ചെന്നിത്തലയ്ക്ക് വിയറ്റ്നാമിൽ നിന്നും പിന്തുണ? ആരുടേതാരുടേതാണീ വ്യാജ ലൈക്കുകൾ!
Mail This Article
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക് പോസ്റ്റുകളിൽ വിയറ്റ്നാമിൽ നിന്നുള്ള വ്യാജ പ്രൊഫൈലുകളുടെ ‘വിളയാട്ടം’. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ലൈക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന പരിഹാസവുമായി ഇടതുപക്ഷ പ്രവർത്തകർ രംഗത്തെത്തി. എന്നാൽ, ഇടതുപക്ഷമാണിതിനു പിന്നിലെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ മറുവാദം. ഇരട്ട വോട്ട് വിവാദം പുറത്തുകൊണ്ടുവന്ന ചെന്നിത്തലയെ അപകീർത്തിപ്പെടുത്താൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ആയിരക്കണക്കിന് ബോട്ട് (സോഫ്റ്റ്‌വെയർ റോബട്) അക്കൗണ്ടുകളാണ് ചെന്നിത്തലയുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നത്. യഥാർഥ സമൂഹമാധ്യമ അക്കൗണ്ടുകൾക്കു പകരം സോഫ്റ്റ്‌വെയർ സഹായത്തോടെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ആയിരക്കണക്കിന് അക്കൗണ്ടുകളെയാണ് ബോട്ട് ആർമിയെന്നു വിളിക്കുന്നത്.
ദേശീയതലത്തിൽ വ്യാപകമായ ‘ബോട്ട് ആർമി’ രീതി കേരളത്തിലുമെത്തിയതിന്റെ തെളിവാണ് സംസ്ഥാന സർക്കാർ ഒരു മാസം മുൻപ് ആരംഭിച്ച ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന തൊഴിൽ പ്ലാറ്റ്ഫോമിന്റെ ട്വിറ്റർ ഹാൻഡിലിൽ കണ്ടത്. പ്രൊഫൈൽ തുടങ്ങി 5 ദിവസത്തിനകം പിന്തുടർന്ന 321 പേരിൽ 95 ശതമാനവും ഇത്തരത്തിലുള്ള വ്യാജ ബോട്ട് അക്കൗണ്ടുകളായിരുന്നു. മുംബൈ ആസ്ഥാനമായ പിആർ കമ്പനിയാണ് ട്വിറ്റർ ഹാൻഡിൽ പ്രവർത്തിപ്പിച്ചിരുന്നത്. പിന്തുടരുന്നവരുടെ എണ്ണം പെരുപ്പിച്ചു കാട്ടാനായിരുന്നു ശ്രമം.
English Summary: Fake likes in Ramesh Chennithala facebook page