ADVERTISEMENT

'എളുപ്പത്തില്‍ പണം നേടാനുള്ള വഴികളിലൊന്നാണിത്. നിങ്ങളെ ഇഷ്ടപ്പെടുന്ന, സാമ്പത്തികമായി സ്വതന്ത്രയായ സ്ത്രീയുണ്ടെങ്കില്‍ പണം ആവശ്യപ്പെട്ടാല്‍ അവര്‍ ഒരിക്കലും ഇല്ലെന്ന് പറയില്ല' – തടവുശിക്ഷ അനുഭവിക്കുമ്പോള്‍ തന്നെ ഫോണ്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ ജാമി (വ്യാജ പേര്)യാണ് തന്റെ തട്ടിപ്പുകഥകളെക്കുറിച്ച് ഏറ്റുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഡേറ്റിങ് ആപ്ലിക്കേഷനുകളിലെ മധ്യവയസ്‌കകളായ സ്ത്രീകളായിരുന്നു യുവാവായ ജാമിയുടെ ഇരകള്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രീതികളും ഡേറ്റിംങ് ആപ് വഴിയുള്ള തട്ടിപ്പിന്റെ സാധ്യതകളുമാണ് ഇയാള്‍ വിശദീകരിക്കുന്നത്. 

 

'വളരെ എളുപ്പത്തില്‍ പണം കണ്ടെത്താനുള്ള വഴിയായിരുന്നു ഇത്. ഒരു സ്ത്രീയില്‍ നിന്നും 10,000 പൗണ്ട് വരെ (ഏകദേശം പത്ത് ലക്ഷം രൂപ) ഇത്തരത്തില്‍ മോഷ്ടിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും പല കാരണങ്ങള്‍ പറഞ്ഞ് നൂറോ ഇരുന്നൂറോ പൗണ്ട് വാങ്ങുകയായിരുന്നു പതിവ്. ആ സ്ത്രീയുടെ പേര് പോലും എനിക്ക് ഓര്‍മയില്ല. വ്യക്തിബന്ധമായല്ല 'ജോലി' ആയാണ് അതൊക്കെ ഞാന്‍ കരുതിയത്' – ജാമി പറയുന്നു. പതിനായിരം പൗണ്ട് നഷ്ടമായ സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ജാമിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. എന്നാല്‍, ഈ തട്ടിപ്പിന്റെ പേരില്‍ ഒരിക്കലും ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടില്ലന്നും ജാമി പറയുന്നു. മാനഹാനി ഭയന്ന് ഇരകള്‍ പരാതിപ്പെടുന്നില്ലെന്നതും തട്ടിപ്പുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

 

ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ തങ്ങളേക്കാള്‍ ഒരുപാട് പ്രായം കുറവുള്ള പുരുഷൻമാർ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നാണ് ജാമി നല്‍കുന്ന ഉപദേശം. പ്രത്യേകിച്ചും ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ഇടുന്ന, നേരത്തെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പണം ചോദിച്ചു തുടങ്ങിയാല്‍ ചതിയുടെ തുടക്കമാവാമെന്നാണ് മുന്നറിയിപ്പ്. 

 

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ, കൈവശം പണമുള്ള, ഡേറ്റിങ് ആപ്പുകളില്‍ പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നവരെയാണ് ജാമിയും ഇരകളായി തിരഞ്ഞെടുത്തിരുന്നത്. ഇത്തരക്കാര്‍ ബന്ധം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇയാള്‍ സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നു. തന്റെ യഥാര്‍ഥ ചിത്രങ്ങള്‍ തന്നെയാണ് തട്ടിപ്പിനുവേണ്ടി ജാമി ഉപയോഗിച്ചിരുന്നത്. തുടക്കത്തില്‍ സാധാരണ പോലെ ചാറ്റ് ചെയ്താണ് തുടങ്ങുക. അവര്‍ മറുപടി നല്‍കി തുടങ്ങിയാല്‍ ചിത്രങ്ങള്‍ കണ്ട് മാത്രം ഇഷ്ടപ്പെട്ടാണ് പ്രതികരിക്കുന്നതെന്ന് മനസ്സിലാവും. 

 

അടുത്തഘട്ടത്തില്‍ ബന്ധം മുറുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിക്കുക. ഇതിനായി തികച്ചും വ്യക്തിപരമായ സ്വപ്‌നങ്ങള്‍, ഉദാഹരണത്തിന് നമ്മുടെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുടങ്ങിയവ പങ്കുവെക്കും. പ്രണയക്കുടുക്കില്‍ വീണെന്ന് ഉറപ്പിക്കുകയാണ് അടുത്ത പടി. വൈകാരികമായി വളരെയധികം അടുത്തുവെങ്കില്‍ മാത്രമേ ഇരകളോട് താന്‍ ജയിലിലാണെന്ന് പറയാറുള്ളൂവെന്നും ഇയാള്‍ പറയുന്നു. അപ്പോള്‍ പോലും ഏതെങ്കിലും കുറ്റകൃത്യം ചെയ്ത് ജയിലിലായി എന്നല്ല പറയുക മറിച്ച് ഡ്രൈവിങ്ങിനിടെ സംഭവിച്ച പിഴവാണ് ജയിലിലാക്കിയതെന്നാണ് പറയുകയെന്നും ജാമി സൂചിപ്പിക്കുന്നു.

 

ബ്രിട്ടനില്‍ മാത്രം 2020ല്‍ ഏഴായിരത്തോളം പ്രണയ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പ്രതിവര്‍ഷം 70 ദശലക്ഷം പൗണ്ടാണ് (ഏകദേശം 715 കോടിരൂപ) ഇതുവഴി തട്ടിപ്പ് നടക്കുന്നത്. ഭൂരിഭാഗം തട്ടിപ്പുകളും മാനഹാനി ഭയന്ന് ആരും പുറത്തുപറയുന്നില്ലെന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ആകര്‍ഷണം. 

 

ഡി പോഗ്‌സണ്‍ എന്ന 59കാരിയായ വിധവയില്‍ നിന്നും ജീവിതസമ്പാദ്യമായ 40,000 പൗണ്ടാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. അവര്‍ ഓണ്‍ലൈന്‍ പ്രണയത്തില്‍ വീണ കെവിന്‍ എന്ന വ്യക്തിത്വം പോലും ശരിക്കുള്ളയാളായിരുന്നില്ല. മൂന്ന് തട്ടിപ്പുകാര്‍ ചേര്‍ന്നുള്ള വ്യാജ പ്രൊഫൈലാണ് ഡി പോഗ്‌സണെ തട്ടിപ്പിനിരയാക്കിയത്. 'ഒരിക്കലും പറ്റിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. തുടക്കത്തില്‍ 500 പൗണ്ടില്‍ താഴെയുള്ള തുകകളാണ് കെവിന്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പിന്നീട് കൂടിവന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ജീവിത സമ്പാദ്യം മുഴുവന്‍ നല്‍കിയെന്ന് മക്കളോട് പറയേണ്ടി വന്നത് അങ്ങേയറ്റത്തെ ദുരനുഭവമായിരുന്നു' എന്നാണ് ഡി പോഗ്‌സണ്‍ വിശദീകരിക്കുന്നത്. 

 

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകള്‍ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകള്‍ നിരന്തരം അന്വേഷിക്കുന്ന ഏജന്‍സികള്‍ തന്നെ മുന്നോട്ടുവെക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കിടെ സംഭവിച്ചാല്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

 

∙ നിങ്ങളെക്കുറിച്ച് നിരവധി സ്വകാര്യ വിവരങ്ങള്‍ അവര്‍ അന്വേഷിക്കും. അതേസമയം, അവരെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ അധികമൊന്നും പുറത്തുവിടില്ല.

∙ വൈകാരിക അടുപ്പം സ്ഥാപിച്ച് പണം വാങ്ങുകയെന്ന തന്ത്രമാണ് ഒട്ടുമിക്ക തട്ടിപ്പുകളിലും അരങ്ങേറിയിട്ടുള്ളത്. 

∙ പണം നല്‍കുന്നതിന് അനുസരിച്ച് മാത്രമേ കൂടുതല്‍ അടുപ്പം ഇത്തരക്കാര്‍ കാണിക്കുകയുള്ളൂ. 

∙ തട്ടിപ്പുകാര്‍ നല്‍കുന്ന പല ചിത്രങ്ങളും അതീവ സുന്ദരമായിരിക്കും. ഇവ ഇന്റര്‍നെറ്റില്‍ നിന്നു തന്നെ മോഷ്ടിച്ചതാവാന്‍ സാധ്യത ഏറെയാണ്. ഗൂഗിള്‍ ഇമേജസ്, ബിങ് വിഷ്വല്‍ സെര്‍ച്ച്, ടിന്‍ഐ തുടങ്ങിയ വെബ്‌സൈറ്റുകളെ ഇത്തരം ചിത്രങ്ങളുടെ സാധുത പരിശോധിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. 

 

ചുരുക്കത്തില്‍ ഇത്തരം തട്ടിപ്പുകളില്‍ ഇരകളാവുന്നവരുടെ അമിത ആത്മവിശ്വാസം അടക്കമുള്ള കുറവുകളാണ് തട്ടിപ്പുകാരുടെ ഇന്ധനം. നേരത്തെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ നിസ്സാരമാക്കരുതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉപദേശം.

 

വിവരങ്ങൾക്ക് കടപ്പാട്: ബിബിസി

 

English Summary: Dating apps scam committed by criminal from inside prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com