകടകരം എന്നൊക്കെയാണ് കാഴ്ചക്കാര്‍ വിശേഷിപ്പിക്കുന്നത്.
ചോര പറ്റിയ സ്ക്രൂഡ്രൈവര്‍, കുട്ടികളുടെ സ്കൂള്‍ ബാഗ്, മയക്കു മരുന്ന് തുടങ്ങി ചിന്തിക്കാവുന്ന എല്ലാത്തരം സാധനങ്ങളും കിട്ടുന്നതായാണ് യുട്യൂബര്‍മാര്‍ കാണിക്കുന്നത്. ഡാര്‍ക് വെബില്‍ നിന്ന് സാധനങ്ങള്‍ വരുത്തണമെങ്കില്‍ രൂപയോ ഡോളറോ ഒന്നും പോര. ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോ കറന്‍സി തന്നെ നല്‍കണം. ഡാര്‍ക് വെബിലെ മിസ്റ്ററി ബോക്സ് വില്പനക്കാര് തങ്ങളുടെ പ്രൊഫൈലുകളും ചിലപ്പോള്‍ റിവ്യുകളും വരെ അപ്ലോഡു ചെയ്തിരിക്കും. പക്ഷേ, അവിടെ നടക്കുന്ന ക്രയവിക്രയങ്ങള്‍ പൂര്‍ണ്ണമായും അനോനിമസ് ആണ്. അതായത്, ഒരു അടയാളവും ശേഷിപ്പിക്കാതെ നടക്കുന്നവയാണ്. ഇത്തരം ബോക്സുകള്‍ വാങ്ങുന്നതിന് നൂറു മുതല്‍ 1000 ഡോളര്‍ വരെ വിലയ്ക്കുള്ള ക്രിപ്റ്റോ കറന്‍സി കൈമാറണം. പല യുട്യൂബര്‍മാരും അല്പം കൂടുതല്‍ പൈസ പോയാലും സാരമില്ല. കൂടുതല്‍, പേടിപ്പെടുത്തുന്ന, ഉത്തേജിപ്പിക്കുന്ന തരം എന്തെങ്കിലും സാധനം കിട്ടണമെന്ന ആഗ്രഹക്കാരാണ്.
കൂടുതല്‍ വിഡിയോകളിലും അവതാരകന് അവസാനം നിരാശനാകുന്നതാണ് കാണിക്കുന്നതെങ്കില്‍ ചിലതെല്ലാം രസകരമാണ്. യുട്യൂബര്‍മാരുടെ കാര്യം അവിടെ നില്ക്കട്ടെ. ഈ കാണിക്കുന്നതൊക്കെ ഡാര്‍ക്ക് വെബില്‍ നിന്നു വരുത്തിയ പെട്ടികളാണോ എന്നു പോലും തിട്ടപ്പെടുത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലെങ്കിലും ആളുകള്‍ ഇതുകാണാന്‍ എത്തുന്നുവെന്നതാണ് ഈ ട്രെന്‍ഡിന്റെ പ്രത്യേകത.
മൈന്‍ഡ് സീഡ് ടിവി (Mind Seed TV) എന്നു സ്വയം വിളിക്കുന്ന യുട്യൂബര്‍ കാണിക്കുന്നത് തനിക്ക് ഒരു പെണ്‍കുട്ടിയുടെ, ഉപയോഗിച്ചു തേഞ്ഞ സ്കൂള്‍ ബാഗ് കിട്ടുന്നതായിട്ടാണ്. അതിനുള്ളില്‍ നിന്ന് ഒരു പിടി പുസ്തകങ്ങളും ലഭിക്കുന്നു.
ജോസഫ് വിഡ്നര്‍ എന്ന യുട്യൂബര്‍ക്കു ലഭിക്കുന്നതും കുട്ടികളുടെ പാവകളാണ്. കൂട്ടത്തില്‍ മറ്റൊരു ബാഗില്‍ രക്തത്തില്‍ പൊതിഞ്ഞ ഒരു സ്ക്രൂഡ്രൈവറും മുടിച്ചുരുളുമാണ്. ദാറ്റ്ഗായ്ആരണ് (ThatGuyAron) എന്ന യുട്യൂബര്‍ക്ക് ലഭിച്ചത് ഒരു കുറിപ്പാണ്. താങ്കള്‍ അപരിചിതരില്‍ നിന്നുള്ള പൊതിക്കെട്ടുകള്‍ സ്വീകരിക്കരുത്. ഗൂഡ് ലക്, എന്ന ഉപദേശമാണ് ലഭിച്ചത്. ചിലര്‍ക്കൊക്കെ ഗ്ലൗസ് ധരിച്ചു മാത്രം സാധനങ്ങള്‍ പുറത്തെടുക്കുക തുടങ്ങിയ ഉപദേശങ്ങളും ലഭിക്കാറുണ്ട്.
നേരത്തെ പറഞ്ഞതു പോലെ ഇത്തരം വിഡിയോകളില്‍ ഒറിജിനല്‍ ബോക്സാണോ, യുട്യൂബര്‍മാര്‍ തന്നെ ഉണ്ടാക്കുന്നവയാണോ എന്നൊന്നും അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. എങ്കിലും കാഴ്ചക്കാരുടെ എണ്ണത്തിനു കുറവുമില്ല.
എന്നാല്‍, ചില ബോക്സുകള്‍ ഡാര്‍ക് വെബില്‍ നിന്ന് എത്തുന്നവയും ഉണ്ടത്രെ. അവ തുറക്കുന്നത് ചിലപ്പോള്‍ അപകടകവുമാകാം എന്നാണ് പറയുന്നത്. ഡാര്‍ക് വെബിലെത്തുന്നത് കംപ്യൂട്ടറുകളിലൂടെയാണല്ലോ. ഡാര്‍ക് വെബില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നയാളുകളുടെ കംപ്യൂട്ടറുകള്‍ അവര്‍ ഹാക്കു ചെയ്യുക പോലും ഉണ്ടായിട്ടുണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്. തങ്ങളുടെ ഉപയോക്താവാണല്ലോ എന്ന പരിഗണനയൊന്നും ഡാര്‍ക്ക് വെബിലുള്ളവര്‍ കാണിക്കാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. യുട്യൂബര്‍മാര്‍ പൊട്ടന്മാരെ പോലെ ചിരിക്കുന്നൊക്കെയുണ്ടെങ്കിലും അവര്‍ ഡാര്‍ക്ക് വെബിലുള്ളവര്ക്കു നല്കുന്ന പൈസ എന്തു ചെയ്യുന്നുവെന്നൊന്നും അവര്‍ തിരക്കുന്നില്ല. നൂറു കണക്കിനു ഡോളര്‍ വാങ്ങി ചപ്പും ചവറും അയച്ചു കൊടുക്കുന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന പൈസ മയക്കു മരുന്നു കച്ചവടം, പലതരം തോക്കുകളും, രാസ വസ്തുക്കളും വാങ്ങാനും എല്ലാമാണ് ഡാര്‍ക് വെബിലുള്ളവര്‍ ഉപയോഗിക്കുന്നത് എന്നത് അവര്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍, ഇതു കാണാന്‍ എന്തിനാണ് ആളുകള്‍ പറ്റം പറ്റമായി എത്തുന്നത് എന്നതാണ് സാമാന്യബുദ്ധിയുളളവര്‍ക്കു മനസ്സിലാകാത്തത്.