ADVERTISEMENT

കുട്ടികളെ എത്രമാത്രം ഇന്റര്‍നെറ്റും സ്മാര്‍ട് ഉപകരണങ്ങളുമായി അടുപ്പിക്കണമെന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയൊന്നുമില്ല. കാരണം ഇന്നത്തെ മിക്ക മാതാപിതാക്കളും അത്തരം സാഹചര്യത്തിലൂടെ വളര്‍ന്നവരല്ല എന്നതു തന്നെ. കൂട്ടികളും ഇന്റര്‍നെറ്റുമായുളള ബന്ധത്തെക്കുറിച്ചും, അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയരാറുണ്ട്. മിക്ക കുട്ടികളും രാപകലില്ലാതെ സ്മാർട് ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നവരാണ്. ഉറങ്ങും വരെ ചാറ്റും വിഡിയോ കോളും വിഡിയോ കാണലും മിക്ക കുട്ടികളുടെയും പതിവ് ജിവീത രീതിയായി മാറിയിരിക്കുന്നു. സമയമോ, സാഹചര്യങ്ങളോ നോക്കാതെ അജ്ഞാതരുമായി ഓൺലൈന്‍ വഴി ചാറ്റിങ്, വിഡിയോ കോൾ, മറ്റു ഇടപാടുകൾ നടത്തുന്നവരിൽ വലിയൊരു വിഭാഗം പ്രായപൂർത്തിയാകാത്ത കുട്ടികൾ തന്നെയാണ്. ഡേറ്റിങും, സെക്സ്റ്റിങ്ങുമെല്ലാം കുട്ടികൾക്കിടയിൽ വൻ ഭീഷണിയായിട്ടുണ്ട്. കുട്ടികൾ സോഷ്യൽമീഡിയ വഴി തെറ്റാൻ നിരവധി വഴികളുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് ആഴ്‌ചയിൽ വേണ്ടത്ര നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി മുഴുവൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് വേണ്ടത്ര ഉറങ്ങാൻ സമയം ലഭിക്കുന്നില്ലെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്ത പഠനം വെളിപ്പെടുത്തുന്നു.

10 മുതൽ 11 വയസ് വരെയുള്ള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും സോഷ്യൽ മീഡിയകളില്‍ സ്വന്തമായി അക്കൗണ്ടുണ്ട്, പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവരിൽ 89 ശതമാനം പേർക്കും സ്വന്തമായി സ്‌മാർട് ഫോൺ ഉണ്ടായിരുന്നു. 55.4 ശതമാനം പേർ ടാബ്‌ലെറ്റ് ഉപയോഗിക്കുന്നതായും 23.2 ശതമാനം പേർ കംപ്യൂട്ടർ ഉപയോഗിക്കുന്നതായും ഒൻപത് ശതമാനം പേർ സ്മാർട് വാച്ച് ഉപയോഗിച്ചതായും പറഞ്ഞു.

കൗമാരപ്രായത്തിൽ എത്താത്ത കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ മിക്കവരും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാപ്ചാറ്റ് ആപ്പുകൾ ഉപയോഗിക്കുന്നു. എട്ട് കുട്ടികളിൽ ഒരാൾ രാത്രി ഉറങ്ങേണ്ട സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

69 ശതമാനം കുട്ടികളും ദിവസവും നാല് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. 66.1 ശതമാനം പേർ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ 12.5 ശതമാനം പേർ അർദ്ധരാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഫോൺ ഉപയോഗിക്കുമെന്ന് പറഞ്ഞു.

89 ശതമാനം കുട്ടികളും ഉപയോഗിച്ചിരുന്നത് ടിക് ടോക്കായിരുന്നു. 83.9 ശതമാനം പേർ സ്‌നാപ്ചാറ്റും 87.5 ശതമാനം പേർ യൂട്യൂബും 57 ശതമാനം കുട്ടികൾ ഇൻസ്റ്റാഗ്രാമിലും 17 ശതമാനം പേർ ഓൺലൈൻ ഫോറമായ റെഡ്ഡിറ്റും ഉപയോഗിക്കുന്നു. കുട്ടികളിൽ രണ്ട് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ അഡിക്ഷൻ കാരണം സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരു രാത്രി മുഴുവൻ ഉറക്കം നഷ്ടപ്പെടുന്നുണ്ട്.

മാതാപിതാക്കള്‍ക്കു പകരം മക്കളെ നോക്കാനിരുത്തുന്നയാളുടെ (babysitter) റോള്‍ ഇന്റര്‍നെറ്റിനു നല്‍കുന്ന രീതി ഇന്ന് വ്യാപകമാകുകയാണ്. സാങ്കേതികവിദ്യയെക്കുറിച്ച് കാര്യമായ അവബോധമില്ലാത്ത മാതാപിതാക്കളാണ് ഇതു ചെയ്യുന്നത്. ഇത്തരം രീതികള്‍ ഇല്ലാതാക്കണമെന്നാണ് മിക്ക വിദഗ്ധരും പറയുന്നത്.

കംപ്യൂട്ടറുകളും, ഫോണുകളും, ഐപാഡുകളും സ്വന്തം മുറികളില്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കാരണം ഇന്റര്‍നെറ്റ് അപകടകാരിയാണ്. ചെറിയ കുട്ടികളെ സ്വന്തമായി ഇന്റര്‍നെറ്റില്‍ മേയാന്‍ വിടരുത്. മിക്കവാറും അച്ഛനമ്മമാര്‍ക്ക് ടെക്‌നോളജിയെക്കുറിച്ച് വേണ്ടത്ര അവബോധമില്ല എന്നത് വസ്തുതയാണ്. കുട്ടികളുടെ 'ശല്യമൊഴിവാക്കാന്‍' അവര്‍ക്ക് കംപ്യൂട്ടറോ, ഐപാഡോ, ഫോണോ ഓണ്‍ ചെയ്തു നല്‍കുന്ന രീതി കൂടുതല്‍ മാതാപിതാക്കള്‍ അനുവര്‍ത്തിച്ചുവരുന്നു. ഇതു തെറ്റാണ്. കുട്ടികള്‍ ഒരു ദിവസം എത്ര സമയം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവിടണം എന്നതിനെപ്പറ്റി ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളുടെ അഭിപ്രായാമാരായാനാണ് മിക്ക രാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്.

English Summary: School Kids Are Missing A Whole Night’s Sleep A Week Due To Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com