വാട്‌സാപ് പണിമുടക്കിയാൽ ലോകം എന്തുകൊണ്ട് ഭയക്കുന്നു?
Mail This Article
ഇക്കഴിഞ്ഞ ഒക്ടോബർ 25ന്, സമൂഹമാധ്യമമായ വാട്സാപ്പിന്റെ പ്രവർത്തനം ലോകത്ത് പലയിടത്തും രണ്ട മണിക്കൂറിലേറെ നിലച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നു ശേഷമാണ് വാട്സാപ് വഴി മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടായത്. സ്റ്റേറ്റസ് ഷെയർ ചെയ്യാനോ പ്രൊഫൈൽ വിവരങ്ങൾ പുതുക്കാനോ പ്രൈവസി സെറ്റിങ്സിൽ മാറ്റങ്ങൾ വരുത്താനോ ഒന്നും അപ്പോൾ സാധിച്ചിരുന്നില്ല. പലർക്കും വാട്സാപ് വഴി പണമിടപാട് നടത്താനോ ലൊക്കേഷൻ ഷെയർ ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്തിനേറെ, ഉദ്ദേശിക്കാത്ത വ്യക്തിക്കോ, ഗ്രൂപ്പിലേക്കോ മെസേജുകളും ചിത്രങ്ങളും തെറ്റി അയച്ചവരും അവ ഉടനെ ഡിലീറ്റ് ചെയ്യാനാകാതെ കുടുങ്ങി! വാട്സാപ്പിന്റെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും സർവീസ് പെർഫോമൻസ് ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ് സർവീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ഒരു ലക്ഷത്തോളം പേരാണ് വാട്സാപ് പ്രവർത്തനം മുടങ്ങിയ ഉടനെ കമ്പനിയെ പരാതി അറിയിച്ചത്. 69% പേർ മെസേജ് അയയ്ക്കുന്നതിന് ബുദ്ധിമുട്ടിയപ്പോൾ, 24% പേർക്ക് വാട്സാപ് സെർവർ കണക്‌ഷനിലും 7% പേർക്ക് ആപ്പിന്റെ മൊത്തം പ്രവർത്തനത്തിലും പ്രശ്നങ്ങൾ നേരിട്ടു. അരമണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെടാഞ്ഞതോടെ #whatsappdown ട്വിറ്ററിലെ ട്രെൻഡിങ് ഹാഷ്ടാഗുകളിലൊന്നായും മാറി. ഇതിപ്പോൾ ആദ്യമായല്ല വാട്‌സാപ്പിന് ഇത്തരമൊരു പ്രശ്നം. എന്താണ് ഇടയ്ക്കിടെ വാട്സാപ്പിനു സംഭവിക്കുന്നത്? അതിനെ ആശങ്കയോടെ കാണേണ്ടതുണ്ടോ? ലോകമൊട്ടാകെ 200 കോടി സജീവ വാട്സാപ് ഉപയോക്താക്കളുണ്ട്. അതിൽ 50 കോടി പേരും ഇന്ത്യയിലാണ്. സ്വാഭാവികമായും വാട്‌സാപ്പൊന്നു ‘വീണാല്‍’ ഇന്ത്യയ്ക്കും ആശങ്കയാകും. അതിനാലാണ്, എന്താണു വാട്സാപ്പിനു സംഭവിച്ചതെന്നതിന് വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം തന്നെ കമ്പനിയോട് ആവശ്യപ്പെട്ടത്.