ADVERTISEMENT

ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എന്നു വേണ്ട സകല സമൂഹമാധ്യമങ്ങളിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചാൽ എന്തു ചെയ്യും? പഴയത് റിക്കവർ ചെയ്യാൻ ശ്രമിക്കും. പരാജയപ്പെട്ടാൽ പുതിയ പേരിൽ ഒരെണ്ണം തുടങ്ങും. പക്ഷേ, ആജീവനാന്ത വിലക്ക് ആണ് വിധിക്കുന്നതെങ്കിലോ? എങ്കിൽ സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം തുടങ്ങുക തന്നെ. പരിഹാസമാണെന്നു കരുതരുത്. സമൂഹമാധ്യമ വിലക്ക് നേരിട്ട യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഈ ആശയവുമായി മുന്നോട്ട് പോകുന്നത്. ട്വിറ്ററിൽ നിന്ന് അക്കൗണ്ട് നിരന്തരമായി അക്കൗണ്ട് വിലക്കിയതോടെയാണ് ട്രംപിന്റെ പുതിയ ട്രംപിസം എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.ഒന്നോ രണ്ടോ മാസം അദ്ദേഹം സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ലെന്നും ശേഷം സജീവമായി തിരിച്ചെത്തുമെന്നും ട്രംപിന്റെ സ്വന്തം പ്ലാറ്റ് ഫോമിലായിരിക്കും ഈ തിരിച്ചുവരവെന്നും അദ്ദേഹത്തിന്റെ ഉപദേശകൻ ജേസൺ മില്ലർ ആണ് വെളിപ്പെടുത്തിയത്.

 

നിലവിലുള്ള രീതികളിൽ നിന്നു വ്യത്യസ്തമായ രൂപവും ഭാവവുമായിരിക്കും ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിനെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ട്വിറ്ററിൽ ഉൾപ്പെടെ ട്രംപിന്റെ പുതിയ നീക്കം ചർച്ചയാകുന്നുണ്ട്.

 

കാപിറ്റോൾ ഹിൽ അക്രമത്തിനു ശേഷമാണ് ട്രംപിന്റെ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയത്.88 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്വിറ്റർ വഴിയായിരുന്നു ട്രംപിന്റെ ആശയവിനിമയങ്ങൾ. ഈ അക്കൗണ്ടിലൂടെ രാജ്യതാൽപര്യത്തിനു വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചുവെന്ന കാരണത്താലാണ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇതാണ് പ്രധാന ആശയവിനിമയോപാധി എന്നതിനാൽ ട്രംപിനെ ആദ്യം നിരോധിച്ചതും ട്വിറ്റർ ആണ്. ട്രംപുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളും ട്വിറ്റർ നീക്കം ചെയ്തു. ട്രംപിനെ നിരോധിക്കാൻ പദ്ധതിയില്ലെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മരവിപ്പിക്കേണ്ടി വന്നു. ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിൽ ഒന്നായിരുന്നു ട്രംപിന്റേത്. ഇതിനു പിന്നാലെ ട്വിച്ച്, യൂട്യൂബ്, സ്നാപ്ചാറ്റ്, ഷോപിഫൈ തുടങ്ങിയ സൈറ്റുകളും ട്രംപിനെ നീക്കി. ഇതോടെ സമൂഹമാധ്യമത്തിൽ നിന്ന് പൂർണമായി പുറത്തായി ലോകത്തെ തന്നെ ‘ഏറ്റവും ശക്തനായ ഭരണാധികാരി’.

 

വലിയ ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ ട്രംപിന്റെ പുതിയ പ്രഖ്യാപനം വെറുതേയാകില്ല എന്നു തന്നെയാണ് ടെക് ലോകം വിലയിരുത്തുന്നത്. 250 കോടി യുഎസ് ഡോളറിനു മേലെയാണ് ട്രംപിന്റെ ആസ്തി. 16000 കോടി രൂപയ്ക്കു മേൽ ആസ്തിയുള്ള ട്രംപ് പുതിയ സമൂഹമാധ്യമ പ്ലാറ്റ് ഫോം തുടങ്ങുമെന്നു തന്നെയാണ് വിലയിരുത്തൽ. റിയൽ എസ്റ്റേറ്റ് മുതൽ മീഡിയ ബിസനസ് വരെ വലിയ വ്യവസായ സാമ്രാജ്യത്തിനുടമയായ ട്രംപിന് ഇന്റർനെറ്റ് ബിസിനസിലും ശോഭിക്കാനാകുമെന്ന് സാമ്പത്തിക വിദഗ്ധരും സൂചിപ്പിച്ചിട്ടുണ്ട്. 2 മാസത്തിനകം പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം രംഗത്തിറങ്ങുമെന്നാണ് മില്ലർ നൽകുന്ന സൂചന. എന്നാൽ അക്രമം പ്രോൽസാഹിപ്പിച്ചു എന്ന പേരിൽ അക്കൗണ്ട് പോലും നിരോധിക്കപ്പെട്ട ട്രംപിന്  സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം തന്നെ തുറക്കാനുള്ള അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ യുഎസ് കോടതിയിൽ സ്റ്റേറ്റും ട്രംപും തമ്മിൽ വീണ്ടും കൊമ്പു കോർക്കാനിടയുണ്ട്. പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിഞ്ഞിട്ടും പുതിയ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ട്രംപിന്റെ പുതിയ ട്രംപിസത്തിനായി കാത്തിരിക്കുകയാണ് ലോകം.

 

English Summary: Donald Trump Said to Launch His Own Social Media Platform Following Facebook, Twitter Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com