ചാറ്റ്‌ബോട്ടുകൾക്ക് പിന്നാലെ ടെക് കമ്പനികൾ, എഐ ഉപയോഗിക്കാൻ സ്‌നാപ്ചാറ്റും
Mail This Article
ലോകം ഒന്നടങ്കം ചാറ്റ്ജിപിടി പോലെയുള്ള എഐ ചാറ്റ്‌ബോട്ടുകൾക്ക് പിന്നാലെയാണ്. പുതിയ അംഗങ്ങളെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിർത്താനുമായി സമൂഹ മാധ്യമങ്ങളും മെസേജിങ് ആപ്പുകളുമെല്ലാം പുതിയ ടെക്നോളജി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഓരോ കമ്പനിയും എഐ സേവനം എത്രയും വേഗം ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ പിന്തള്ളപ്പെടുമോ എന്ന ഭീതിയിലാണ്.
∙ എഐ ഉപയോഗിക്കാൻ സ്‌നാപ്ചാറ്റും
പ്രമുഖ ആപ്പായ സ്‌നാപ്ചാറ്റും മൈ എഐ എന്ന പേരില്‍ ചാറ്റ്ജിപിടിയെ തങ്ങളുടെ ആപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഒരുങ്ങുകയാണെന്ന് കമ്പനി മേധാവി ഇവാന്‍ സ്പീഗെല്‍ ദി വേര്‍ജിനോട് വെളിപ്പെടുത്തി. പക്ഷേ, ഇത് സ്‌നാപ്ചാറ്റ് പ്ലസ് ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ലഭ്യമാക്കുക. ഇന്ത്യയില്‍ സ്‌നാപ്ചാറ്റ് പ്ലസിന് പ്രതിമാസം 49 രൂപയാണ് വരിസംഖ്യ.
മൈ എഐ (My AI) എന്ന് പേരിൽ അവതരിപ്പിച്ച ചാറ്റ്ബോട്ട് ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയുടെ പിന്തുണയോടെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൂട്ടുകാർക്ക് എന്ത് സമ്മാനം കൊടുക്കാം, എന്ത് മെസേജ് അയയ്ക്കാം, തുടങ്ങി കാര്യങ്ങൾ ചോദിക്കാനും മറ്റു കാര്യങ്ങൾ ആസൂത്രണം ചെയ്യാനും മൈ എഐ ചാറ്റ്‌ബോട്ടിന്റെ സഹായം തേടാം പ്രയോജനപ്പെടുത്താം. എന്നാൽ മൈ എഐയ്ക്ക് തെറ്റുസംഭവിക്കാമെന്നും സ്നാപ്ചാറ്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
∙ എഐ വികസിപ്പിക്കാന്‍ പുതിയ ടീമുമായി മെറ്റാ
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസിപ്പിക്കലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായി ഉന്നത തല ടീം സൃഷ്ടിക്കുകയാണ് മെറ്റാ. കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ എഐ ടീം മെറ്റാ രൂപീകരിക്കുന്നതെന്നാണ് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. പുതിയ പ്രൊഡക്ട് ടീമിന്റെ മേധാവി അഹ്‌മദ് അല്‍-ഡാഹ്‌ലി (Ahmad Al-Dahle) ആയിരിക്കും.
∙ എഐ ഭ്രമത്തിലേക്ക് സൂമും
തങ്ങളുടെ ഉൽപന്നങ്ങളിലും സേവനങ്ങളിലും കൂടുതല്‍ എഐ ഉള്‍ക്കൊള്ളിക്കുമെന്ന് സൂം കമ്യൂണിക്കേഷന്‍സ് വെളിപ്പെടുത്തി.
English Summary: Snapchat releases ‘My AI’ chatbot powered by ChatGPT