ADVERTISEMENT

ടിക് ടോകും ട്വിറ്ററും ക്യുഅനോണും കോൺസ്പിറസി തിയറിസ്റ്റുകളുടെ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ക്യുഅനോൺ വാദികളെ നിയന്ത്രിക്കുന്നത് വൈകിപ്പോയെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കോൺസ്പിറസി സിദ്ധാന്തമെന്നാണ് ക്യുഅനോണിനെ വിശേഷിപ്പിക്കുന്നത്. എന്താണ് ക്യുഅനോൺ? അമേരിക്കയിലെ ആഭ്യന്തര തീവ്രവാദ ഭീഷണിയുടെ ഗണത്തില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ എഫ്ബിഐയെ പോലും പ്രേരിപ്പിച്ചത് എന്തായിരിക്കും? 

 

2017 ഒക്ടോബറില്‍ 4ചാനിലാണ് ആദ്യമായി ക്യു എന്ന പേരിലുള്ള അക്കൗണ്ടിലൂടെ ഈ കോൺസ്പിറസി സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത്. ലോകത്ത് പൊതുവേയും പ്രത്യേകിച്ച് അമേരിക്കയിലും അധികാര സ്ഥാനങ്ങളേയും സര്‍ക്കാരിനേയും നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റുണ്ടെന്നാണ് ക്യു വിന്റെ വാദം. ഒരു അമേരിക്കക്കാരനാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒരു കൂട്ടം വ്യക്തികളാണെന്ന് സൂചന ലഭിച്ചു. 

 

എന്‍ബിസി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഏതാണ്ട് മൂന്നുപേരാണ് ക്യു എന്ന പേരില്‍ പ്രചരിക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് പറയുന്നത്. ഈ അക്കൗണ്ടില്‍ നിന്നു മാത്രം ഇതുവരെ 4600ഓളം പോസ്റ്റുകള്‍ വന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ക്യു പിന്നീട് അനോണിമസ് എന്ന വാക്കിലെ അക്ഷരങ്ങളും ചേര്‍ത്ത് ക്യുഅനോൺ ആയി. 

വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ക്യുഅനോൺ പോസ്റ്റുകള്‍ നിരന്തരമായി പ്രത്യക്ഷപ്പെടാറുണ്ട്. 4 ചാനില്‍ മാത്രം ഇവര്‍ക്ക് നിരവധി അക്കൗണ്ടുകളും വൈകാതെയുണ്ടായി. FBIAnon, HLIAnon(High Level Insider), CIAAnon, WHInsiderAnon എന്നിവ ഇതില്‍ ചിലതാണ്. മറ്റു സോഷ്യല്‍മീഡിയ സൈറ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും ക്യുഅനോൺ ആരാധകര്‍ പിന്നീട് അതിവേഗം പടര്‍ന്നുപിടിച്ചു.

 

പിശാചിനെ ആരാധിക്കുന്ന ബാലപീഢകരായ ഒരു സംഘമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നാണ് ക്യുഅനോൺ ആരാധകര്‍ സിദ്ധാന്തിക്കുന്നത്. രാഷ്ട്രീയക്കാരേയും മാധ്യമങ്ങളേയും ഹോളിവുഡിനേയുമെല്ലാം ഈ സംഘമാണ് നിയന്ത്രിക്കുന്നതെന്ന് ക്യുഅനോൺ കരുതുന്നു. ഇതിനെതിരെ പോരാട്ടം നയിക്കുന്നയാളാണ് ഡോണള്‍ഡ് ട്രംപെന്നാണ് ക്യുഅനോൺ അനുയായികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാവാനുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചതോടെ ക്യുഅനോണും ശക്തമായി. 

 

‌ദ സ്‌റ്റോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കൊടുങ്കാറ്റ് തങ്ങള്‍ക്കെതിരെ ഉണ്ടാകുമെന്നും ക്യുഅനോൺ ആരാധകര്‍ വിശ്വസിക്കുന്നുണ്ട്. ആയിരക്കണക്കിന് ക്യുഅനോൺ വിശ്വാസികളെ അറസ്റ്റു ചെയ്ത് ഗ്വാണ്ടാനാമോ ജയില്‍ പോലുള്ള തടവറയിലേക്ക് അയക്കുകയോ സൈനിക നടപടികള്‍ക്ക് വിധേയരാകുകയോ ചെയ്യേണ്ടി വരും. അമേരിക്കയുടെ നിയന്ത്രണം വൈകാതെ സൈന്യം ഏറ്റെടുക്കുമെന്നും ഒടുവിലായി തങ്ങളുടെ സ്വപ്‌നരാജ്യം പലരുമെന്നുമാണ് ക്യുഅനോൺ വാദക്കാര്‍ വിശ്വസിക്കുന്നത്. 

 

വെറുമൊരു ഇന്റര്‍നെറ്റ് കോൺസ്പിറസി സിദ്ധാന്തമായി ക്യുഅനോണിനെ തള്ളിക്കളയാനാവില്ലെന്ന സൂചന നല്‍കിയത് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ തന്നെയാണ്. അമേരിക്കയ്ക്ക് ആഭ്യന്തര തീവ്രവാദ ഭീഷണിയാവാന്‍ സാധ്യതയുള്ള സംഘമെന്നാണ് ക്യുഅനോണിനെ എഫ്ബിഐ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിന്റേയും ടിക് ടോകിന്റേയും ഇപ്പോഴത്തെ നടപടികളില്‍ എഫ്ബിഐ റിപ്പോര്‍ട്ടും സ്വാധീനം ചെലുത്തുന്നുണ്ട്. 

ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം പിടിച്ചുകെട്ടാന്‍ സാധിക്കുന്നതിനും അപ്പുറത്തേക്ക് ക്യുഅനോൺ വളര്‍ന്നുവെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ സോഷ്യല്‍മീഡിയയിലെ വിപുലമായ സ്വാധീനം തന്നെയാണ് ആ ആശങ്കയുടെ അടിസ്ഥാനം. ഫെയ്സ്ബുക്കില്‍ മാത്രം ക്യുഅനോൺ എന്ന് തിരയുമ്പോള്‍ എണ്‍പതോളം പബ്ലിക് ഗ്രൂപുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ 30ഓളം എണ്ണത്തിന് പതിനായിരത്തിലേറെ അംഗങ്ങളുണ്ട്. 2018 ഫെബ്രുവരിയില്‍ ഫെയ്സ്ബുക്കില്‍ ആരംഭിച്ച QAnon News & Updates എന്ന ഗ്രൂപ്പില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് അംഗങ്ങളായുള്ളത്. qanon.us എന്ന ഇന്‍സ്റ്റഗ്രാം പേജിന് 42000ത്തിലേറെ ഫോളോവേഴ്‌സുണ്ട്. 

 

WWG1WGA എന്നതാണ് ക്യുഅനോൺ സിദ്ധാന്തക്കാരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. “Where we go one, we go all” എന്നാണ് ഇതിന്റെ അര്‍ഥം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ട്രംപിന്റെ പ്രസംഗത്തിന് മുന്നോടിയായി പ്രസംഗിച്ചയാള്‍ ഇതേ വാക്കുകള്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ഈവര്‍ഷം നവംബര്‍ മൂന്നിന് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്യുഅനോൺ കോൺസ്പിറസി സിദ്ധാന്തക്കാര്‍ കൂടുതല്‍ വിവാദങ്ങള്‍ സോഷ്യല്‍മീഡിയയിലും പുറത്തും സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.

 

English Summary: QAnon: The online cult that is a danger in the real world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com