ട്വിസ്റ്റ്! സക്കർബർഗിന് സിഗ്നൽ ആപ്പിലും അക്കൗണ്ട്, ചോർന്നതിൽ ഫെയ്സ്ബുക് മേധാവിയുടെ ഡേറ്റയും
Mail This Article
ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് സിഗ്നൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. 53.3 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ പുറത്തായ ഡേറ്റയിൽ സക്കർബർഗിന്റെ ഫോൺ നമ്പറും ഉൾപ്പെട്ടിരുന്നു. കോൺടാക്റ്റ് നമ്പറിന് പുറമെ, പേര്, ലൊക്കേഷൻ, വിവാഹ വിശദാംശങ്ങൾ, ജനനത്തീയതി, ഫെയ്സ്ബുക് ഉപയോക്തൃ ഐഡി എന്നിവയുൾപ്പെടെയുള്ള ഡേറ്റയും ചോർന്നതായി റിപ്പോർട്ട് വന്നിരുന്നു. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് സക്കർബർഗ് ഏതെല്ലാം ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
പുറത്തായ ഫോൺ നമ്പർ ഉപയോഗിച്ച് സക്കർബർഗ് സിഗ്നൽ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം സുരക്ഷാ വിദഗ്ധനാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് സ്ക്രീൻഷോട്ട് സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാർക്ക് സക്കർബർഗും സ്വന്തം സ്വകാര്യതയെ മാനിക്കുന്നു എന്നാണ് ഇതേക്കുറിച്ച് ചിലർ പ്രതികരിച്ചത്. വാട്സാപ്പിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സിഗ്നലിലും ഉപയോഗിക്കുന്നതാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
എന്തായാലും ഡേറ്റ ചോരുമെന്ന ഭീതി കാരണം സക്കർബർഗ് വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ ഉപയോഗിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്നും ട്വീറ്റുകൾ കാണാം. സുരക്ഷാ വിദഗ്ധൻ ഡേവ് വാക്കർ ആണ് സക്കർബർഗിന്റെ പുറത്തായ ഫോൺ നമ്പറിന്റെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ട്വീറ്റ് ചെയ്തത്. സക്കർബർഗ് സിഗ്നലിലും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ.
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ പ്രതിഷേധിച്ച് നിരവധി ഉപയോക്താക്കൾ സിഗ്നൽ പോലുള്ള സുരക്ഷിതമായ ബദലുകളിലേക്ക് നീങ്ങുന്ന സമയത്താണ് ഈ വാർത്ത വരുന്നതെന്നതും ശ്രദ്ധേയമാണ്. വാട്സാപ്പിന്റെ വിവാദപരമായ പുതിയ സേവന നിബന്ധനകൾ മെയ് മുതൽ പ്രാബല്യത്തിൽ വരും.
∙ ചോർന്നത് 106 രാജ്യങ്ങളിലെ 53 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ
ഇന്ത്യ ഉൾപ്പടെയുള്ള 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോർന്നു. പുറത്തായ ഡേറ്റ ഹാക്കർമാർ ഓൺലൈൻ ഫോറങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡേറ്റ സൗജന്യമായി തന്നെ ലഭ്യമാണ്. ചോർന്ന ഡേറ്റയിൽ ഫോൺ നമ്പറുകൾ, ഫെയ്സ്ബുക് ഐഡികൾ, മുഴുവൻ പേരുകൾ, ലൊക്കേഷനുകൾ, ജനനത്തീയതികൾ, ചില ഉപയോക്താക്കളുടെ ഇമെയിൽ ഐഡികൾ എന്നിവ ഉൾപ്പെടുന്നു.
യുഎസിലെ 3.2 കോടിയിലധികം അക്കൗണ്ടുകളും യുകെയിലെ 1.1 കോടിയും ഇന്ത്യയിലെ 60 ലക്ഷം പേരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ചോർന്നിരിക്കുന്ന ഡേറ്റ പഴയതാണെന്നും ഈ പ്രശ്നം 2019 ൽ തന്നെ പരിഹരിച്ചതാണെന്നും ഫെയ്സ്ബുക് വക്താവ് പറഞ്ഞു.
ചോർന്ന ഡേറ്റയ്ക്ക് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും സൈബർ കുറ്റവാളികൾക്ക് ഇത് വിലപ്പെട്ട വിവരങ്ങൾ തന്നെയാണെന്ന് സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്റെ സിടിഒ അലോൺ ഗാൽ പറഞ്ഞു. ഇത്തരം ഡേറ്റകൾ കൈവശമുള്ള ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സൈബർ ആക്രമണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
English Summary: Leaked phone number of Mark Zuckerberg reveals he is on Signal